കോട്ടപ്പുറത്ത് വീട് കുത്തിത്തുറന്ന് വൻ കവർച്ച
text_fieldsആലങ്ങാട്: ആലുവ-പറവൂർ റൂട്ടിൽ ആലങ്ങാട് കോട്ടപ്പുറത്ത് ചുള്ളിപറമ്പിൽ സൈഫി റഹ്മാന്റെ വീട്ടിൽ വൻ കവർച്ച. വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ അടക്കം മോഷ്ടിച്ചു. തിങ്കളാഴ്ച കുടുംബസമേതം യാത്രപോയ സമയത്താണ് മോഷണം നടന്നത്. യാത്രപോയത് അറിയാവുന്നവരാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ആലങ്ങാട് പൊലീസ് സ്റ്റേഷന്റെ ഒരു കിലോമീറ്റർ ചുറ്റളവിലാണ് കവർച്ച.
ചൊവ്വാഴ്ച പുലർച്ചയാണ് മോഷണം നടന്നത്. അടുക്കള ഭാഗത്തെ നാല് വാതിൽ തകർത്ത് അകത്തുകയറിയ സംഘം നാല് ലാപ്ടോപ്, 17000 രൂപ, രണ്ട് സ്മാർട്ട് വാച്ച്, വിഡിയോ ഗെയിം ഉപകരണങ്ങൾ എന്നിവയടക്കം മോഷ്ടിച്ചു. വിലപിടിപ്പുള്ള ഓഫീഷ്യൽ ടാറ്റകളും പഠന സാമഗ്രികളും ഉൾപ്പെടെ മുഴുവൻ ഡാറ്റകളും ലാപ്ടോപ്പുകളിലുണ്ട്.
എ.ടി.എം കാർഡ്, തിരിച്ചറിയൽ രേഖകൾ അടങ്ങിയ പഴ്സ്, ട്രാവൽ ബാഗ് എന്നിവയും നഷ്ടപ്പെട്ടിട്ടുണ്ട്. മുറികളിലെ കബോഡുകളും ഇരുമ്പ് അലമാരകളും തുറന്ന് സാധനങ്ങളും വസ്ത്രങ്ങളും വരിവലിച്ചിട്ടിരിക്കുകയാണ്. ഫ്രിഡ്ജ് തുറന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. സ്വർണത്തിനായി അരിച്ചുപെറുക്കിയെങ്കിലും കിട്ടിയില്ല. രണ്ട് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ സി.സി ടി.വി ഓഫ് ലൈൻ കാണിച്ചപ്പോൾ വീട്ടുടമ അയൽവാസിയെ വിളിച്ച് വിവരം അറിയിച്ചു. അയാൾ വീട് പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിയുന്നത്.
സി.സി ടി.വിയുടെ ഡി.വി.ആറും ഹാർഡിസ്ക്കും മോഷ്ടിച്ചനാൽ വിഡിയോ ക്ലിപ്പുകൾ കിട്ടിയിട്ടില്ല. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല.
അതേസമയം, കവർച്ചക്കാർ എത്തിയതെന്ന് സംശയിക്കുന്ന ഇരുചക്ര വാഹനത്തിന്റെ നമ്പർ പ്രകാരം പൊലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാൽ, വ്യാജ നമ്പർ പതിച്ച വാഹനമാണന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതേ നമ്പറുലുള്ള മറ്റൊരു വാഹനം പെരുമ്പാവൂരിലുള്ള ഒരു വീട്ടിൽ കണ്ടെത്തിയെങ്കിലും കവർച്ചയുമായി ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു.
മോഷണക്കേസിലെ പ്രതി പിടിയിൽ
അങ്കമാലി: റെയിൽവേ സ്റ്റേഷനിലും ബസ്സ്റ്റാൻഡുകളിലും മോഷണം നടത്തുന്നയാളെ അങ്കമാലി പൊലീസ് പിടികൂടി. ആലപ്പുഴ തുമ്പോളി ആഞ്ഞിലി പറമ്പിൽ വീട്ടിൽ അഫ്സലിനെയാണ് (30) വെള്ളിയാഴ്ച പുലർച്ച അഞ്ചിന് അങ്കമാലി റെയിൽവേ സ്റ്റേഷനിൽനിന്ന് പിടികൂടിയത്. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തിരുന്ന യാത്രക്കാരന്റെ 5000 രൂപയും ആധാർ കാർഡും മറ്റ് വിലപ്പെട്ട രേഖകളും കവർന്ന കേസിലാണ് അറസ്റ്റിലായത്.
പൊലീസ് ചോദ്യം ചെയ്തതോടെ ഇയാൾ നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞു. പിടിയിലായാൽ പേരുകൾ തെറ്റിച്ചാണ് പറയാറുള്ളതെന്നും പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ പി. ലാൽ കുമാർ, സീനിയർ സി.പി.ഒമാരായ അജിത തിലകൻ, അജിത്കുമാർ, ദിലീപ് കുമാർ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.