ജനകീയ ഗായകൻ മെഹബൂബ് ഓർമയായിട്ട് 41 വർഷം
text_fieldsമട്ടാഞ്ചേരി: കൊച്ചിക്കാരുടെ ഓർമകളിൽപോലും മധുരം പെയ്യിക്കുന്ന ജനകീയ ഗായകൻ എച്ച്. മെഹബൂബ് ഓർമയായിട്ട് വെള്ളിയാഴ്ച 41 വർഷം തികയുകയാണ്. മെഹബൂബ് എന്ന പേരിന്‍റെ അർഥം സൂചിപ്പിക്കുംപോലെ തന്നെ കൊച്ചിക്കാർക്ക് എന്നും പ്രിയപ്പെട്ടവനായി മെഹബൂബ് മാറി. ഭായി എന്ന ഓമനപ്പേരാണ് മെഹബൂബിന് പഴയതലമുറ നൽകിയത്. ഇന്ന് പുതിയ തലമുറക്കാർക്കും മെഹബൂബ് പ്രായവ്യത്യാസമില്ലാതെ ഭായി തന്നെ.
1926ൽ ഫോർട്ട്കൊച്ചി പട്ടാളത്ത് ജാതിക്ക വളപ്പിൽ ഹുസൈൻ ഖാന്‍റെയും ഖാല ജാന്‍റെയും രണ്ടാമത്തെ മകനായി ദഖ്നി മുസ്ലിം കുടുംബത്തിൽ പിറന്ന മെഹബൂബ് ഖാൻ എന്ന ബാലൻ പട്ടിണിയോട് മല്ലടിച്ചാണ് വളർന്നത്. ബാല്യത്തിൽതന്നെ പിതാവ് മരിച്ചു. കുട്ടികളുടെ പട്ടിണി മാറ്റാൻ മാതാവ് ഖാല ജാൻ കല്യാണ വീടുകളിൽ ഡോൾ കൊട്ടി പാടാൻ പോയിരുന്നു. പലപ്പോഴും കൂടെ മെഹബൂബിനെയും കൂട്ടി. ഈ യാത്ര മെഹബൂബിനെ സംഗീതത്തോടടുപ്പിച്ചു. പിന്നീട് ബ്രിട്ടീഷ് പട്ടാളക്യാമ്പിൽ ഷൂ പോളിഷ് ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടപ്പോഴാണ് പട്ടാള ബാരക്കിലെ പാട്ടുകാരനായി മാറിയത്.
1950ൽ 'ചേച്ചി' എന്ന സിനിമയിൽ ആദ്യ ഗാനം റെക്കോഡ് ചെയ്തെങ്കിലും 1951ൽ ദക്ഷിണാമൂർത്തി സംഗീത സംവിധാനം നിർവഹിച്ച 'ജീവിതനൗക' എന്ന ചലച്ചിത്രത്തിൽ പി. ലീലയോടൊപ്പം പാടിയ 'വരൂ നായികേ...' എന്ന ഗാനവും 'ആകാലേ ആരും കൈവിടും...' എന്ന ഗാനവും മെഹബൂബിനെ മലയാള സിനിമാലോകത്ത് സുപരിചിതനാക്കി.
പിന്നീട് തൊട്ടതെല്ലാം പൊന്നാക്കി ഹിറ്റ് ഗാനങ്ങളിലൂടെ മെഹബൂബ് സംഗീതപ്രേമികളുടെ മനസ്സ് കീഴടക്കി. കാസ രോഗം പിടിപെട്ട് കാക്കനാട്ടെ ബന്ധുവീട്ടിൽ കഴിഞ്ഞിരുന്ന മെഹബൂബ് 1981 ഏപ്രിൽ 22ന് മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.