മതിലുകൾ തീർത്ത ‘തടവറ’ക്കുള്ളിൽ 44 കുടുംബം
text_fieldsഅമ്പലമേട്: ഒമ്പതരയേക്കർ സ്ഥലം, 44 കുടുംബങ്ങൾ, ചുറ്റും രണ്ടാൾ പൊക്കത്തിൽ മതിൽ, ഇതിനിടയിലൂടെ ചെറിയൊരു റോഡ്, അന്തരീക്ഷം നിറയെ വ്യവസായ സ്ഥാപനങ്ങളിലെ കറുത്ത പുക... അമ്പലമുകളിൽ അയ്യങ്കുഴി പ്രദേശത്തെ കാഴ്ചയാണിത്. കൊച്ചിൻ റിഫൈനറിയുടെയും എച്ച്.ഒ.സിയുടെയും മതിലുകൾ തീർത്ത ‘തടവറ’ക്കുള്ളിൽ വീർപ്പുമുട്ടി കഴിയുകയാണ് 44 കുടുംബങ്ങൾ.
ഈ മതിൽക്കെട്ടിനുള്ളിലെ രണ്ടും മൂന്നും സെന്റ് ഭൂമിയിലെ ചെറിയ കൂരയിലാണ് നൂറോളം ജീവിതങ്ങൾ രാപ്പകൽ കഴിച്ചുകൂട്ടുന്നത്. എന്തെങ്കിലും അപകടം ഉണ്ടായാൽ ഓടി രക്ഷപെടാൻപോലും കഴിയാതെ വരിഞ്ഞുമുറുക്കപ്പെട്ട ഇവർ സമര സമിതി രൂപവത്കരിച്ച് സമരം തുടരുകയാണ്.തെക്ക് പടിഞ്ഞാറ് ഭാഗം എച്ച്.ഒ.സിയും കിഴക്ക് വടക്ക് ഭാഗം റിഫൈനറിയുടെയും രണ്ടാൾ പൊക്കത്തിലുള്ള മതിലുകളാണ്. ഇവക്കിടയിലെ റോഡിലൂടെ മാത്രമേ ഇവിടെ എത്തിപ്പെടാൻ കഴിയുകയുള്ളൂവെന്ന് സമരസമിതി കൺവീനർ പങ്കജാക്ഷൻ പറഞ്ഞു.
1984 മുതൽ ഈ പ്രദേശത്തുള്ളവർ സമരത്തിലാണ്. ശബ്ദ, വായു മലിനീകരണം രൂക്ഷമാണ്. മഴ ആരംഭിച്ചതോടെ ദുർഗന്ധവും ശക്തം. താഴ്ന്ന പ്രദേശമായതിനാൽ എപ്പോഴും പുക നിറഞ്ഞിരിക്കുന്ന അവസ്ഥ. കുഞ്ഞുകുട്ടികൾക്കും പ്രായമായവർക്കും ശ്വാസകോശ സംബന്ധമായ രോഗങ്ങൾ വ്യാപകമാണ്. രോഗവുമായി ഡോക്ടറുടെ അടുത്ത് ചെല്ലുമ്പോൾ ഇവിടെ നിന്ന് മാറി താമസിക്കൽ മാത്രമാണ് പരിഹാരം എന്നാണ് പറയുന്നത്. കമ്പനികളുടെ മതിലിനോട് ചേർന്ന് 10 മീറ്റർപോലും അകലം ഇല്ലാതെയാണ് വീടുകളുള്ളത്.
വാടകക്ക് പോകാൻ നിവൃത്തിയില്ലാത്തതിനാലാണ് മകന്റെ രണ്ട് വയസ്സും 70 ദിവസവുമായ കുട്ടികളുമായി ഇവിടെ താമസിക്കുന്നതെന്ന് പ്രദേശവാസി ഗീത സോമൻ പറഞ്ഞു. കുട്ടികൾ ചെറുതായിരുന്നപ്പോൾ അഞ്ചു വർഷം വാടകക്ക് താമസിച്ചു. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയാതെ വന്നതോടെ വീണ്ടും ഇവിടെ വന്ന് താമസിക്കുകയാണെന്ന് ഷീന പറയുന്നു. കുട്ടികൾക്കും വീട്ടിലെ പ്രായമായവർക്കും ശ്വാസംമുട്ട് കാരണം പല കുടുംബങ്ങളും വാടകക്ക് മാറി താമസിക്കുകയാണ്. വാടകക്ക് കൊടുക്കാൻ പൈസയില്ലാത്തവർ ദുരിതം പേറി ഇവിടെ താമസിക്കുകയാണ്.
തന്റെ സഹോദരന്റെ മകനെ ഒരു വർഷത്തിനുള്ളിൽ 25 പ്രാവശ്യമാണ് ആശുപത്രിയിൽ കൊണ്ടുപോയതെന്ന് പലചരക്ക് വ്യാപാരി ബിജു പറയുന്നു. ഒരു കുട്ടി ജനിച്ചാൽ ഏഴു വയസ്സുവരെ തുടർച്ചയായി ചികിത്സ നൽകണം, ശേഷം അവർ ഇതുമായി ചേർന്ന് പോകുകയാണ്. മതിലിനോട് ചേർന്ന് താമസിക്കുന്ന 84 വയസ്സുള്ള ഭാസ്കരനും 73 വയസ്സുള്ള ചെല്ലമ്മയും പറയുന്നത് ‘തങ്ങളുടെ ജീവിതം ഏതായാലും പോയി, മക്കൾക്കെങ്കിലും സമാധാനത്തോടെ ജീവിക്കാൻ കഴിയണ’മെന്നാണ്.
രാത്രിയിൽ പലർക്കും ശ്വാസം മുട്ടലിനെ തുടർന്ന് ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. അടുത്തിടെ ഇവിടെ മൂന്ന് പേർ അർബുദം ബാധിച്ച് മരിച്ചിരുന്നു. നിലവിൽ രണ്ടുപേർ അർബുദബാധിതരാണ്. 40 വർഷമായി തങ്ങളുടെ വീടുകൾ പുതുക്കിപ്പണിയുന്നതിനോ അറ്റകുറ്റപ്പണി നടത്തുന്നതിനോ കഴിഞ്ഞിട്ടില്ല. പല വീടുകളുടെയും മേൽക്കൂര ഉൾപ്പെടെ തകർന്ന അവസ്ഥയിലാണ്. പുറത്തുനിന്ന് ആരും സ്ഥലം വാങ്ങാൻ വരില്ല. മക്കൾക്ക് നല്ലൊരു വിവാഹ ബന്ധംപോലും ലഭിക്കില്ലെന്ന് സിന്ധു പറയുന്നു.
സമരം നാല് പതിറ്റാണ്ടിലേക്ക്
39 വർഷമായി സമരത്തിലാണ് അയ്യങ്കുഴി നിവാസികൾ. 1984ൽ എച്ച്.ഒ.സി അയ്യങ്കുഴി ഭാഗത്തുനിന്ന് 100 ഏക്കറിലധികം ഭൂമി ഏറ്റടുത്തതോടെയാണ് ഇവിടെ പ്രശ്നങ്ങൾ ആരംഭിച്ചത്. 90ൽ വീണ്ടും റിഫൈനറിയും 100 ഏക്കറോളം ഏറ്റെടുത്തു. അന്ന് മുതൽ ആരംഭിച്ച പ്രതിഷേധം 2014ഓടെ നിയമപോരാട്ടത്തിന് വേദിയായി. ഇതേതുടർന്ന് 2016ലും18ലും 19ലും 20ലും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനിയും സമരസമിതിയും ചർച്ച നടത്തി.
ഇനി കമ്പനി ഭൂമി ഏറ്റെടുക്കുകയാണെങ്കിൽ അയ്യങ്കുഴി നിവാസികളുടെ ഭൂമി ഏറ്റെടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും 2022ൽ കോടതി കേസെടുത്തപ്പോൾ രണ്ട് കമ്പനികളോടും ചോദിച്ചങ്കിലും റിഫൈനറിക്ക് പുതിയ പദ്ധതികൾ ഇല്ലെന്നും എച്ച്.ഒ.സി പാപ്പരാണെന്നും കോടതിയിൽ പറഞ്ഞു. ഇതിൽ സർക്കാർ നിലപാട് കോടതി ആരാഞ്ഞതോടെ അന്നത്തെ കലക്ടർ ജാഫർ മാലിക്കിനെ കമീഷനായി നിയമിക്കുകയും അദ്ദേഹം സ്ഥലം സന്ദർശിച്ച് സർക്കാറിന് റിപ്പോർട്ട് നൽകുകയും ചെയ്തു. ആ റിപ്പോർട്ട് കോടതിക്ക് നൽകുകയും ഇതിന്റെ ഭാഗമായി ചീഫ് സെക്രട്ടറി തലത്തിൽ സമരസമിതി നേതാക്കളുമായി പലപ്രാവശ്യം ചർച്ച നടത്തുകയും ഈ സ്ഥലം ഏറ്റെടുത്ത് ഇ-വേസ്റ്റ് സൈക്ലിങ് പ്ലാൻറ് സ്ഥാപിക്കാൻ സർക്കാർ തീരുമാനിക്കുകയും അതിനായി നാല് മാസം ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ, ആ നാല് മാസം ഒന്നും ചെയ്യാൻ സർക്കാർ തയാറായില്ല. നാല് മാസം കഴിഞ്ഞപ്പോൾ വീണ്ടും കോടതിയിൽ മൂന്ന് മാസം കൂടി ആവശ്യപ്പെട്ടു. മൂന്ന് മാസം കഴിഞ്ഞിട്ടും സർക്കാർ ഒന്നും ചെയ്യാൻ തയാറായില്ല. കോടതി അലക്ഷ്യനടപടിയുമായി സമരസമിതി കോടതിയെ സമീപിച്ചതോടെ സ്ഥലം ഏറ്റെടുക്കാൻ പണം ഇല്ലെന്നാണ് സർക്കാർ പറയുന്നത്. ഈ കേസ് ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. 40 വർഷം കഴിയുമ്പോഴും സർക്കാറും കമ്പനികളും ചേർന്ന് തങ്ങളെ വഞ്ചിക്കുകയാണെന്നാണ് സമരസമിതി കൺവീനർ പങ്കജാക്ഷൻ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായതോടെ ദുർഗന്ധം ശക്തമാകുകയും പരിസരത്തുള്ളവർക്ക് ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് രാത്രിയിൽ കമ്പനിക്ക് മുന്നിൽ സമരം നടത്തുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് വീണ്ടും ദുർഗന്ധം ഉണ്ടായതായും നാട്ടുകാർ പറയുന്നു.
