ആലങ്ങാട് മേഖലയിൽ കവർച്ചയും മോഷണശ്രമവും വ്യാപകം
text_fieldsകരുമാല്ലൂർ: ആലങ്ങാട്, കരുമാല്ലൂർ മേഖലകളിൽ ജനങ്ങളിൽ ഭീതി പരത്തി മോഷ്ടാക്കൾ സജീവമായിട്ടും ആലങ്ങാട് പൊലീസ് നിസ്സംഗതയിലെന്ന് ആക്ഷേപം. ഒരു വർഷത്തിനിടെ നിരവധി കവർച്ചകളും മോഷണശ്രമവുമാണ് ഈ മേഖലയിലുണ്ടായത്. എന്നാൽ മോഷ്ടാക്കളെ പിടികൂടുന്നതിൽ പൊലീസ് പരാജയപ്പെട്ടതായി നാട്ടുകാർ പറയുന്നു. ഏറ്റവുമൊടുവിൽ ആലങ്ങാട് കോട്ടപ്പുറം സംസ്ഥാന പാതയോരത്ത് ബിവറേജസ് ഔട്ട്ലറ്റിനടുത്ത് ചുള്ളിപ്പറമ്പിൽ സൈഫി റഹ്മാന്റെ വീട്ടിലാണ് ആസൂത്രിത മോഷണം നടന്നത്. പണവും ലാപ് ടോപ്പുകളും ഉൾപ്പടെ കവർന്നു. മേയ് 28ന് പുലർച്ചെ വീട്ടിൽ ആളില്ലാത്തത് മനസ്സിലാക്കിയാണ് കവർച്ച നടത്തിയത്. രണ്ടാഴ്ച് കഴിഞ്ഞിട്ടും മോഷ്ടാക്കളെ കുറിച്ച് പൊലീസിന് ഒരു തുമ്പും കിട്ടിയിട്ടില്ല.
കാലവർഷം ശക്തമായതോടെ മേഖലയിൽ വ്യാപക മോഷണശ്രമങ്ങളുണ്ടായി. കഴിഞ്ഞ ദിവസം മാഞ്ഞാലിയിൽ രണ്ട് കടകൾ കുത്തിത്തുറക്കാൻ ശ്രമം നടത്തിയെങ്കിലും നാട്ടുകാർ അറിഞ്ഞതുകൊണ്ട് ശ്രമം പരാജയപ്പെട്ടു. തട്ടാംപടിയിൽ രണ്ടുവർഷംമുമ്പ് വീട്ടിൽനിന്ന് 10 പവനും രണ്ടുലക്ഷം രൂപയും കവർന്ന കേസിൽ ഇതുവരെ പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ആറുമാസത്തിനിടയിൽ ആരാധാനലയങ്ങളുടെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിലും പ്രതികളെ കണ്ടെത്തിയിട്ടില്ല. ആലങ്ങാട് കുന്നേൽ പ്രദേശത്ത് ഒരു വീടും ക്രിസ്ത്യൻ ദേവാലയത്തിന്റെ ഭണ്ഡാരവും കുത്തിത്തുറന്നിരുന്നു.
ഇതിന് പുറമെ നീറിക്കോട് കാരിക്കുഴി റോഡിലെ വീട്ടിൽ ടെറസിന് മുകളിൽ കൂടി കയറിയ കള്ളൻ ഒന്നാം നിലയിലെ വീടിന്റെ വാതിലും ബാത്ത് റൂമിന്റെ വാതിലും പൊളിച്ചുമാറ്റി. വീട്ടുകാർ ബഹളം വെച്ചതോടെ മോഷ്ടാക്കൾ കടന്നുകളഞ്ഞു. ഈ സംഭവങ്ങളിൽ ഒന്നിൽപോലും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ല. നിർത്തിയിട്ട വാഹനങ്ങളുടെ ബാറ്ററികൾ ഊരിക്കൊണ്ടുപോയ സംഭവവും ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോഴും ആലങ്ങാട് പൊലീസ് നിഷ്ക്രിയമായ അവസ്ഥയാണ്. ചെറുതും വലുതുമായ നിരവധി കവർച്ചകളും മോഷണശ്രമങ്ങളും അരങ്ങേറിയിട്ടും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
പൊലീസിന്റെ രാത്രികാല പട്രോളിങ് ഉൾപ്പെടെ നിർത്തിവെച്ച നിലയിലാണ്. ഇത് മോഷ്ടാക്കൾക്ക് അവസരമായിരിക്കുകയാണ്. കാലവർഷം ശക്തമായതോടെ മേഖലയിൽ മോഷണശ്രമങ്ങൾ തുടരെ ഉണ്ടാകുന്നത് നാട്ടുകാരിൽ ഭീതി പരത്തിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.