Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2022 12:13 AM GMT Updated On
date_range 7 Jun 2022 12:13 AM GMTകേസുകൾ നേരിടുന്ന കമ്പനികൾക്ക് കരാർ: പൊലീസ് മേധാവിയുടെ റിപ്പോർട്ടിലെ നടപടി തേടി ഹൈകോടതി
text_fieldsbookmark_border
കൊച്ചി: ഒട്ടേറെ കേസുകൾ നേരിടുന്ന നിർമാണ കമ്പനികൾക്ക് ആലപ്പുഴയിലെ 114 പുലിമുട്ടുകളുടെ നിർമാണത്തിന് കരാർ നൽകിയത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി സർക്കാറിന് നൽകിയ റിപ്പോർട്ടിൽ എന്ത് നടപടി സ്വീകരിച്ചെന്ന് ഹൈകോടതി. കരാർ നൽകിയതിൽ വിജിലൻസ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂർ സ്വദേശി ജാഫർഖാൻ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് കെ. ബാബുവിന്‍റെ നിർദേശം. ഹരജി വീണ്ടും പരിഗണിക്കുന്ന ജൂൺ 23ന് മുമ്പ് വിശദീകരണം നൽകാനാണ് നിർദേശം. ആറാട്ടുപുഴ, അമ്പലപ്പുഴ സൗത്ത്, പതിയാങ്കര, കാട്ടൂർ, വട്ടച്ചാൽ എന്നിവിടങ്ങളിലായി കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ (കെ.ഐ.ഐ.ഡി.സി) നിർമിക്കുന്ന പുലിമുട്ടുകളുടെ കരാർ രാമലിംഗം കൺസ്ട്രക്‌ഷൻ കമ്പനിയുടെയും ബംഗളൂരുവിലെ ധർത്തി ഡ്രഡ്‌ജിങ് ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡ് എന്ന കമ്പനിയുടെയും സംയുക്ത സംരംഭത്തിനാണ് നൽകിയത്. 2016ൽ പഴയ കറൻസി മാറാൻ ഇടനിലക്കാരനായി നിന്ന കുറ്റത്തിന് രാമലിംഗം കൺസ്ട്രക്ഷൻ കമ്പനിയുടമയെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നെന്ന് ഹരജയിൽ പറയുന്നു. തമിഴ്‌നാട്ടിലെ ദേശീയപാത നിർമാണ കരാർ ഇവർക്ക് നൽകിയതിൽ സി.ബി.ഐ അന്വേഷണം നടക്കുകയാണ്. ദേശീയ ഉൾനാടൻ ജലഗതാഗത അതോറിറ്റിയുടെ ജോലിയുമായി ബന്ധപ്പെട്ട് വ്യാജ ബാങ്ക് ഗാരന്റി ഹാജരാക്കിയതിനെ തുടർന്ന് ധർത്തി ഡ്രഡ്‌ജിങ് ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡിനെ ഡീബാർ ചെയ്തിരുന്നെന്നും ഹരജിയിൽ ആരോപിക്കുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വിജിലൻസിനും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ഹരജിയിലെ പരാതി. എന്നാൽ, സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ആലപ്പുഴ ജില്ല പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയെന്നും അമ്പലപ്പുഴ ഡിവൈ.എസ്.പി അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നെന്നും പൊലീസ് ഹെഡ്‌ക്വാട്ടേഴ്‌സ് അസി. ഇൻസ്‌പെക്‌ടർ ജനറൽ വിശദീകരണ പത്രികയിൽ അറിയിച്ചു. കരാർ വിവരങ്ങൾ തേടി രാമലിംഗം കൺസ്ട്രക്ഷൻ കമ്പനിയെ സമീപിച്ചെങ്കിലും കെ.ഐ.ഐ.ഡി.സിയുടെ അനുമതിയില്ലാതെ നൽകാനാവില്ലെന്നാണ് മറുപടി നൽകിയത്. ഈ സാഹചര്യത്തിൽ വിജിലൻസ് അന്വേഷണമാണ് ഉചിതമെന്നും റിപ്പോർട്ടിൽ പറയുന്നു. സർക്കാറാണ് വിജിലൻസ് അന്വേഷണത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും ഉചിതമായ നടപടിക്ക് റിപ്പോർട്ട് ഉൾപ്പെടെ സർക്കാറിന് കൈമാറിയെന്നും അസി. ഐ.ജിയുടെ വിശദീകരണത്തിൽ പറയുന്നു. ഈ റിപ്പോർട്ടിൻമേലുള്ള നടപടി സംബന്ധിച്ച വിശദീകരണമാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story