കുന്നത്തുനാട്ടിൽ കുന്നോളം പ്രതീക്ഷകൾ
text_fields1965ൽ മണ്ഡല രൂപവത്കരണം മുതൽ ഇരുമുന്നണികളെയും മാറി മാറി വിജയിപ്പിക്കാറുണ്ടെങ്കിലും പൊതുവെ ഐക്യജനാധിപത്യ മുന്നണിക്കനുകൂലമായ മനസ്സാണ് കുന്നത്തുനാടിേൻറത്. മണ്ഡലമുണ്ടായ ശേഷം നടന്ന 13 നിയമസഭ െതരഞ്ഞെടുപ്പുകളിൽ എട്ട് തവണയും ജയിച്ചത് ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥികളാണ്. ഇക്കുറി കോർപറേറ്റ് സംഘടനയായ ട്വൻറി 20 യുടെ കടന്നുവരവാണ് മണ്ഡലത്തെ സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമാക്കുന്നത്. കഴിഞ്ഞതവണ കിഴക്കമ്പലം പഞ്ചായത്തിൽ മാത്രം ഒതുങ്ങിയ ഈ കൂട്ടായ്മ തദ്ദേശ തെരഞ്ഞെടുപ്പിൽ മഴുവന്നൂർ, കുന്നത്തുനാട്,ഐക്കരനാട് പഞ്ചായത്തുകൾ കൂടി പിടിച്ചെടുത്തു. നാല് പഞ്ചായത്തുകളിൽ നിന്നായി 43,000 വോട്ട് സമാഹരിച്ച ഇവർ നിയമസഭ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇവരുടെ പിന്തുണ ഉറപ്പിക്കുന്നതിനായി മുന്നണികൾ നീക്കം നടത്തുന്നുണ്ടെങ്കിലും വിജയം കണ്ടിട്ടില്ല.
പൂതൃക്ക, വാഴക്കുളം പഞ്ചായത്തുകളിൽ യു.ഡി.എഫും തിരുവാണിയൂർ, വടവുകോട് - പുത്തൻകുരിശ് പഞ്ചായത്തുകളിൽ എൽ.ഡി.എഫുമാണ് ഭരിക്കുന്നത്. നിയമസഭ െതരഞ്ഞെടുപ്പിൽ സിറ്റിങ് എം.എൽ.എ വി.പി. സജീന്ദ്രൻ തന്നെയാകും യു.ഡി.എഫ് സ്ഥാനാർഥി. ട്വൻറി 20 സാന്നിധ്യം കണക്കിലെടുത്ത് കൂടുതൽ കരുത്തനായ സ്ഥാനാർഥി വേണമെന്ന ആവശ്യം പാർട്ടി യിലുണ്ടെങ്കിലും നടപ്പാകാനിടയില്ല. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് പി.വി. ശ്രീനിജിൻ ആണ് ഇടത് പട്ടികയിൽ മുന്നിൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവ് എന്ന നിലയിൽ വർഷങ്ങളോളം മണ്ഡലത്തിൽ സജീവമായിരുന്ന ഇദ്ദേഹം 2016 ലെ നിയമസഭ െതരഞ്ഞെടുപ്പ് വേളയിലാണ് സി.പി.എമ്മിൽ ചേർന്നത്.
വനിത പ്രാതിനിധ്യം എന്ന പരിഗണന വന്നാൽ കഴിഞ്ഞ തവണ മത്സരിച്ച ഷിജി ശിവജിക്കും സാധ്യത കൽപ്പിക്കുന്നുണ്ട്. യോഗ്യനായ സ്ഥാനാർഥിക്കുവേണ്ടിയുള്ള അന്വേഷണത്തിലാണ് ട്വൻറി 20. സഭാ തർക്കത്തിന് പേരുകേട്ട മണ്ഡലത്തിൽ സഭ വോട്ടുകൾ നിർണായകമാണ്. എന്നാൽ, പ്രബലരായ യാക്കോബായ വിഭാഗം ഇത്തവണ മനസ്സ് തുറന്നിട്ടില്ല. ഇവരുടെ പിന്തുണക്കായും മുന്നണികൾ നെട്ടോട്ടത്തിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പതിനാറായിരത്തിൽ പരം വോട്ട് നേടിയ ബി.ജെ.പി. തദ്ദേശ തെരഞ്ഞെടുപ്പിൽ നിറം മങ്ങിയ പ്രകടനമാണ് നടത്തിയത്. ട്വൻറി 20 മത്സരിക്കാനെത്തിയാൽ ബി.ജെ.പി വോട്ടുകൾ ഭൂരിഭാഗവും ആ പെട്ടിയിൽ വീണേക്കാമെന്നാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുകൾ വ്യക്തമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.