ബാറ്ററികൾ വീണ്ടും ചാർജ് ചെയ്ത് ഉപയോഗിക്കാനാകുന്ന ഉപകരണവുമായി ആദി ശങ്കര വിദ്യാർഥികൾ
text_fieldsകാലടി: വാഹനങ്ങളിലെയും മറ്റും ഉപയോഗ ശൂന്യമാകാറായ ബാറ്ററികൾ വീണ്ടും ചാർജ് ചെയ്ത് ഉപയോഗിക്കാനാകുന്ന ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുകയാണ് കാലടി ആദിശങ്കര എൻജിനീയറിങ് കോളജ് വിദ്യാർഥികൾ. ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ മൂന്നാം വർഷ വിദ്യാർഥികളായ ഭഗത്ത് ശിവദാസൻ, യു. അഭയ് കൃഷ്ണ, ഡാലിയ ജോസഫ് എന്നിവർ ചേർന്നാണ് ഡീപ് ഡിസ്ചാർജ്ഡ് ബാറ്ററി ചാർജർ എന്ന ഉപകരണം വികസിപ്പിച്ചെടുത്തത്. ഗാർഹിക ഇൻവെർട്ടറിൽ ചില മാറ്റങ്ങൾ വരുത്തിയാണ് ബാറ്ററി ചാർജിങ് യൂനിറ്റ് രൂപകൽപന ചെയ്തത്.
കോവിഡ് കാലത്ത് ആദിശങ്കര എൻജിനീയറിങ് കോളജ് പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ നിരത്തിലിറക്കാൻ കഴിഞ്ഞിട്ടില്ല. അതുമൂലം വാഹനങ്ങളിലെ ബാറ്ററികൾ നശിച്ചു പോകുകയാണ്. ഇതിന് ഒരു പരിഹാരം കാണുന്നതിനായാണ് വിദ്യാർഥികൾ ചാർജിങ് യൂനിറ്റ് വികസിപ്പിച്ചത്. ഇന്ന് പ്രചാരത്തിലുള്ള ചാർജിങ് സംവിധാനങ്ങൾ ബാറ്ററികളുടെ ദീർഘ കാല ഉപയോഗ ക്ഷമത കുറക്കും. കൂടാതെ ചെലവും കൂടുതലാണ്. എന്നാൽ, വിദ്യാർഥികൾ വികസിപ്പിച്ച ഉപകരണത്തിന് 500 രൂപ മാത്രമാണ് അധിക ചെലവ്. എത്ര ബാറ്ററി വേണമെങ്കിലും ഇത് ഉപയോഗിച്ച് ചാർജ് ചെയ്യാനാകും. ഏഴ് എ.എച്ച് മുതൽ 220 എ.എച്ച് വരെയുള്ള 12 വോൾട്ട് ബാറ്ററികൾ ചാർജ് ചെയ്യാൻ സാധിക്കും. വകുപ്പ് മേധാവി പ്രഫ. എസ്. ഗോമതി, പ്രഫ. ഡോ. ജിനോ പോൾ, ടെക്നിക്കൽ സ്റ്റാഫ് ലൈസൺ ജോൺ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.