ഇവിടം മികവിന്റെ വിളനിലം
text_fieldsകുന്നുകര: മികവിന്റെ വിളനിലമാകുകയാണ് കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്കൂൾ വളപ്പിൽ സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളുടെ കൃഷി. സ്കൂളിൽ എസ്.പി.സി യൂനിറ്റ് പ്രവർത്തനമാരംഭിച്ച 2021 മുതൽ വിവിധ മേഖലകളിൽ കാഡറ്റുകൾ സജീവമാണ്. സ്കൂൾ അടുക്കളയോട് ചേർന്ന മൂന്ന് സെന്റ് സ്ഥലത്ത് നാല് വർഷമായി നടത്തിവരുന്ന കൃഷികൾ ഇവരുടെ ഇടപെടലിന്റെ പാഠങ്ങൾ രചിക്കുന്നു. ആദ്യ മൂന്നുവർഷം പച്ചക്കറിയാണ് കൃഷി ചെയ്തത്. രണ്ട് വർഷമായി ബന്ദിപ്പൂ കൃഷിയുമുണ്ട്. കഴിഞ്ഞ വർഷം ‘മധുര വനം’ എന്ന പേര് നൽകി പേര, സപ്പോട്ട, വിവിധയിനം മാമ്പഴങ്ങൾ, പ്ലാവുകൾ, റമ്പുട്ടാൻ, ചെറുനാരകം തുടങ്ങിയ കൃഷികളും തുടങ്ങി. പച്ചക്കറികൾ പ്രധാനമായും സ്കൂളിലെ ഉച്ചഭക്ഷണത്തിനാണ് ഉപയോഗിക്കുന്നത്.
ഇത്തവണ ഇഞ്ചി കൃഷിയാണ്. സ്കൂൾ വളപ്പിലെ കൃഷിയിടത്തിൽ ചെയ്യേണ്ട കൃഷികൾ ഏതെന്ന ചർച്ചയിൽ 48 പൊലീസ് കാഡറ്റ് അംഗങ്ങളും ഐകകണ്ഠ്യേന തെരഞ്ഞെടുത്തതാണ് ഇഞ്ചി കൃഷി. കുന്നുകര സർവിസ് സഹകരണ ബാങ്കാണ് വിത്ത് തയാറാക്കി നൽകിയത്. സീനിയർ കാഡറ്റുമാരായ സി.എം. മുഹമ്മദ്, മുഹമ്മദ് ഇഷാൻ, എയ്ഞ്ചൽ ബിനോയ്, ജിയാന്ന തുടങ്ങിയവരുടെയും സ്കൂളിലെ കമ്യൂണിറ്റി പൊലീസ് ഓഫിസർമാരായ പി.ജെ. സൈജു, പി.എസ്. പ്രീതി എന്നിവരുടെയും നേതൃത്വത്തിൽ ശാസ്ത്രീയ കൃഷിരീതിയാണ് അവലംബിച്ചത്. വിളവെടുപ്പിന് മുന്നോടിയായി സ്കൂൾ മാനേജർ ഫാ. ജോഷി വേഴപ്പറമ്പിലിന്റെ നേതൃത്വത്തിൽ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെ സ്റ്റുഡന്റ് പൊലീസ് കാഡറ്റ് ചുമതലയുള്ള ഡ്രില്ലിങ് ഇൻസ്ട്രക്ടർമാരായ ദീപ എസ്. നായർ, ലിൻസൺ പൗലോസ്, എ.എസ്. അനു, ഹെഡ്മിസ്ട്രസ് ലീന തുടങ്ങിയവർ കൃഷിയിടം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.