Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 12:10 AM GMT Updated On
date_range 6 May 2022 12:10 AM GMTമാറ്റിയിട്ടിരിക്കുന്നത് 920 ബസ് മാത്രം; ജനുറം ബാധ്യതയായെന്നും കെ.എസ്.ആർ.ടി.സി ഹൈകോടതിയിൽ
text_fieldsbookmark_border
കൊച്ചി: സംസ്ഥാനത്ത് 920 ബസ് മാത്രമാണ് കണ്ടം ചെയ്യാൻ മാറ്റിയിട്ടിരിക്കുന്നതെന്ന് കെ.എസ്.ആർ.ടി.സി ഹൈകോടതിയിൽ. 2800 ബസ് തുരുമ്പെടുത്ത് നശിക്കുന്നെന്ന ആരോപണം ശരിയല്ല. ജനുറം ബസുകൾ കേരളത്തിലെ നഗരങ്ങൾക്ക് അനുയോജ്യമല്ലെന്നും ഇവ ബാധ്യതയായെന്നും കെ.എസ്.ആർ.ടി.സി ചീഫ് ലോ ഓഫിസർ പി.എൻ. ഹേന സമർപ്പിച്ച വിശദീകരണത്തിൽ പറയുന്നു. കെ.എസ്.ആർ.ടി.സി ബസുകൾ തുരുമ്പെടുത്ത് നശിക്കുന്നെന്ന് ആരോപിച്ച് കാസർകോട് സ്വദേശി എൻ. രവീന്ദ്രൻ നൽകിയ ഹരജിയിലാണ് വിശദീകരണം. കണ്ടം ചെയ്യാനുള്ളവയിൽ 681 എണ്ണം സാധാരണ ബസും 239 എണ്ണം ജനുറം ബസുമാണെന്ന് വിശദീകരണത്തിൽ പറയുന്നു. ഇവ കണ്ടം ചെയ്യാൻ പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. കേന്ദ്ര പൊതുമേഖല സ്ഥാപനമായ മെറ്റൽ സ്‌ക്രാപ് ട്രേഡിങ് കോർപറേഷൻ മുഖേനയാണ് ലേലം നടത്തുന്നത്. 10-19 വർഷം പഴക്കമുള്ള ബസുകളാണ് കണ്ടം ചെയ്യുന്നത്. ഈ വർഷം 750 പുതിയ ബസ് ലഭിക്കുമെന്നാണ് കരുതുന്നത്. ഇവ പാർക്ക് ചെയ്യാനടക്കമുള്ള സ്ഥലംകൂടി കണക്കിലെടുത്താണ് പഴയ ബസുകൾ കണ്ടം ചെയ്യുന്നത്. ഇവ തേവര, തിരുവനന്തപുരം ഈഞ്ചക്കൽ, പാറശാല, ആറ്റിങ്ങൽ, ചടയമംഗലം, ചേർത്തല, ചിറ്റൂർ, ചാത്തന്നൂർ, കാഞ്ഞങ്ങാട്, എടപ്പാൾ എന്നിവിടങ്ങളിലെ യാർഡുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ജനുറം ബസുകളുടെ സ്പെസിഫിക്കേഷനെക്കുറിച്ച് കേന്ദ്രസർക്കാർ സംസ്ഥാന സർക്കാറുമായി ഒരുചർച്ചയും നടത്തിയിരുന്നില്ലെന്നും സാധാരണ ബസുകളെ അപേക്ഷിച്ച് ഇവക്ക് തിരിയാൻ ഏറെ സ്ഥലം വേണമെന്നും വിശദീകരണത്തിൽ പറയുന്നു. ആകെയുള്ള 6185 ബസിൽ ആർ.ടി.സി ബസ് 5466ഉം ജനുറം ബസുകൾ 719ഉം ആണ്. 