217കിലോ പഴകിയ മത്സ്യം പിടിച്ചു; മത്സ്യത്തിന് രണ്ടുമാസത്തെ പഴക്കം
text_fieldsപള്ളുരുത്തി: ഭക്ഷ്യസുരക്ഷ വിഭാഗം പള്ളുരുത്തി വെളി മാർക്കറ്റിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്തതും ചീഞ്ഞതുമായ 217കിലോ മത്സ്യം പിടികൂടി. ചൂര, കേര, തിരണ്ടി, തിലോപ്പി, സ്രാവ്, മോത ഉൾപ്പെടെയുള്ള മത്സ്യങ്ങളാണ് പിടിച്ചെടുത്തത്. മാർക്കറ്റിലെ പഴയ ഫ്രിഡ്ജുകളിലും ബോക്സിലുമാക്കി സൂക്ഷിച്ചനിലയിലാണ് ഇവ കണ്ടെത്തിയത്.
രണ്ടാഴ്ച മുമ്പ് തോപ്പുംപടി അന്തി മാർക്കറ്റിൽനിന്ന് 425 കിലോ പഴകിയ മത്സ്യം ഭക്ഷ്യസുരക്ഷ വിഭാഗം അധികൃതർ പിടിച്ചെടുത്തിരുന്നു. ജില്ലയിലെ മാർക്കറ്റുകളിൽ പഴകിയ മത്സ്യം വിൽപന നടത്തുന്നുവെന്ന രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലാണ് കൊച്ചിയിലെ രണ്ട് പ്രധാന മാർക്കറ്റുകളിൽ പരിശോധന നടന്നത്. അയൽ സംസ്ഥാനങ്ങളിൽനിന്ന് കുറഞ്ഞ വിലക്ക് ശേഖരിക്കുന്ന മത്സ്യം ഹാർബറിൽ എത്തിച്ച് കോൾഡ് സ്റ്റോറേജുകളിൽ സൂക്ഷിച്ച് തോപ്പുംപടി ഹാർബറിൽ നിന്നുള്ള മത്സ്യം എന്ന പേരിൽ വിൽപന നടത്തി വരികയായിരുന്നു.
കടലിൽ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുമ്പോൾ ശീതീകരണ സംവിധാനം കൃത്യമായി പ്രവർത്തിക്കാത്തതിനാൽ മോശമാകുന്ന മത്സ്യം കുറഞ്ഞ വിലയിൽ മൊത്തമായി വാങ്ങി മാർക്കറ്റുകളിൽ എത്തിച്ചതാണോയെന്നത് സംബന്ധിച്ച് അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പിടിച്ചെടുത്ത മത്സ്യത്തിന് രണ്ടുമാസത്തെ പഴക്കമുള്ളതായാണ് കണക്കാക്കുന്നത്. അമോണിയം, ഫോർമാലിൻ തുടങ്ങിയവ മാരക വിഷവസ്തുക്കൾ കലർന്നിട്ടുണ്ടോയെന്നത് സംബന്ധിച്ച് രാസപരിശോധന നടത്തുമെന്നും ഇവ കണ്ടെത്തിയാൽ ശക്തമായ തുടർനടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നഗരസഭ ആരോഗ്യവിഭാഗവും പരിശോധനക്ക് നേതൃത്വം നൽകി.
ഭക്ഷ്യസുരക്ഷ വിഭാഗം കൊച്ചി സർക്കിൾ ഓഫിസർ ഡോ. നിമിഷ പ്രഭാകർ, കളമശ്ശേരി സർക്കിൾ ഓഫിസർ എം.എൻ. ഷംസീന, തൃപ്പൂണിത്തുറ സർക്കിൾ ഓഫിസർ വിമല എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഹോട്ടലുകളിൽനിന്ന് ലഭിക്കുന്ന മത്സ്യവിഭവങ്ങളിൽ പലതും മോശമാണെന്ന് കണ്ടെത്തുകയും ഇതുസംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ ഇത്തരം മാർക്കറ്റുകളിൽനിന്നാണ് ഇവ വാങ്ങുന്നതെന്നും വിവരം ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.