മാലിന്യശേഖരണത്തിന് പിരിവ് 200
text_fieldsമട്ടാഞ്ചേരി: ഗാര്‍ഹിക മാലിന്യം വീടുകളിൽനിന്ന് ശേഖരിക്കാനുള്ള പ്രതിമാസ കൂലി 150 രൂപക്ക് പുറമെ ശേഖരിക്കാനെത്തുന്ന ട്രൈ സൈക്കിളിന്റെ റിപ്പയറിങ്ങിന് പ്രതിമാസം 20 രൂപയും സർവിസ് ചാർജ് 30 രൂപയുമടക്കം 200 രൂപ വീതം വീടുകളിൽനിന്ന് പിരിച്ചെടുക്കുന്നതിനെതിരെ വ്യാപക പരാതി.
അനധികൃത ഫീസ് പിരിവിനെതിരെ കലക്ടർക്കും മേയർക്കും പരാതി നൽകിയിരിക്കയാണ് മുൻ കൗൺസിലർ. കൊച്ചി നഗരസഭയുടെ 25ാം ഡിവിഷനിലാണ് അമിത പിരിവ്. മറ്റു ഡിവിഷനുകളിൽ പ്രതിമാസം 150 രൂപ ഓരോ വീട്ടുകാരും നൽകുമ്പോഴാണ് ഒരു ഡിവിഷനിൽ മാത്രമായി പ്രതിമാസം 50 രൂപ കൂടുതലായി വാങ്ങുന്നതെന്നാണ് പ്രദേശവാസികളുടെ പരാതി. ഹീൽ കൊച്ചി 25ാം ഡിവിഷൻ എന്ന പേരിൽ പ്രിന്റ് ചെയ്ത രസീതുവരെ നൽകിയാണിത്. ഇത് കൊള്ളയാണെന്ന് ചൂണ്ടിക്കാട്ടി മുൻ കൗൺസിലർ എൻ. ട്രീറ്റയാണ് കലക്ടർക്ക് പരാതി നൽകിയിരിക്കുന്നത്.
അതേസമയം, ഡയപ്പർ അടക്കമുള്ള മാലിന്യം ശേഖരിക്കുമ്പോൾ ഇവ സ്വകാര്യ കമ്പനികൾക്ക് നൽകേണ്ടി വരുന്നെന്നും ആയതിന് പണം കൊടുക്കേണ്ടി വരുമെന്നും ഡിവിഷൻ കൗൺസിലർ റഡീന ആന്റണി പറഞ്ഞു.
നിലവിലെ ട്രൈ സൈക്കിളുകൾ തകരാറിലായി കിടക്കുകയാണെന്നും ഇവ പ്രവർത്തനസജ്ജമാക്കുന്നതിനായാണ് 20 രൂപ വീതം ശേഖരിക്കുന്നതെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.