ഒരു കത്തിലൂടെ നാടിന് 'വഴികാട്ടി' അക്യൂന
text_fieldsപള്ളുരുത്തി: കുമ്പളങ്ങിയിലെ തകർന്ന് തരിപ്പണമായ എം.വി. രാമൻ റോഡ് പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്ക് കത്തെഴുതിയ എട്ടാം ക്ലാസ് വിദ്യാർഥിയായ അക്യൂന നാട്ടിലെ താരമായി മാറി. ശനിയാഴ്ച രാവിലെ കെ.ജെ. മാക്സി എം.എൽ.എ എത്തിയത് സന്തോഷവാർത്ത അറിയിക്കാനായിരുന്നു. ക്രിസ്മസിന് മുമ്പ് റോഡ് പുനർനിർമിച്ചുനൽകുമെന്ന ഉറപ്പാണ് അദ്ദേഹം നൽകിയത്.
20 വർഷത്തിലേറെയായി തകർന്നുകിടക്കുന്ന റോഡ് അക്യൂനയുടെ എഴുത്തിലൂടെ പുനർനിർമിക്കാൻ നടപടിയായതോടെ പ്രദേശവാസികളും സന്തോഷത്തിലാണ്.
കഴിഞ്ഞ ദിവസമാണ് മന്ത്രിക്ക് ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി കത്തെഴുതിയത്. മന്ത്രിയുടെ ഓഫിസിൽനിന്ന് ഉടൻ നടപടിയുണ്ടാകുമെന്ന് അറിയിച്ചെങ്കിലും ഇത്ര പെട്ടെന്ന് കാര്യങ്ങൾ നീങ്ങുമെന്ന് അക്യൂനയും കരുതിയില്ല. മന്ത്രിയുടെ ഓഫിസ് തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ടാണ് അടിയന്തര നടപടി സ്വീകരിച്ചത്. റോഡ് പുനർനിർമാണത്തിന് എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തു. ഇക്കാര്യം അറിയിക്കാനാണ് എം.എൽ.എ വീട്ടിലെത്തിയത്. 60 ലക്ഷം രൂപയാണ് റോഡിന് വകയിരുത്തിയിരിക്കുന്നത്. ടെൻഡർ നടപടിയും ആരംഭിച്ചിരിക്കുകയാണ്. കുമ്പളങ്ങി ഔവർ ലേഡി ഓഫ് ഫാത്തിമ സ്കൂൾ വിദ്യാർഥിയാണ് അക്യൂന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.