കാന തകർന്നിട്ട് ഒരു വർഷം വെള്ളപ്പൊക്ക ഭീഷണിയിൽ എടത്തോട് പാടംകോളനി നിവാസികൾ
text_fieldsഅങ്കമാലി: ഒരു വർഷം കഴിഞ്ഞിട്ടും ഇടിഞ്ഞ കാന പുനർ നിർമിക്കാത്തതിൽ പ്രതിഷേധിച്ച് നഗരസഭ 25ാം വാർഡ് എടത്തോട് പാടംകോളനി നിവാസികൾ സമരത്തിനൊരുങ്ങുന്നു. കോളനിയിൽനിന്ന് പെയ്ത്തുവെള്ളം തോട്ടിലേക്കൊഴുകുന്നതിനാണ് കാന നിർമിച്ചത്. എന്നാൽ, ഒരു വർഷമായി ഇത് തകർന്നിരിക്കുകയാണ്. പൈപ്പ് സ്ഥാപിച്ചപ്പോഴാണ് കാന ഇടിഞ്ഞത്. പുനർനിർമിക്കുകയോ അറ്റകുറ്റപ്പണി പൂർത്തിയാക്കുകയോ വേണമെന്ന് കോളനിവാസികൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ ചെവിക്കൊള്ളുന്നില്ല. കാന ഇടിഞ്ഞതിനാൽ മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമാകുമെന്ന ആശങ്കയിലാണ് നിവാസികൾ. 60 കുടുംബങ്ങളാണ് കോളനിയിൽ താമസിക്കുന്നത്. മഴക്കാലത്തിന് മുമ്പ് കാനഇടിഞ്ഞത് ശരിയാക്കിയില്ലെങ്കിൽ ഇക്കുറിയും എടത്തോട് പാടം കോളനി വെള്ളത്തിൽ മുങ്ങും. നഗരസഭ ചെയർമാനും സെക്രട്ടറിക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. ഇതേ തുടർന്നാണ് കാനയുടെ ഇടിഞ്ഞ ഭാഗം പണിയും വരെ സമരവുമായിമുന്നോട്ട് പോകാൻ ആക്ഷൻ കൗൺസിൽ തീരുമാനിച്ചത്.
ശനിയാഴ്ച നഗരസഭ ഓഫിസിന് മുന്നിൽ ധർണ സംഘടിപ്പിക്കുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികളായ പി.എം. ജോയി, കെ.ജെ. ജോസഫ്, ബേബി പാറേക്കാട്ടിൽ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.