ആദം ആവശ്യപ്പെടുന്നു, കർഷകരെ ആദ്യം പരിഗണിക്കൂ...
text_fieldsകൊച്ചി: വാഴക്കുളം പഞ്ചായത്തിലെ ചെറുവേലിക്കുന്ന് തുറയിലെ പാടത്ത് മിക്കവാറും കാണാം ആദമിനെ. മുട്ടറ്റം ചളിയിലൂടെ ട്രാക്ടർ ഓടിച്ചും താറാവുകളെ പരിപാലിച്ചും പ്രകൃതിയുടെ ഭാഗമായിട്ടൊരു മനുഷ്യൻ. ജീവിതം തുടങ്ങിയതുതന്നെ കൃഷിയിൽ. ഇന്ന് 84ാം വയസ്സിലും പാടത്തിറങ്ങി പണിയെടുക്കുന്നു. ഈ പ്രായത്തിലും ഇതെങ്ങനെയെന്ന് ചോദിച്ചാൽ മരിക്കുവോളം കർഷകനായിത്തന്നെ തുടരുമെന്ന് ചിരിച്ചുകൊണ്ട് പറയും ആദം - '' 64 വർഷമായി ഞാൻ നെൽകൃഷി ചെയ്യുന്നുണ്ട്. ഇതുവരെ അത് മുടങ്ങിയിട്ടില്ല. ജീവിക്കുന്നതുതന്നെ ഈ കൃഷി ചെയ്താണ്. 41 വർഷമായി താറാവിനെയും വളർത്തുന്നു. അതിെൻറ മുട്ട വിറ്റും ജീവിതമാർഗം കണ്ടെത്തുന്നു'' തോർത്തുകൊണ്ട് മുഖത്തെ വിയർപ്പൊപ്പി അദ്ദേഹം പറയുന്നു.
കൃഷിയെയും കൃഷിക്കാരനെയും നിലനിർത്താനുള്ള കാര്യങ്ങളാണ് വേണ്ടത്. പണ്ടത്തെ രീതികളെല്ലാം ഇന്ന് കൃഷിയിൽനിന്ന് മാറി. ഓരോ മാറ്റത്തിനും അനുസരിച്ച് കൃഷിക്കാരനും മാറാതെ പറ്റില്ലെന്ന അവസ്ഥയായി. നഷ്ടവും ലാഭവും നോക്കാതെ അത് തുടരുകയാണെന്ന് അദ്ദേഹം പറയുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ചെറുവേലിക്കുന്നിലെ ആരവവും വാശിയും കാണുേമ്പാൾ പഴയകാലത്തെ തെരഞ്ഞെടുപ്പ് ഓർമകളും ആദമിെൻറ മനസ്സിൽ മുളപൊട്ടും.
''പെരുമ്പാവൂരിൽ മജീദ് മരയ്ക്കാറിന് വേണ്ടിയാണ് ആദ്യമായി വോട്ടുചെയ്തത്. അന്ന് നാലഞ്ച് കിലോമീറ്റർ നടന്നാണ് പെരുമ്പാവൂർ വരെ പോയത്. പണ്ടുകാലത്ത് ആനയൊക്കെയായിരുന്നു ചിഹ്നം. ടി.ഒ. ബാവയെന്ന കോൺഗ്രസ് നേതാവ് മത്സരിച്ചത് കാള അടയാളത്തിൽ''- ഓർമകൾക്ക് ഇപ്പോഴും ചെറുപ്പം.
''അന്ന് കാളവണ്ടിയിലായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണം. മതിലെഴുത്ത് അന്നുമുണ്ട്. ഒപ്പം കള്ളവോട്ടും. എന്ന് കരുതി കള്ളവോട്ട് ചെയ്യാനൊന്നും ഞാൻ പോയിട്ടില്ല'' -ചിരിച്ചുകൊണ്ട് ആദത്തിെൻറ വാക്കുകൾ. ചെറുവേലിക്കുന്ന് തുറയിൽ വികസനത്തിെൻറ പേരിൽ അശാസ്ത്രീയമായി തടയണ കെട്ടിയതിെൻറ ദുരിതങ്ങളാണ് അടുത്തിടെ ആദത്തിെൻറ മനസ്സ് വിഷമിപ്പിച്ചത്. ഇതുമൂലം പാടത്തേക്ക് വെള്ളം കയറി മൂന്നുവർഷമായി കൃഷി നശിക്കുന്നു.
തടയണ കെട്ടിയത് മൂലം അഞ്ച് ഏക്കർ വരുന്ന ജലാശയം മണ്ണ് മൂടിപ്പോയത് ആരും ശ്രദ്ധിക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ആദമിെൻറ നാലുമക്കളിൽ രണ്ടുപേരും കൃഷിക്കാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.