തിരിഞ്ഞുനോക്കാതെ അധികൃതർ; ആലുവ-മൂന്നാർ റോഡിൽ അപകടം തുടർക്കഥ
text_fieldsകീഴ്മാട്: തകർന്ന് തരിപ്പണമായ ആലുവ-മൂന്നാർ ദേശസാത്കൃത റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. നിത്യേന അപകടങ്ങളുണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കഴിഞ്ഞ വർഷം മാറമ്പിള്ളി സ്വദേശിയുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്ന ചാലക്കൽ പതിയാട്ടുകവലയിലുള്ള കുഴിയിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ നാല് വാഹനം അപകടത്തിൽപെട്ടു. രണ്ട് ഇരുചക്രവാഹനവും രണ്ട് കാറുമാണ് അപകടത്തിൽപെട്ടത്.
ഇതിൽ പലർക്കും പരിക്കേൽക്കുകയും വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. ഈ റോഡിലെ മറ്റു പലയിടങ്ങളിലും അപകടങ്ങൾ തുടർക്കഥയാകുകയാണ്. മഹിളാലയം ന്യൂ ഇറ ക്ലിനിക്കിന് സമീപം കഴിഞ്ഞ രാത്രി നടന്ന അപകടത്തിൽ കുട്ടമശ്ശേരി തുരുത്തിക്കാട് രഞ്ജിത്തിന് പരിക്കേറ്റി. ജൽ ജീവൻ പദ്ധതിക്കായി പൈപ്പിടാൻ റോഡ് കുഴിച്ചതാണ് പ്രശ്നമായത്. വാട്ടർ അതോറിറ്റിയുടെയും കരാറുകാരുടെയും അനാസ്ഥ മൂലം പൈപ്പിടൽ വൈകി. ഇതുമൂലം ടാറിങ് നടന്നില്ല. പ്രതിഷേധങ്ങൾക്കിടെ പൈപ്പിട്ട ശേഷം റോഡിലെ കുഴികൾ മെറ്റലും പൊടിയും ഉപയോഗിച്ച് മൂടുകയാണ് ചെയ്തത്.
എന്നാൽ, മഴയിൽ അതെല്ലാം ഒഴുകിപ്പോകുകയും വലിയ കുഴികൾ രൂപപ്പെടുകയുമായിരുന്നു. ഈ കുഴികളാണ് യാത്രക്കാർക്ക് മരണക്കെണിയായി മാറിയിരിക്കുന്നത്. ഇത്രയേറെ അപകടങ്ങൾ നടന്നിട്ടും ഒരു സൂചന ബോർഡുപോലും വെക്കാൻ പി.ഡബ്ല്യു.ഡി അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായിട്ടില്ല. അധികൃതരുടെ അനാസ്ഥക്കെതിരെ ജനകീയ റോഡ് സുരക്ഷ സമിതി നേതൃത്വത്തിൽ കുട്ടമശ്ശേരി സർക്കുലർ കവലയിൽ പ്രതിഷേധം സംഘടിപ്പിച്ചു. വിവിധ സ്ഥലങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുന്നുണ്ടെങ്കിലും അധികൃതർ കണ്ണടച്ച മട്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.