Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 12:08 AM GMT Updated On
date_range 13 Feb 2022 12:08 AM GMTന്യൂജെൻ ഉന്മാദ രാസലഹരിമരുന്നുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
-കണ്ടെത്തിയത് കാലിഫോർണിയ -9 എൽ.എസ്.ഡി സ്റ്റാമ്പ് -ബംഗളൂരുവിൽനിന്ന് എത്തിച്ചത് തപാൽമാർഗം കൊച്ചി: എറണാകുളം റേഞ്ച് എക്സൈസിന്‍റെ രഹസ്യനീക്കത്തിൽ കാലിഫോർണിയ -9 എന്ന അതിമാരക രാസലഹരിയായ എൽ.എസ്.ഡി സ്റ്റാമ്പ് പിടിച്ചെടുത്തു. കലൂർ സ്റ്റേഡിയത്തിന് സമീപത്തുനിന്ന് ഇടുക്കി കാഞ്ചിയാർ പേഴുകണ്ടം തെക്കേ ചെരുവിൽ വീട്ടിൽ ആഷിക് ടി. സുരേഷിനെയാണ് (23) ലഹരിയുമായി അറസ്റ്റ് ചെയ്തത്. ബി.ടെക് വിദ്യാർഥിയായ ഇയാളുടെ പക്കൽനിന്ന് അഞ്ച് എൽ.എസ്.ഡി സ്റ്റാമ്പ് കണ്ടെടുത്തു. കഴിഞ്ഞദിവസം വൈറ്റില ഭാഗത്തുനിന്ന് എം.ഡി.എം.എ എന്ന മയക്കുമരുന്നുമായി യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്‍റെ തുടരന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. ബംഗളൂരുവിൽനിന്ന് തപാൽമാർഗമാണ് എൽ.എസ്.ഡി സ്റ്റാമ്പ് വരുത്തിയിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്റ്റാമ്പ് ഒന്നിന് 2000 രൂപക്ക് വാങ്ങി അത് 7000ത്തിൽപരം രൂപക്ക് മറിച്ച് വിൽപന നടത്തും. ആവശ്യക്കാരെന്ന രീതിയിൽ സമീപിച്ച എക്സൈസ് സംഘം പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു. ആഡംബര ജീവിതത്തിനുള്ള പണം കണ്ടെത്താനും ഉന്മാദലഹരിയിൽ ജീവിക്കാനുമാണ് പ്രതി ലഹരി വ്യാപാരം നടത്തിവന്നിരുന്നത്. അന്വേഷണത്തിൽ ബംഗളൂരുവിൽ മാരകലഹരി മരുന്നുകൾ ഉൽപാദിപ്പിക്കുന്ന ഡ്രഗ് മാനുഫാക്ചറിങ് യൂനിറ്റുകൾ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ആഫ്രിക്കയിൽനിന്ന് ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ വിദേശികളാണ് ഇതിന് പിന്നിലെന്നുമുള്ള നിഗമനത്തിലാണെന്നും എക്സൈസ് പറഞ്ഞു. മറ്റ് വകുപ്പുകളുടെ സഹകരണത്തോടെ ഇതുസംബന്ധമായ സമഗ്ര അന്വേഷണം നടത്തുമെന്ന് ഇൻസ്പെക്ടർ അറിയിച്ചു. പ്രതിയിൽനിന്ന് മയക്കുമരുന്ന് വാങ്ങി ഉപയോഗിക്കുന്ന യുവതീയുവാക്കളെ കണ്ടെത്തി കൗൺസലിങ്ങിന് വിധേയമാക്കാനാണ് തീരുമാനം. ഇൻസ്പെക്ടർ എം.എസ്. ഹനീഫ, അസി. ഇൻസ്പെക്ടർ കെ.ആർ. രാംപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്‌പെക്ടർ കെ.വി. ബേബി, പ്രിവന്‍റിവ് ഓഫിസർ കെ.യു. ഋഷികേശൻ, ഷാഡോ ടീം അംഗങ്ങളായ എൻ.ഡി. ടോമി, എൻ.ജി. അജിത്കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ജോമോൻ, ജിതീഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. BOX അതിമാരക മയക്കുമരുന്ന് നിലവിൽ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വിലപിടിപ്പുള്ളതും മാരകവുമായ മയക്കുമരുന്നാണ് ലൈസർജിക് ആസിഡ്. ഇത് പുരട്ടിയ സ്റ്റാമ്പാണ് പ്രതിയിൽനിന്ന് പിടികൂടിയത്. നിലവിൽ 20ഓളം ബ്രാൻഡ് നെയിമുകളിലും വ്യത്യസ്ത രൂപങ്ങളിലും ഇത് വിൽക്കുന്നു. ലൈസർജിക് ആസിഡ് സ്റ്റാമ്പുകൾ ലോകത്തിലാകെ 124 ഇനമുണ്ട്. നിലവിൽ ഇന്ത്യയിൽ ഉപയോഗിക്കുന്ന ഏറ്റവും വീര്യം കൂടിയ ത്രീ ഡോട്ടഡ് സ്റ്റാമ്പാണ് പിടികൂടിയത്. സ്റ്റാമ്പിന്‍റെ പിറകിലുള്ള ഡോട്ടുകളുടെ എണ്ണമാണ് വീര്യത്തെ സൂചിപ്പിക്കുന്നത്. 360 മൈക്രോഗ്രാം ലൈസർജിക് ആസിഡ് കണ്ടൻറുള്ള സ്റ്റാമ്പാണ് പിടികൂടിയത്. അഞ്ച് എൽ.എസ്.ഡി സ്റ്റാമ്പ് കൈവശം വെക്കുന്നത് 10 വർഷം വരെ കഠിനതടവ് കിട്ടുന്ന കുറ്റമാണ്. നേരിട്ട് നാക്കിൽവെച്ച് ഉപയോഗിക്കാൻ കഴിയുന്ന ഇവ ഒരെണ്ണം 36 മണിക്കൂർ ഉന്മാദ അവസ്ഥയിൽ നിർത്താൻ ശേഷിയുള്ള മാരക മയക്കുമരുന്നാണ്. നാക്കിലും ചുണ്ടിനുള്ളിലും ഒട്ടിച്ച് ഉപയോഗിക്കുന്ന ഇവയുടെ അളവ് അൽപം കൂടിയാൽ ഉപയോക്താവ് മരണപ്പെടാൻ സാധ്യതയുമുണ്ട്. EKG Prathi Ashik T suresh
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story