ട്രാൻസ്ജെൻഡറിനു നേരെ അക്രമം; ഒരാൾ അറസ്റ്റിൽ
text_fieldsകൊച്ചി: ലോക്ഡൗൺ മാറിയതിനു പിന്നാെല റോഡരികിൽ ബിരിയാണി കച്ചവടത്തിനിറങ്ങി അതിജീവന വഴിയിൽ നടന്ന ട്രാൻസ് യുവതി സജ്ന ഷാജിയുടെ കഥ ഓർക്കുന്നില്ലേ? കഴിഞ്ഞ ദിവസങ്ങൾ അവർക്ക് വേദനയുടെയും കണ്ണീരിെൻറയുമായിരുന്നു. എറണാകുളം തൃപ്പൂണിത്തുറക്കടുത്ത് ഇരുമ്പനത്തെ വഴിയോരത്ത് മാന്യമായി ബിരിയാണിയും ഊണും വിറ്റുകൊണ്ടിരുന്ന സജ്നയുടെയും സുഹൃത്തുക്കളുടെയും നേെര ചില വ്യക്തികൾ ഉപദ്രവവും ശല്യവുമായി വന്നതോടെയാണ് ദുരിതം തുടങ്ങിയത്. വീട്ടിലുണ്ടാക്കി പൊതിഞ്ഞുകൊണ്ടുവന്ന ബിരിയാണികൾ കാറിലിട്ട് വിതരണം ചെയ്യുന്നതിനിടെ ചിലർ ഇവരുടെ തൊട്ടരികിൽ തന്നെ ബിരിയാണി കച്ചവടത്തിനെത്തുകയായിരുന്നു. കൂടാതെ, സജ്നയുടെ ബിരിയാണി വാങ്ങാനെത്തുന്നവരോട് അവരുടെ ബിരിയാണിയിൽ പുഴുവുണ്ടെന്നാക്ഷേപിക്കുകയും 'ആണും പെണ്ണും കെട്ടവരാണെ'ന്നുൾപ്പടെ പറഞ്ഞ് അപമാനിക്കുകയും ചെയ്തു. തുടർന്ന് സജ്നയുടെ കച്ചവടം പേരിനു പോലും നടന്നിരുന്നില്ല. പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും അവരും കൈവിട്ടു. ഇതോടെ ഫേസ്ബുക്ക് ലൈവിലൂടെ തൻറെ സങ്കടക്കെട്ട് കണ്ണീരോടെ തുറന്നുവിടുകയായിരുന്നു സജ്ന. തിങ്കളാഴ്ച രാത്രിയിട്ട ലൈവ് വിഡിയോക്കു പിന്നാലെ സമൂഹ മാധ്യമ ലോകം ഇവരുടെ പ്രശ്നം ഏറ്റെടുത്തു. സിനിമ താരങ്ങളും സാമൂഹ്യ പ്രവർത്തകരും ട്രാൻസ് ആക്ടിവിസ്റ്റുകളുമുൾപ്പടെ നൂറുകണക്കിനാളുകൾ സജ്നക്കൊപ്പം നിൽക്കുകയും സംഭവം വാർത്തയാവുകയും ചെയ്തു. ഇതേ തുടർന്ന് ആരോഗ്യ, സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി കെ.കെ ശൈലജ വിഷയത്തിലിടപെട്ടു.
സജ്നയെ ഫോണിൽ വിളിച്ച് ആവശ്യമായ സഹായവും സുരക്ഷയും നല്‍കുമെന്ന് ഉറപ്പ് നല്‍കിയതായി മന്ത്രി വ്യക്തമാക്കി. അക്രമിക്കൾക്കെതിരെ നടപടിയെടുക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ സജനയ്ക്ക് അടിയന്തിര സാമ്പത്തിക സഹായം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, ഡയറക്ടര്‍ ഷീബ ജോര്‍ജ്, സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവരും വിഷയത്തിലിടപ്പെട്ടതായി മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ ഇതിനു പിന്നാലെയും കച്ചവട സ്ഥലത്ത് ചില ഉദ്യോഗസ്ഥർ വന്ന് തടയുന്ന രംഗങ്ങളുമായി സജ്ന ലൈവിലെത്തിയിരുന്നു. തുടർന്ന് മന്ത്രി ജില്ല കലക്ടറെയും തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സണെയും വിളിച്ച് വേണ്ട നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മന്ത്രിക്കും വിഷയത്തിലിടപെട്ടവർക്കുെമല്ലാം നന്ദി പറയുന്നുവെന്നും ആശ്വാസം തോന്നുന്നതായും സജ്ന പറഞ്ഞു.
യുവജനകമ്മീഷൻ കേസെടുത്തു
കൊച്ചി: വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്ന ട്രാൻസ്‌ജെൻഡർ വ്യക്തിയായ സജ്നയ്ക്ക് നേരെ സാമൂഹ്യവിരുദ്ധർ നടത്തിയ ആക്രമണത്തിൽ യുവജനകമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇവർക്ക് ആവശ്യമായ സഹായവും സുരക്ഷയും ഉറപ്പാക്കാൻ ജില്ല പോലീസ് മേധാവിക്ക് യുവജന കമ്മീഷൻ നിർദേശം നൽകി. ട്രാൻസ്‌ജെൻഡർ വിഭാഗം ഉൾപെടെയുള്ള ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ പുരോഗമന ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല എന്ന് കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം ചൂണ്ടിക്കാട്ടി. സംഭവത്തിൽ കുറ്റക്കാർക്കെതിരെ മാതൃകാപരമായി ശിക്ഷ ഉറപ്പാക്കാനും ഇവർക്ക് തൊഴിലെടുത്ത് ജീവിക്കാനുളള എല്ലാ സാഹചര്യവും ഒരുക്കികൊടുക്കാനും വേണ്ട ഇടപെടൽ നടത്തുമെന്നും ചിന്ത കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.