4903 ബസാണ് ഇപ്പോൾ സർവിസ് നടത്തുന്നത്. കട്ടപ്പുറത്തുള്ള ബസുകൾ 1736ഉം കണ്ടം ചെയ്യാനുള്ളത് 920ഉം ആണ്. ഷോപ് ഓൺ വീൽസ് (മിൽമ സ്റ്റാളുകൾ, മൂന്നാറിലെ സ്ലീപ്പേഴ്‌സ്) ആയി ഉപയോഗിക്കുന്നത് 300 എണ്ണമണ്. സാധാരണ ബസുകൾക്ക് 4.10 കി.മീ. മൈലേജ് ലഭിക്കുമ്പോൾ ജനുറം ബസുകളുടേത് 3.40 കി.മീറ്ററാണ്. ജനുറം ബസുകൾക്ക് വീതി കൂടുതലാണ്. എൻജിൻ പിന്നിലുള്ള ഇവയുടെ ഗിയർ കേബിൾ ഒരെണ്ണത്തിന് വില 29,500 രൂപയാണ്. ഇത്തരം മൂന്നു കേബിൾ ഒരു ബസിനുവേണം. 2009, 2013 വർഷങ്ങളിലായി 190 എ.സി ലോ ഫ്ലോർ ബസുകൾ ലഭിച്ചിരുന്നു. ഇവയുടെ സീറ്റുകൾ ദീർഘദൂരയാത്രക്ക് അനുയോജ്യമല്ല. എ.സി ലോ ഫ്ലോർ ബസുകളുടെ മൈലേജ് 2.5-2.7 കി.മീ. മാത്രമാണ്. ഇവയുടെ അറ്റകുറ്റപ്പണിക്ക് 6.5 കോടി വേണം. കി.മീറ്ററിന് 60-70 രൂപ ചെലവും ബസുകളിൽനിന്നുള്ള വരവ് 40-50 രൂപയുമാണ്. ഈ ബസുകൾ വിനോദയാത്രക്കും ബൈപാസ് സർവിസിനും ഉപയോഗിക്കാനാണ് തീരുമാനം. അഞ്ചുലക്ഷം കി.മീ. ഓടിയ ബസുകൾ കണ്ടം ചെയ്യും. ഇന്ധനച്ചെലവ് കുറക്കുന്നതിന്‍റെ ഭാഗമായി ഇനി ഇലക്ട്രിക് ബസുകളും സി.എൻ.ജി ബസുകളുമാവും വാങ്ങുക. ഇത്തരം 450 ബസ് ഉടൻ കെ.എസ്.ആർ.ടി.സിയുടെ ഭാഗമാകും. നിലവിലെ 26,000 ജീവനക്കാർക്ക് ശമ്പളം നൽകാൻ പ്രതിമാസം 97 കോടി വേണം. 100 വർക്ക്ഷോപ്പും 100 ഓഫിസും 100 സ്റ്റോറുമാണ് നിലവിലുള്ളത്. ഇത് 22 വർക്ക്ഷോപ്പും 14 ഓഫിസും 16 സ്റ്റോറുമായി കുറക്കും. അധിക വർക്ക്ഷോപ്പുകൾ പ്രതിമാസം 50 ലക്ഷം രൂപ നഷ്ടമുണ്ടാക്കുന്നുണ്ട്. ബസ് സർവിസുകൾ കമ്പ്യൂട്ടർവത്കരിക്കുന്ന നടപടി പുരോഗമിക്കുകയാണ്. ബസുകൾ എവിടെയെന്ന് കണ്ടെത്താനുള്ള സംവിധാനം ഉടൻ നിലവിൽ വരും. സ്മാർട്ട് കാർഡും സീസൺ ടിക്കറ്റും വൈകാതെ നടപ്പാക്കും. പുതിയ ഇലക്‌ട്രോണിക് ടിക്കറ്റിങ് സംവിധാനം നിലവിൽ വന്നതായും വിശദീകരണത്തിൽ പറയുന്നു. ഹരജി വെള്ളിയാഴ്ച കോടതി പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story