മാസ്കണിയാത്ത തിരവസന്തം
text_fieldsകൊച്ചി: കോവിഡ് മാറ്റിമറിച്ച ലോകക്രമത്തിനൊപ്പം കേരളത്തിെൻറ സാംസ്കാരിക അഭിമാനമായ ഐ.എഫ്.എഫ്.കെയും മാസ്കണിഞ്ഞപ്പോൾ അതിസുന്ദരമായൊരു ഫ്രെയിമിൽ കൊച്ചിയിലെ ചലച്ചിത്രമേളക്ക് തുടക്കം. നീണ്ട 21 വർഷത്തെ ഇടവേളക്കുശേഷം അറബിക്കടലിെൻറ റാണിയെ തേടിയെത്തിയ ചലച്ചിത്ര മാമാങ്കത്തെ രണ്ടുകൈയും നീട്ടിയാണ് മഹാനഗരം സ്വീകരിച്ചത്.
ബുധനാഴ്ച മുതൽ കൊച്ചിയുടെ ചലച്ചിത്ര കൊട്ടകകളിലും പാതയോരങ്ങളിലും ഉയർന്നുേകട്ടത് സിനിമയുടെ ഭാഷയായിരുന്നു. സരിത, സവിത, സംഗീത തിയറ്റർ സമുച്ചയത്തിലും പത്മയിലും ശ്രീധറിലുമെല്ലാം ലോക സിനിമകളുടെയും മികച്ച മലയാളം, ഇന്ത്യൻ സിനിമകളുടെയും തിരയേറ്റമായിരുന്നു. മാസ്കിട്ട്, സാനിറ്റൈസർ തേച്ച്, സമൂഹ അകലം പാലിച്ച് പലനാടുകളിൽനിന്നുള്ള സിനിമപ്രേമികൾ ചരിത്രത്തിെൻറ ഭാഗമായ ഐ.എഫ്.എഫ്.കെയെ അനുഭവിച്ചറിഞ്ഞു. 1999 ഏപ്രില്‍ മൂന്നുമുതല്‍ 10 വരെ നാലാമത് ഐ.എഫ്.എഫ്.കെക്കാണ് കൊച്ചി വേദിയായത്. ചലച്ചിത്രകലയുടെ ഉന്നമനത്തിന് സംസ്ഥാന സര്‍ക്കാര്‍ 1998ല്‍ ചലച്ചിത്ര അക്കാദമിക്ക് രൂപം നല്കിയതിനുശേഷം നടന്ന ആദ്യത്തെ മേളയായിരുന്നു കൊച്ചിയിലേത്.
പത്മയിൽ പാളിയ തുടക്കം
അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിെൻറ കൊച്ചി പതിപ്പിന് തുടക്കംകുറിച്ച് പത്മ തിയറ്ററിലെ ആദ്യ പ്രദർശനത്തിൽതന്നെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടു.
നേരേത്ത ബുക്ക് ചെയ്ത നിരവധി പേർക്ക് സീറ്റ് കിട്ടാത്തതിനെത്തുടർന്ന് സമൂഹ അകലം പാലിക്കാൻ കെട്ടിവെച്ച കസേരകളിലെ റിബൺ അഴിക്കേണ്ടിവന്നു. കർശനമായും കോവിഡ് മാനദണ്ഡം പാലിക്കുെമന്നറിയിച്ചിട്ടും ചിലർ നിലത്തിരുന്ന് കാണുന്ന സാഹചര്യവുമുണ്ടായി. മുന്നൂറിലേറെ പേർ സീറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും ഇത്രയധികം സീറ്റില്ലാത്തതിനെത്തുടർന്നാണ് റിബൺ അഴിക്കേണ്ടിവന്നത്.
രാവിലെ 10ന് പത്മ സ്ക്രീൻ ഒന്നിൽ തുടങ്ങിയ നൈറ്റ് ഓഫ് ദി കിങ്സ് ചിത്രത്തിെൻറ പ്രദർശനത്തിലാണ് അപാകതയുണ്ടായത്. സിനിമ തുടങ്ങുമ്പോള്‍ തിയറ്ററിന് പുറത്ത് ഡെലിഗേറ്റുകളുടെ നീണ്ട ക്യൂ ആയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓരോരുത്തരെയായി കയറ്റാൻ സമയമെടുത്തു. പലരും തിയറ്ററിനകത്തെത്തിയപ്പോഴേക്കും സിനിമ തുടങ്ങുകയും ചെയ്തിരുന്നു. ഇവർ ഇരുട്ടിൽ തപ്പി സീറ്റ് അന്വേഷിച്ചെങ്കിലും ചിലർക്ക് കണ്ടെത്താനായില്ല. സാങ്കേതിക പ്രശ്നമാണെന്നാണ് ചുമതലക്കാരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.