Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2021 12:05 AM GMT Updated On
date_range 26 Nov 2021 12:05 AM GMTയുവതിയുടെ ആത്മഹത്യ: എസ്.പി ഓഫിസ് മാർച്ചിൽ സംഘർഷം; പൊലീസുകാർക്ക് ഉൾപ്പെടെ പരിക്ക്
text_fieldsbookmark_border
-സമരക്കാർക്കുനേരെ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു ആലുവ: നിയമവിദ്യാർഥിനി തൂങ്ങിമരിച്ച സംഭവത്തിൽ സി.ഐയെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ല കോൺഗ്രസ് കമ്മിറ്റി റൂറൽ ജില്ല പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ നേതാക്കളടക്കം പ്രവർത്തകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്ക്. സമരക്കാർക്കുനേരെ പൊലീസ് രണ്ടുവട്ടം ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. ടൗൺഹാൾ പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് മുനിസിപ്പൽ ഗ്രൗണ്ടിന് സമീപം പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞതോടെയാണ് സംഘർഷങ്ങളുടെ തുടക്കം. പ്രവർത്തകർ ഇത് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. ഹൈബി ഈഡൻ എം.പി, ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് എന്നിവർ ഉൾപ്പെടെ നിരവധിപേർ ജലപീരങ്കിയേറ്റിട്ടും പിന്മാറിയില്ല. പിന്നീട് നേതാക്കൾക്ക് പ്രവർത്തകർ വലയം തീർത്തു. 15 മിനിറ്റിലേറെ നീണ്ട ജലപീരങ്കിക്കുശേഷം നടന്ന യോഗം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.ജെ. ജോമി സംസാരിച്ചു. ഉദ്ഘാടനം കഴിഞ്ഞതോടെ പൊലീസിനുനേരെ കല്ലേറുണ്ടായി. ഇതേതുടർന്ന് പൊലീസ് വീണ്ടും ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. നീറിനിന്ന ഒരു കണ്ണീർവാതക ഷെൽ സമരക്കാരിലൊരാൾ പൊലീസിനുനേരെ തിരികെയെറിഞ്ഞത് പൊലീസിനെയും വലച്ചു. കണ്ണീർവാതക പ്രയോഗത്തോടെ പ്രവർത്തകരെല്ലാം നാലുപാടും ചിതറിയോടി. പരിക്കേറ്റ കെ.എസ്.യു സംസ്ഥാന സെക്രട്ടറി പി.എച്ച്. അസ്ലം, ചെങ്ങമനാട് പഞ്ചായത്ത് അംഗം നൗഷാദ് പാറപ്പുറം, ഹസൻ അരീഫ്ഖാൻ, റിസ്വാൻ എന്നിവരെ സ്വകാര്യ ആശുപത്രിയിലും ഷിജു തോട്ടപ്പിള്ളി, കെ.എച്ച്. കബീർ എന്നിവരെ ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. 10 മിനിറ്റിനുശേഷം തിരികെയെത്തിയ സമരക്കാർ വീണ്ടും റോഡിൽ കുത്തിയിരുന്നു. ഇതിനിടയിൽ യൂത്ത് കോൺഗ്രസ് നേതാവ് വിപിൻദാസിൻെറ നേതൃത്വത്തിൽ ടയറുകൾ കത്തിച്ച് പൊലീസിനുനേരെ എറിയാൻ ശ്രമം നടന്നു. എന്നാൽ, ഇത് മുതിർന്ന നേതാക്കൾ ഇടപെട്ട് തടഞ്ഞു. കല്ലേറിലടക്കം രണ്ട് ഇൻസ്‌പെക്ടർമാർ ഉൾപ്പെടെ എട്ടോളം പൊലീസുകാർക്കും പരിക്കേറ്റു. ആലുവ സീനത്ത് കവല മുതൽ പൊലീസ് സ്‌റ്റേഷൻ വരെ രണ്ടുമണിക്കൂറോളം സംഘർഷാവസ്ഥ നിലനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story