എറണാകുളത്ത് 10 സ്ഥാനാർഥികൾ; ചാലക്കുടിയിൽ 12
text_fieldsകൊച്ചി: നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ എറണാകുളം ലോക്സഭാ മണ്ഡലത്തിൽ 10 സ്ഥാനാർഥികൾ. ചാലക്കുടി മണ്ഡലത്തിൽ 12 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
എറണാകുളത്ത് ആകെ ലഭിച്ച 14 പത്രികകളിൽ നാലെണ്ണം തള്ളി. സി.പി.എം സ്ഥാനാർഥി കെ.ജെ. ഷൈനിന്റെ ഡമ്മി സ്ഥാനാർഥി ടെസ്സിയുടെയും ബി.ജെ.പി സ്ഥാനാർഥി കെ.എസ് രാധാകൃഷ്ണന്റെ ഡമ്മി സ്ഥാനാർഥി ഷൈജുവിന്റെയും പത്രികകളാണ് തള്ളിയത്.
സത്യവാങ്മൂലം കൃത്യമായി പൂരിപ്പിക്കാത്തതിനാലും കൃത്യമായ എണ്ണം പത്രികകൾ സമർപ്പിക്കാത്തതിനാലും സ്വതന്ത്ര സ്ഥാനാർഥികളായ വി.എ. സിയാദ്, നൗഷാദ് എന്നിവരുടെ പത്രികകളും തള്ളി. മണ്ഡലം വരണാധികാരിയും ജില്ല കലക്ടറുമായ എൻ.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന പൂർത്തീകരിച്ചത്.
ചാലക്കുടി മണ്ഡലത്തിൽ 13 പേരാണ് പത്രിക സമർപ്പിച്ചത്. ഒരാളുടെ പത്രിക തള്ളി. സി.പി.എം സ്ഥാനാർഥി സി. രവീന്ദ്രനാഥന്റെ പത്രിക സ്വീകരിച്ചതിനാൽ ഡമ്മി സ്ഥാനാർഥി ഡേവിസിന്റെ പത്രികയാണ് തള്ളിയത്.
ചാലക്കുടി മണ്ഡലം വരണാധികാരിയും അഡീഷനൽ ജില്ല മജിസ്ട്രേറ്റുമായ ആശാ സി. എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു നടപടികൾ. സ്ഥാനാർഥികൾ പത്രിക സമർപ്പിച്ച ക്രമത്തിലാണ് പരിശോധന പൂർത്തിയാക്കിയത്. ഈമാസം എട്ടിനാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. അതിന് ശേഷം മത്സര ചിത്രം വ്യക്തമാകും.
കേസ് വിവരം:
മൂന്നു തവണ അറിയിപ്പ്
നൽകണം
ബാലറ്റ് പേപ്പറിൽ പ്രദർശിപ്പിക്കേണ്ട സ്ഥാനാർഥികളുടെ പേര് കൃത്യമായി നൽകണമെന്നും സ്ഥാനാർഥികൾ ഉൾപ്പെട്ട ക്രിമിനൽ കേസുകളുടെ വിവരങ്ങൾ മൂന്ന് തവണ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണമെന്നും വരണാധികാരി നിർദേശിച്ചു.
പിൻവലിക്കുന്ന തീയതിയുടെ അഞ്ചാം ദിവസവും എട്ടാം ദിവസവും തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നതിന് മുമ്പുമാണ് വിവരങ്ങൾ പ്രദർശിപ്പിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.