കൊച്ചിക്ക് ഓണസമ്മാനം; 1600 കോടിയുടെ ഗ്ലോബൽ സിറ്റി വരുന്നു
text_fieldsകൊച്ചി: കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി ആലുവയിൽ 220 ഹെക്ടറിൽ കൊച്ചി ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആൻഡ് ട്രേഡ് (ഗിഫ്റ്റ്) സിറ്റി വരുന്നു. 1600 കോടിയുടെ പദ്ധതിക്ക് നാഷനൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെൻറ് ആൻഡ് ഇംപ്ലിമെൻറേഷൻ ട്രസ്റ്റ് (എൻ.ഐ.സി.ഡി.ഐ.ടി) അനുമതി നൽകി. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ ഗതാഗത സൗകര്യം കണക്കിലെടുത്താണ് ആലുവയെ പദ്ധതിക്ക് തെരഞ്ഞെടുത്തത്.
10 വർഷം കൊണ്ട് 18,000 കോടിയുടെ നിക്ഷേപമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ ഇതിലൂടെ കേരളത്തിൽ 1.20 ലക്ഷം പേർക്ക് നേരിട്ടും 3.6 ലക്ഷം പേർക്ക് പരോക്ഷമായും തൊഴിൽ അവസരം ലഭിക്കും.വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളുടെ കേന്ദ്രമാണ് ഇവിടെ ഗോബൽ സിറ്റിയിൽ സജ്ജീകരിക്കുക.
അന്താരാഷ്ട്ര നിലവാരത്തിലുള്ള പദ്ധതിയിലൂടെ മികച്ച സേവനങ്ങൾ നൽകുന്നതും സാമ്പത്തിക വികസനത്തിന് വഴിയൊരുക്കുന്നതുമായ സാഹചര്യം സൃഷ്ടിക്കാനാകുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു. ഗിഫ്റ്റ് സിറ്റി കേരളത്തിന് ഓണസമ്മാനമാണെന്ന് വ്യവസായ വകുപ്പിെൻറ ചുമതലയുള്ള അഡീഷനൽ ചീഫ് സെക്രട്ടറി അൽകേഷ് കുമാർ ശർമ പറഞ്ഞു. പദ്ധതിക്ക് സ്ഥലമേറ്റെടുപ്പ് സെപ്റ്റംബറിൽ ആരംഭിച്ച് 2021 ഫെബ്രുവരിയിൽ മാസ്റ്റർ പ്ലാൻ പൂർത്തീകരിക്കും.
പാരിസ്ഥിതിക അനുമതി, ടെൻഡർ നടപടികൾ എന്നിവയുടെ പ്രവർത്തനം മാർച്ചിൽ തുടങ്ങി ജൂണിൽ അവസാനിക്കും. പദ്ധതിക്ക് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകുകയും സ്ഥലമേറ്റെടുക്കാൻ 540 കോടി അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എൻ.ഐ.സി.ഡി.ടി മുഖാന്തരമുള്ള പദ്ധതിക്ക് കേന്ദ്രസർക്കാറും തുല്യമായ തുക അനുവദിക്കും. ആവശ്യമെങ്കിൽ വായ്പയും ലഭ്യമാക്കും. പദ്ധതിയിലേക്ക് ദേശീയ അന്തർദേശീയ നിക്ഷേപങ്ങൾ ആകർഷിക്കാനും നടപടിയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.