വാഹന സൗകര്യമില്ല,കുടിവെള്ള ക്ഷാമവും
അയ്യങ്കുഴി പ്രദേശത്തേക്ക് എത്തിപ്പെടുന്നതിന് വാഹന സൗകര്യം പോലും ഇല്ല. സ്വകാര്യ വാഹനങ്ങൾ മാത്രമാണ് ആശ്രയം. രണ്ട് മതിലിനിടയിലൂടെയുള്ള റോഡിലൂടെ രാത്രി നടന്ന് വരവും പ്രയാസമാണ്.പരിസരം കാടുകയറി കിടക്കുന്നതിനാൽ നായ് ശല്യവും പാമ്പ് ശല്യവും രൂക്ഷമാണ്. 1990വരെ ഇതിലൂടെ ബസ് സർവിസ് ഉണ്ടായിരുന്നു. എന്നാൽ, 90ൽ 100 ഏക്കറിലധികം സ്ഥലം റിഫൈനറി ഏറ്റെടുക്കുകയും വൻ മതിലുകൾ നിർമിക്കുകയും ചെയ്തതോടെ ബസ് സർവിസുകൾ നിർത്തുകയായിരുന്നു.
ഇവിടെ പ്രവർത്തിച്ചിരുന്ന അംഗൻവാടി, പ്രാഥമിക ആരോഗ്യകന്ദ്രം ഈ പ്രദേശത്തെ ഏറ്റവും വലിയ കുടിവെള്ള സ്രോതസ്സായ വലിയ തോട് ഇവയെല്ലാം കമ്പനിയുടെ മതിൽ കെട്ടിനകത്തായി. ഇതോടെ പരിസരത്ത് കുടിവെള്ളക്ഷാമം രൂക്ഷമായി. പരിസരത്ത് മലിനീകരണം ശക്തമായതോടെ കിണറുകളിലെ വെള്ളം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയുമായി. ഇതേതുടർന്ന് നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോട എച്ച്.ഒ.സി കമ്പനിയിലെത്തുന്ന വെള്ളത്തിന്റെ പൈപ്പ് പുറത്തേക്ക് ഇട്ടു കൊടുത്തു. ഇപ്പോൾ രാവിലെയും വൈകീട്ടും ഓരോ മണിക്കൂർ വീതം കിട്ടുന്ന വെള്ളമാണ് ഇവർക്ക് ആശ്രയം. അകലെയുള്ളവർ സമയം നോക്കി പാത്രങ്ങളിൽ നിറച്ച് ചുമന്നുകൊണ്ട് പോകണം. നിലവിലുള്ള റോഡിലൂടെ ഭാരമുള്ള വലിയ വണ്ടികളാണ് കടന്ന് പോകുന്നത്. ഇത് പലപ്പോഴും വാഹനാപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
കരുതൽ മേഖലയില്ല
ഇത്തരം വ്യവസായ മേഖലയിൽ കരുതൽ മേഖല നിർബന്ധമാണെങ്കിലും ഇവിടെ ഒരു നടപടിയും ഇല്ല. കരുതൽ മേഖലയിൽനിന്ന് 500 മീറ്റർ അകലത്തിലാണ് വീടുകൾ പാടുള്ളു എന്ന നിയമവും ഇവിടെ പാലിച്ചിട്ടില്ലെന്ന് സമരസമിതി പറയുന്നു. ഗ്രീൻ ബെൽറ്റ് സംവിധാനവും ഇവിടെ ഇല്ലെന്നാണ് സമരസമിതി ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.