മോഷണക്കേസുകളിൽ 35 വർഷം തടവ്; 18 വർഷത്തിനുശേഷം പ്രതിയെ വിട്ടയച്ച് ൈഹകോടതി
text_fieldsകൊച്ചി: വിവിധ മോഷണക്കേസുകളിൽ 35 വർഷത്തോളം വെവ്വേറെ തടവുശിക്ഷ ലഭിച്ച പ്രതിക്ക് 18 വർഷത്തിനുശേഷം ൈഹകോടതി വിധിയിലൂടെ ജയിൽ മോചനം. എറണാകുളം ആലുവ കടുങ്ങല്ലൂർ സ്വദേശി ശിവാനന്ദൻ എന്ന 61കാരനെയാണ് ശേഷിക്കുന്ന കാലത്തെ ശിക്ഷ ഇതുവരെ അനുഭവിച്ച തടവുശിക്ഷയിൽ ചേർത്ത് ഇളവ് ചെയ്ത് മോചിപ്പിക്കാൻ ജസ്റ്റിസ് അശോക് മേനോൻ ഉത്തരവിട്ടത്.
വിവിധ കോടതികളിലായി മോഷണം, ഭവനഭേദനം, വീടുകളിൽ അതിക്രമിച്ചു കയറൽ തുടങ്ങി 14 കേസുകളിൽ പ്രതിയായിരുന്ന ശിവാനന്ദന് എല്ലാ കേസുകളിലും കോടതികൾ ശിക്ഷ വിധിച്ചു. ആറു മാസം മുതൽ അഞ്ചു വർഷം വരെ തടവ് ശിക്ഷയാണ് ഓരോ കേസിലും ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന ഉത്തരവില്ലാത്തതിനാൽ 35 വർഷത്തെ ശിക്ഷയാണ് ഇപ്രകാരം ആകെ വിധിക്കപ്പെട്ടത്. 43,500 രൂപ പിഴയായും നൽകണം. 2003ൽ അറസ്റ്റിലായ ശിവാനന്ദൻ അന്നു മുതൽ ജയിലിലാണ്. ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ശിവാനന്ദൻ ശിക്ഷയിൽ ഇളവനുവദിക്കണമെന്നും 61 വയസ്സായ തന്നെ മോചിപ്പിക്കാൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
വ്യത്യസ്ത കേസുകളിലായി ദീർഘനാളത്തെ തടവുശിക്ഷ വിധിച്ചവർക്ക് ഒന്നിച്ച് അനുഭവിക്കുന്നതിനടക്കം ഉത്തരവോടെ ശിക്ഷയിൽ ഇളവനുവദിച്ചിട്ടുള്ളതായി ഹരജിക്കാരെൻറ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട ൈഹകോടതി, സുപ്രീംകോടതി ഉത്തരവുകളും കോടതിയുടെ ശ്രദ്ധയിൽപെടുത്തി.
പ്രതിക്ക് ലഭിച്ച ഏറ്റവും വലിയ ശിക്ഷ പറവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വിധിച്ച അഞ്ചു വർഷത്തെ തടവാണെന്നും മറ്റ് കേസുകളിൽ ഇതിനെക്കാൾ കുറഞ്ഞ കാലയളവാണ് തടവു ശിക്ഷയായി വിധിച്ചിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. 60ന് മേൽ പ്രായമുള്ള ഹരജിക്കാരൻ ഇപ്പോൾ തന്നെ 18 വർഷത്തെ തടവ് അനുഭവിച്ച് കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഹരജിക്കാരനെ മോചിപ്പിക്കാൻ ഉത്തരവിടുന്നതായി കോടതി വ്യക്തമാക്കി. എല്ലാ കേസുകളിലും ശിക്ഷ അനുഭവിച്ചതായി രേഖപ്പെടുത്തിയ ശേഷം പ്രതിയെ ഉടൻ മോചിപ്പിക്കാനാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.