സുരക്ഷ വേണം, കുട്ടികൾക്ക്...
text_fieldsകൊച്ചി: ഒരുവർഷം മുമ്പ് ആലുവയിൽ അന്തർസംസ്ഥാന ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം നാടിനെ ഞെട്ടിച്ചതാണ്. ഒരുവർഷം പിന്നിടുമ്പോഴും കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ കുറവ് വരുന്നില്ലെന്ന് തെളിയിക്കുകയാണ് പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം.
ഏഴുമാസത്തിനിടെ കേരളത്തിൽ വിവിധയിടങ്ങളിലായി 2180 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 212 എണ്ണവും എറണാകുളം ജില്ലയിലാണ്. കൊച്ചി സിറ്റി പരിധിയിൽ 74 കേസുകളും എറണാകുളം റൂറലിൽ 138 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രതികളിൽ ഭൂരിഭാഗവും മുതിർന്നവരാണ്. അന്തർസംസ്ഥാനക്കാരും കുടുംബസുഹൃത്തുക്കളും ബന്ധുക്കളുംവരെ പ്രതികളാകുമ്പോൾ ചെറിയ കുട്ടികളുടെ സുരക്ഷിതത്വമാണ് ചോദ്യംചെയ്യപ്പെടുന്നത്.
ലൈംഗികാതിക്രമം, നഗ്നതപ്രദർശനം, കുട്ടികളെ തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ സംഭവങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ വര്ഷം ആകെ 4641 പോക്സോ കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര് ചെയ്തത്.
നടപടി ശക്തമാകുമ്പോഴും കേസുകൾ വർധിക്കുന്നു
ശക്തമായ നടപടികളുണ്ടാകുന്നുണ്ടെങ്കിലും പോക്സോ കേസുകൾ ആവർത്തിക്കുന്നതായാണ് സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ചങ്ങനാശ്ശേരി സ്വദേശിക്ക് 18 വർഷം കഠിനതടവും 75,000 രൂപ പിഴയും മൂവാറ്റുപുഴ അഡീഷനൽ സെഷൻസ് കോടതി (പോക്സോ) കോടതി ശിക്ഷ വിധിച്ചത് രണ്ടുദിവസം മുമ്പാണ്. പെൺകുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചതിന് എടവനക്കാട് സ്വദേശിയെ എട്ടുവർഷത്തേക്കും ലൈംഗിക ചുവയോടെ സംസാരിച്ച ചെറായി സ്വദേശിയെ ആറുവർഷത്തേക്കും ശിക്ഷിച്ചത് സമീപ ദിവസങ്ങളിലാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പറവൂർ ചെറിയപല്ലംതുരുത്ത് സ്വദേശിയെ 23 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചിട്ടുമുണ്ട്.
അതിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രാമമംഗലം മാമലശ്ശേരി സ്വദേശി അറസ്റ്റിലായി. ലൈംഗികച്ചുവയോടെ സംസാരിച്ച അഴീക്കോട് സ്വദേശിയെയും പോക്സോ കേസിൽ ഒളിവിലായിരുന്ന തൃക്കാക്കര സ്വദേശിയെയും പിടികൂടിയിട്ടുണ്ട്.
പോക്സോ കേസിൽ മുളവുകാട് പൊന്നാരിമംഗലം സ്വദേശിയെ അറസ്റ്റ് ചെയ്തതും അടുത്തിടെയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച അന്തർസംസ്ഥാന തൊഴിലാളിയെ ചെങ്ങമനാട് പൊലീസ് ബംഗാളിലെത്തി സാഹസികമായി പിടികൂടിയ സംഭവം ദിവസങ്ങൾക്ക് മുമ്പാണ് റിപ്പോർട്ട് ചെയ്തത്.
രക്ഷിതാക്കൾ ശ്രദ്ധിക്കാൻ...
അസ്വസ്ഥതകൾ നിറഞ്ഞ കുടുംബാന്തരീക്ഷത്തിലും മറ്റ് ബന്ധുക്കളോടൊപ്പവും രക്തബന്ധമില്ലാത്തവരോടൊപ്പവും കഴിയേണ്ടിവരുന്ന കുട്ടികളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തണം.
ഇത്തരം സാഹചര്യങ്ങളിൽ രക്ഷകരായെത്തുന്നവർ മുഖേന ദുരുപയോഗത്തിനുള്ള സാധ്യത കൂടുതലാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.
കൂടാതെ സ്കൂൾ അവധി, ദീർഘകാല അവധി, രക്ഷാകർത്താക്കൾക്കുണ്ടാകുന്ന അസൗകര്യങ്ങൾ എന്നിവമൂലം കുട്ടിയെ മറ്റുള്ള വീടുകളിൽ മാറ്റിനിർത്തേണ്ടി വരുന്ന അവസരങ്ങളിലും മറ്റേതെങ്കിലും വ്യക്തിയെ വീട്ടിൽ വരുത്തി കുട്ടിയുടെ സംരക്ഷണത്തിന് ചുമതലപ്പെടുത്തുമ്പോഴും കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പാക്കണം.
പോക്സോ നിയമം
18 വയസ്സിൽ താഴെയുള്ള ഏതൊരാളെയും കുട്ടിയായാണ് നിയമം പരിഗണിക്കുന്നത്. ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾ ലിംഗഭേദമില്ലാതെ നടപ്പാക്കുന്നതിനും നിയമനടത്തിപ്പിലുടനീളം ബാലസൗഹൃദമായ നടപടിക്രമങ്ങളും ഉൾക്കൊള്ളിച്ചാണ് ലൈംഗിക കുറ്റകൃത്യങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്ന പോക്സോ നിയമം 2012 പാസ്സാക്കിയത്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം, ലൈംഗിക പീഡനം, കുട്ടികളെ അശ്ലീലചിത്രങ്ങൾ കാണിക്കൽ, അവരെ ഉപയോഗിച്ച് അശ്ലീല ചിത്രമെടുക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുക, അത്തരം കുറ്റകൃത്യങ്ങളുടെ വിചാരണക്കായി പ്രത്യേക കോടതികൾ സ്ഥാപിക്കുക, പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കുക, അന്വേഷണവും വിചാരണയും ബാലസൗഹാർദപരമാക്കുക, കുട്ടികളുടെ പുനരധിവാസം, ശാരീരിക-മാനസിക-ആരോഗ്യ-സാമൂഹിക വികാസത്തിനുവേണ്ടി കുട്ടികളുടെ ഉത്തമതാൽപര്യം മുൻനിർത്തി നടപടികൾ സ്വീകരിക്കുക എന്നിവ പോക്സോ നിയമത്തിന്റെ ലക്ഷ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.