കുരുതിക്കളമായി എളംകുളം
text_fieldsകൊച്ചി: ഏഴുമാസത്തിനിടെ എളംകുളത്ത് പൊലിഞ്ഞത് ഒമ്പത് കുടുംബങ്ങളുടെ ആശ്രയം. വ്യത്യസ്ത അപകടങ്ങളിൽ ഇവിടെ ഒമ്പതുപേർക്കാണ് ജീവൻ നഷ്ടമായത്. പരിക്കേറ്റവരും നിരവധി.
അപകടം പതിയിരിക്കുന്ന എളംകുളം വളവിൽ വീണ്ടുമൊരു യുവാവിെൻറ മരണത്തിന് സാക്ഷിയായപ്പോൾ ശാശ്വത പരിഹാരമാണ് പ്രദേശത്തുള്ളവർ ആവശ്യപ്പെടുന്നത്. അശാസ്ത്രീയ റോഡ് നിർമാണവും അമിതവേഗവുമാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്.
വാഹനം ഓടിക്കുന്നവർക്ക് വേഗത്തിൽ തിരിച്ചറിയാൻ കഴിയാത്ത ചെറിയ വളവാണ് മുഖ്യകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വേഗത്തിലെത്തുന്ന വാഹനങ്ങൾ പെട്ടെന്ന് തിരിക്കാൻ ശ്രമിക്കുമ്പോൾ നിയന്ത്രണംവിട്ട് മറിഞ്ഞാണ് അപകടം സംഭവിക്കുന്നത്.
ഇവിടെ ആവശ്യത്തിന് ചരിവ് ഇല്ലെന്നതും കാരണമായി പറയുന്നു. ബൈക്ക് യാത്രക്കാരാണ് അപകടത്തിൽപെടുന്നതിലധികവും. ഒരാഴ്ച മുമ്പ് കടവന്ത്ര കുഡുംബി കോളനിവാസികളായ രണ്ട് യുവാക്കൾ ഇവിടെ അപകടത്തിൽ മരിച്ചിരുന്നു.
കൊച്ചി കോർപറേഷൻ മേയർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. മെട്രോ തൂണിലും വഴിവിളക്ക് കാലുകളിലും ഇടിച്ചുകയറിയാണ് മിക്കപ്പോഴും അപകടം സംഭവിക്കുന്നത്. ഇവിടെ വഴിയോരെത്ത വൈദ്യുതി പോസ്റ്റുകൾ ഉടൻ നീക്കം ചെയ്യുമെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ നാട്ടുകാർക്ക് വാക്കുനൽകി. പകരം ഭൂമിക്കടിയിലൂടെ കേബിൾ വലിക്കാനാണ് തീരുമാനം.
അപകടത്തെത്തുടർന്ന് സ്ഥലത്ത് എത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരോട് വ്യാപാരികളും നാട്ടുകാരും ഇക്കാര്യം ആവശ്യപ്പെടുകയായിരുന്നു. അപകടത്തിന് ആക്കം കൂട്ടിയ ഫുട്പാത്തിലെ ഉയർന്ന് നിൽക്കുന്ന ഭാഗം കോർപറേഷൻ ജീവനക്കാർ പൊളിച്ചുമാറ്റിയിട്ടുണ്ട്.
സംസ്ഥാനത്ത് കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ റോഡപകടങ്ങൾ നടന്നത് എറണാകുളം ജില്ലയിലാണ്. 2020ൽ ജില്ലയിൽ 3967 അപകടമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 1437 എണ്ണം എറണാകുളം റൂറലിലും 2530 എണ്ണം സിറ്റിയിലുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.