Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 12:09 AM GMT Updated On
date_range 9 May 2022 12:09 AM GMTട്രോളിങ് നിരോധനത്തിന് മുന്നേ ബോട്ടുകൾ കടവിൽ കെട്ടി
text_fieldsbookmark_border
പറവൂർ: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ആരംഭിക്കാൻ ഒരു മാസം ബാക്കി നിൽക്കെ നിരോധനം മുൻകൂർ നടപ്പാക്കി ഫിഷിങ് ബോട്ട് ഉടമകൾ. മത്സ്യബന്ധന മേഖല നേരിടുന്ന ഗുരുതര പ്രശ്നങ്ങൾമൂലം ബോട്ട് കടലിൽ ഇറക്കാതെ കടവിൽ കെട്ടിയിടുന്ന ഉടമകളുടെ എണ്ണം വർധിക്കുന്നു. സാധാരണ നിലയിൽ ജൂൺ ഒമ്പതിനാണ് ട്രോളിങ് നിരോധനം ആരംഭിക്കുക. ജൂലൈ 31ന് അവസാനിക്കും. 53 ദിവസമാണ് നിരോധനം. ഇത് 60 ദിവസമായി വർധിപ്പിക്കണമെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആവശ്യം. ഇതിനെ വീറോടെ എതിർത്തിരുന്ന ബോട്ട് ഉടമകളും തൊഴിലാളി സംഘടനകളും ഇപ്പോൾ മൗനത്തിലാണ്. എത്രനാൾ വേണമെങ്കിലും നിരോധിക്കട്ടെ എന്നാണവരുടെ ഭാവം. ഒരു ദിവസം കടലിൽ പോയില്ലെങ്കിൽ അത്രയും ലാഭം എന്ന മാനസികാവസ്ഥയിലാണ് ബോട്ട് ഉടമകൾ. അന്യായമായ ഡീസൽ വിലവർധനയാണ് പ്രതിസന്ധിയിലെ പ്രധാന വില്ലൻ. ഒരാഴ്ചത്തേക്ക് മത്സ്യബന്ധനത്തിന് പോകുന്ന വലിയ ബോട്ടുകൾക്ക് ശരാശരി 3000 മുതൽ 3500 ലിറ്റർവരെ ഡീസൽ വേണ്ടിവരും. ഇതിന് ഇപ്പോഴത്തെ വിലയനുസരിച്ച് നാല് ലക്ഷം രൂപയോളം വിലവരും. 13 മുതൽ 18വരെ തൊഴിലാളികളാണ് വലിയ ബോട്ടുകളിൽ ഉണ്ടാകുക. ഇവർക്ക് 500 രൂപ വീതം പ്രതിദിന ബാറ്റ, ഭക്ഷണസാധനങ്ങൾ, ഐസ്, ശുദ്ധജലം, ഗ്യാസ് തുടങ്ങിയ ഇനങ്ങളിലായി അഞ്ച് ലക്ഷമെങ്കിലും കുറഞ്ഞത് ചെലവ് വരും. കാലാവസ്ഥ വ്യതിയാനവും മറ്റും മൂലം ഇപ്പോൾ മീനിൻെറ ലഭ്യത വളരെക്കുറവാണ്. ഓരോ പ്രാവശ്യവും മത്സ്യബന്ധനം കഴിഞ്ഞ് ബോട്ട് തിരിച്ചെത്തുമ്പോൾ നഷ്ടങ്ങളുടെ കണക്കാണ് പറയാനുള്ളത്. ഇതിനിടെ വല മുറിഞ്ഞുപോകുകയോ ബോട്ടിന് അറ്റകുറ്റപ്പണി ആവശ്യമായി വരുകയോ ചെയ്താൽ ഉടമയുടെ ഗതി ദയനീയം. ദേദപ്പെട്ട വരുമാനം കിട്ടുന്ന ഉടമകളുടെ എണ്ണം വിരലിലെണ്ണാം. എങ്കിലും ലോട്ടറി എടുക്കുന്നതുപോലെ പ്രതീക്ഷയോടെ മുൻ കടം വീട്ടാൻവീണ്ടും കടം പേറി കടലിലേക്ക് അയക്കുന്നവരുമുണ്ട്. പലപ്പോഴും കടം വർധിക്കുകയാണ് ഇതുകൊണ്ടുള്ള ഫലം. തമിഴ്നാട്, പശ്ചിമ ബംഗാൾ, ആന്ധ്ര സംസ്ഥാനങ്ങളിലെ തൊഴിലാളികളാണ് വലിയ ബോട്ടുകളിൽ ഏറെയും. നാട്ടുകാരനായ ഒരു തൊഴിലാളിയാണ് മിക്ക ബോട്ടുകളിലും ഉണ്ടാകുക. ഒരാഴ്ച്ചയോളം കടലിൽ പണിയെടുക്കാൻ പോകുന്ന ബോട്ടുകളിലെ ജോലിക്ക് നാട്ടുതൊഴിലാളികൾ വിമുഖരാണ്. അവർക്ക് കൈവലി, തുടങ്ങിയ ചെറുബോട്ടുകളിൽ പോയി അതത് ദിവസം തിരിച്ചെത്താനാണ് താൽപര്യം. ഒരു കോടി മുതൽ ഒന്നരക്കോടിവരെ ചെലവുള്ള വലിയ ഇരുമ്പുബോട്ടുകളാണ് കുറേനാളായി നിർമിച്ചുവരുന്നത്. വായ്പയെടുത്തും മറ്റും സംഘടിപ്പിക്കുന്ന മുടക്കുമുതലിൻെറ പലിശപോലും കിട്ടാതെ വിഷമിക്കുന്ന ഉടമകൾ ഏറെയാണ്. തമിഴ്നാട്, കർണാടക തുടങ്ങി പല സംസ്ഥാനങ്ങളിലും മത്സ്യബന്ധന ബോട്ടുകൾക്ക് ഡീസലിന് സബ്സിഡിയുണ്ട്. എന്നാൽ, കേരളത്തിൽ റോഡിലൂടെ ഓടുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ റോഡ് സെസ് അടക്കം ബോട്ട് ഉടമകൾ നൽകേണ്ടി വരുന്നു. ഇപ്പോഴത്തെ ഡീസൽ വിലയിൽ വിവിധ സെസുകളും നികുതികളുമായി ഈടാക്കുന്നതിൽ 20 രൂപയെങ്കിലും ന്യായമായും കുറച്ചുതരാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ബാധ്യതയുണ്ടെന്ന് മുനമ്പം ഫിഷിങ് ബോട്ട് ഓണേഴ്സ് ആൻഡ് ഓപറേറ്റേഴ്സ് കോഓഡിനേഷൻ ജനറൽ കൺവീനർ കെ.ബി. കാസിം ചൂണ്ടിക്കാട്ടി. കേന്ദ്രം അത് അനുവദിക്കുന്നതുവരെ സംസ്ഥാന സർക്കാർ സബ്സിഡി നൽകണം. 2017ലെ മറൈൻ ഫിഷിങ് റെഗുലേഷൻ ആക്ടിൻെറ ഭേദഗതിയിലൂടെ മത്സ്യബന്ധന മേഖലയെ തകർക്കുന്ന ഗുരുതരമായ കരിനിയമങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്ന് കാസിം കുറ്റപ്പെടുത്തി. കഴിഞ്ഞ സർക്കാറിൻെറ കാലത്ത് 40 ശതമാനം വരെ മത്സ്യക്കുഞ്ഞുങ്ങൾ ബോട്ടിൽ ഉണ്ടായാൽ കേസെടുക്കില്ലെന്ന് ഉറപ്പുനൽകി. എന്നാൽ, ഇപ്പോൾ പിടിക്കുന്നതിൽ അൽപം മീൻ കുഞ്ഞുങ്ങളെ കണ്ടാലും ഉടൻ കേസെടുത്ത് രണ്ടര ലക്ഷം പിഴയീടാക്കുകയും മുഴുവൻ മത്സ്യവും കണ്ടുകെട്ടുകയും ചെയ്യുന്നുവെന്നും കാസിം ചൂണ്ടിക്കാട്ടി. മീൻ കുഞ്ഞുങ്ങളെ ഒഴിവാക്കി എങ്ങനെ വലിയ മീനുകളെ പിടിക്കാമെന്ന സാങ്കേതിക വിദ്യ ഇതുവരെ സർക്കാർ നൽകിയിട്ടില്ല. മീൻ കുഞ്ഞുങ്ങളെ പിടിക്കാൻ മാത്രമായി ഏതെങ്കിലും ബോട്ട് പോകുന്നുണ്ടെങ്കിൽ അവർക്കെതിരെ സർക്കാർ ശിക്ഷാനടപടി സ്വീകരിക്കുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്നും കാസിം പറഞ്ഞു. ഇതര സംസ്ഥാനങ്ങൾ 20 വർഷം കഴിഞ്ഞ ബോട്ടുകൾക്കുവരെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുമ്പോൾ കേരളത്തിൽ 15 വർഷം കഴിഞ്ഞബോട്ടുകൾ പൊളിക്കാൻ കൊടുക്കുകയല്ലാതെ മാർഗമില്ല. ചിത്രം ER PVR malsyameghala 1 പ്രതിസന്ധിയിലായ മത്സ്യബന്ധന ബോട്ടുകൾ കുഞ്ഞിത്തൈ, പള്ളിപ്പുറം കടവുകളിൽ സൂക്ഷിച്ചിരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story