രണ്ട് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
text_fieldsപള്ളുരുത്തി: വിൽപനക്ക് എത്തിച്ച രണ്ടുകിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി അറസ്റ്റിലായി. മുഹമ്മദ് സൽമാൻ (28) എന്നയാളെയാണ് കണ്ണമാലി പൊലീസ് ഇൻസ്പെക്ടർ എസ്.രാജേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.ബുധനാഴ്ച വൈകീട്ട് അഞ്ചോടെ തോണിത്തോട് പാലത്തിനുസമീപം മുണ്ടംവേലി കളത്തറ റോഡിൽ കുറ്റിക്കാട് നിറഞ്ഞ ഭാഗത്ത് ബാഗുമായി സംശയാസ്പദ സാഹചര്യത്തിൽ കണ്ട ഇയാൾ പൊലീസിനെ കണ്ട് ഓടിപ്പോകാൻ ശ്രമിക്കവേ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ബാഗിൽനിന്ന് കഞ്ചാവ് കണ്ടെടുത്തത്. ഗൂഗ്ൾ പേ വഴി പണം സ്വീകരിച്ച് വാട്സ്ആപ് വഴി സന്ദേശം നൽകിയാണ് കച്ചവടം.
ഇതര സംസ്ഥാനക്കാരനായതിനാൽ ആരും സംശയിച്ചുമില്ല. ഇയാൾക്ക് മലയാളിയായ ഇടനിലക്കാരനുണ്ടെന്നും പൊലീസ് പറഞ്ഞു. കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഇയാൾ കൊച്ചിയിൽ ജോലി ചെയ്തിരുന്ന സമയത്തും സംഘം ചേർന്ന് നാട്ടിൽ പോയി ട്രെയിൻ മാർഗം കഞ്ചാവ് എത്തിച്ച് കൊച്ചിയിൽ വ്യാപകമായി വിൽപന നടത്തിയിരുന്നതായും കണ്ടെത്തി. കുറച്ചുനാളായി ഇയാൾ ഹോട്ടൽ ജോലി നിർത്തി കഞ്ചാവ് വിൽപന നടത്തി വരുകയായിരുന്നു.
കൊച്ചിയിലും പരിസരങ്ങളിലും നിരവധിപേർ ഇയാളുടെ ഇടപാടുകാരാണെന്ന് കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി. ബംഗാളിൽനിന്ന് കിലോക്ക് 4000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ 40,000 രൂപക്കാണ് വിറ്റുവന്നിരുന്നത്. എസ്.ഐ നവീൻ, എ.എസ്.ഐമാരായ ഫ്രാൻസിസ്, സുനിൽകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ബേബിലാൽ, വിനോദ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.