Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആന്‍റണിയും ഡോ. ദയയും...

ആന്‍റണിയും ഡോ. ദയയും തൊടുത്തുവിട്ടത്​ ആയുധമാക്കി അവസാന ലാപ്പിലെ പടയോട്ടം

text_fields
bookmark_border
​കൊച്ചി: പ്രതിയോഗിയുടെ പ്രചാരണ തന്ത്രവും വീഴ്ചകളും ആയുധമാക്കി അവസാന നാളുകളിൽ തൃക്കാക്കരയിൽ മുന്നണികളുടെ പടയോട്ടം. മുതിർന്ന കോൺഗ്രസ്​ നേതാവ്​ എ.കെ. ആന്‍റണിയും ഇടത്​ സ്ഥാനാർഥി ജോ ജോസഫിന്‍റെ ഭാര്യ ഡോ. ദയ പാസ്​കലും തൊടുത്തുവിട്ട വിഷയങ്ങളിലൂ​ന്നിയാണ്​​ ഇപ്പോൾ തൃക്കാക്കരയിലെ പ്രചാരണം മുന്നേറുന്നത്​. മഴക്കെടുതിയും വിലക്കയറ്റവുമുൾപ്പെടെ നേരിടുന്ന കേരള ജനത ദുരിതം അനുഭവിക്കുമ്പോൾ മുഖ്യമന്ത്രിയടക്കം ഭരണകൂടം മുഴുവൻ തൃക്കാക്കരയിൽ തമ്പടിച്ചതിനെ വിമർശിച്ച ആന്‍റണിയുടെ പ്രസ്താവനയാണ്​ യു.ഡി.എഫിന്​ പ്രധാന പ്രചാരണ ആയുധം​​. '99 സീറ്റ്​ പോരെ, എന്തിനാണ്​ ജനത്തെ ദുരിതത്തിലാക്കി സെഞ്ച്വറി തികക്കാൻ ഭരണകൂടം തൃക്കാക്കരയിൽ തമ്പടിക്കുന്നത്​' ആന്‍റണിയുടെ ചോദ്യം​ വോട്ടർമാരിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ലെന്നാണ്​ യു.ഡി.എഫ്​ വിലയിരുത്തൽ. തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്‍റെ പല ഘട്ടങ്ങളിലും ഈ വിഷയം മറ്റു പല നേതാക്കളും സൂചിപ്പിച്ചെങ്കിലും തിരിച്ചടി ഭയന്ന്​ പ്രധാന വിഷയമാക്കിയിരുന്നില്ല. പകരം ഇടത്​ നേതാക്കളുടെ ജാതി- മതം തിരിച്ചുള്ള ഭവന സന്ദർശനങ്ങളെ വിമർശിക്കുന്നതിലൊതുക്കി. വിവിധ മതസ്ഥർ ഇടകലർന്ന്​​ ജീവിക്കുന്ന ഇവിടെ ഇത്​ സാധ്യമല്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതവും പരാജയഭീതി മൂലവുമാണെന്നും​​ എൽ.ഡി.എഫ്​ തിരിച്ചടിച്ചു. എന്നാൽ, ഒരുപടി കൂടി കടന്ന്​ നേതാക്കൾ അനാവശ്യമായി മണ്ഡലത്തിൽ തങ്ങുന്നതിനെ ജനകീയ ​പ്രശ്നങ്ങൾക്കാപ്പം കൂട്ടിക്കെട്ടിയുള്ള ആന്‍റണിയുടെ വിമർശനം കുറച്ചുകൂടി മൂർച്ചയുള്ളതായി. ആന്‍റണിയുടെ പ്രസ്താവനയുടെ 'പഞ്ച്​' തിരിച്ചറിഞ്ഞാണ്​ ഇപ്പോൾ യു.ഡി.എഫ്​ പ്രചാരണം. ആരോപണത്തെ ശക്തമായി നേരിടാൻ ഇടത്​ മുന്നണിക്ക്​ കഴിഞ്ഞിട്ടുമില്ല. പി.ടിയുടെ ഭാര്യ ഉമ സ്ഥാനാർഥിയായതോടെ സഹതാപ തരംഗത്തെ തടയിടാൻ പര്യാപ്തമായ ആയുധങ്ങളൊന്നും എൽ.ഡി.എഫ്​ പക്കലുണ്ടായിരുന്നുമില്ല. ഉപതെരഞ്ഞെടുപ്പിനെ സുവർണാവസരമെന്ന്​ വിശേഷിപ്പിച്ച മുഖ്യമന്ത്രിയുടെ വിവാദ പ്രസംഗം എൽ.ഡി.എഫിനെ​ കൂടുതൽ പ്രതിരോധത്തിലാക്കി. സ്​ത്രീ വോട്ടർമാരിൽ നല്ല പങ്ക്​ ഉമക്ക്​ വോട്ട്​ ചെയ്യാനുള്ള സാധ്യതയും എൽ.ഡി.എഫ്​ മുന്നിൽ കണ്ടിരുന്നു. ഇതിനിടെയാണ്​ ഇടത്​ സ്ഥാനാർഥിയുടേതെന്ന പേരിൽ അശ്ലീല വിഡിയോ പ്രചരിച്ചത്​. ഇതിന്​ പിന്നിൽ യു.ഡി.എഫാ​​ണെന്ന്​​ പ്രചരിച്ചതോടെ യു.ഡി.എഫിന്​ അൽപം പ്രതിരോധത്തിലേക്ക്​ പോകേണ്ടി വന്നു. ഇതിന്​ പിന്നാലെ ഭർത്താവിനെതിരെ വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്​ ഡോ. ദയ പാസ്​കൽ മാധ്യമങ്ങൾക്ക്​ മുന്നിൽ വൈകാരിക പ്രസ്താവനയുമായെത്തി. തെരഞ്ഞെടുപ്പ്​ 31ന്​ കഴിയുമെന്നും തനിക്കും കുട്ടികളടക്കം കുടുംബത്തിനും മാന്യമായി ജീവിക്കാനുള്ള അവസരം ഇല്ലാതാക്കരുതെന്നുമുള്ള അവരുടെ പ്രസ്താവന ഏറെ ശ്രദ്ധേയമായി. സ്ത്രീ വോട്ടർമാരിൽ സ്വാധീനമുണ്ടാക്കാൻ പര്യാപ്തമാണ്​ ഈ പ്രസ്താവന എന്ന്​ വന്നതോടെ ഉമക്ക്​ അനുകൂലമായേക്കാവുന്ന സ്ത്രീ സഹതാപ വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ എൽ.ഡി.എഫിന്​ ലഭിച്ച ഏറ്റവും നല്ല ആയുധമായി ഇത്​ മാറി. യു.ഡി.എഫിന്‍റെ വ്യാജ പ്രചാരണത്തിന്‍റെ ഇരയായി ദയയെ അവതരിപ്പിച്ച്​ എൽ.ഡി.എഫ്​ പ്രചാരണം മുറുക്കുകയും ചെയ്തു. പി.എ. സുബൈർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story