Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 7:28 PM GMT Updated On
date_range 5 Aug 2022 7:28 PM GMTവ്യാജ കവര്‍ച്ചക്കേസ് പൊളിച്ചടുക്കി പൊലീസ്
text_fieldsbookmark_border
മാരാരിക്കുളം: കടം വാങ്ങിയ ഒന്നര ലക്ഷം തിരികെ നല്കാതിരിക്കാന് ലോറി ഡ്രൈവര്‍ ഉണ്ടാക്കിയ വ്യാജ കവര്‍ച്ചക്കേസ് പൊലീസ് പൊളിച്ചടുക്കി. മാരാരിക്കുളം പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം. ദേശീയപാതയോരത്ത് കണിച്ചുകുളങ്ങരയില്‍ ലോറി ഡ്രൈവറെ അടിച്ച് അബോധാവസ്ഥയിലാക്കി ഒന്നര ലക്ഷം രൂപ രണ്ട് യുവാക്കള്‍ കവര്‍ന്നെന്ന പരാതിയാണ് വ്യാഴാഴ്ച പുലർച്ച 3.30ഓടെ മാരാരിക്കുളം പൊലീസിന് ലഭിച്ചത്. പൊലീസ് സംഘം കണിച്ചുകുളങ്ങരയില്‍ എത്തി ലോറി ഡ്രൈവര്‍ കൊല്ലം മങ്കട സ്വദേശി ആസിഫ് മുഹമ്മദിനെ (47) ആശുപത്രിയിലാക്കി. പ്രതികള്‍ക്കായി തിരച്ചില്‍ തുടങ്ങി. ചികിത്സ കഴിഞ്ഞ് പൊലീസ് സ്റ്റേഷനില്‍ എത്തിയ ആസിഫില്നിന്ന് മൊഴി എടുക്കുന്നതിനിടെ തോന്നിയ പൊരുത്തക്കേടുകളാണ് സംശയത്തിനിടയാക്കിയത്. ആസിഫിന്റെ ബന്ധു എറണാകുളം സ്വദേശി ഷാജി നല്കിയ ഒന്നര ലക്ഷം രൂപയാണ് നഷ്ടപ്പെട്ടതെന്നാണ് മൊഴി നല്‍കിയത്. ബുധനാഴ്ച ആലുവയില്‍വെച്ചാണ് പണം കൈമാറിയതെന്നാണ് ആസിഫ് പറഞ്ഞത്. പൊലീസ് ഷാജിയെ ബന്ധപ്പെട്ടപ്പോള്‍ പണം നല്‍കിയെന്ന വിവരം അറിയിച്ചു. എന്നാല്‍, നെട്ടൂരില്‍ വെച്ചാണ് പണം കൈമാറിയതെന്നാണ് ഷാജി പറഞ്ഞത്. തുടര്‍ന്ന്, പൊലീസ് ഇരുവരുടെയും ഫോണ്‍വിളികള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ആസിഫ് മുഹമ്മദ് നാട്ടിലെ സുഹൃത്തില്‍നിന്ന് ഒന്നര ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പണം വ്യാഴാഴ്ച മടക്കി നല്‍കാമെന്നാണ് ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍, മടക്കി നല്കാന് പണം കിട്ടാതെ വന്നപ്പോള്‍ ആസിഫ് കള്ളക്കഥ മെനയുകയായിരുന്നു. മാരാരിക്കുളം പ്രിന്‍സിപ്പൽ എസ്.ഐ സിസില്‍ ക്രിസ്റ്റ്യന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജഗദീഷ്, കവിരാജ്, ഹോംഗാര്‍ഡ് ബാബു എന്നിവര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 12 മണിക്കൂറിനുള്ളില്‍ നിജസ്ഥിതി കണ്ടെത്തുകയായിരുന്നു. ആസിഫിനെയും ബന്ധു ഷാജിയേയും താക്കീത് നല്കി വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story