കണ്ടു... ഇഷ്ടപ്പെട്ടു... എടുക്കുന്നു...
text_fieldsആലങ്ങാട്: വീടുവീടാന്തരം കയറി സാമ്പത്തികസഹായം തേടുന്ന വയോധികൻ വീടിന്റെ മുന്നിലിരുന്ന സൈക്കിളുമായി കടന്നു. പാനായിക്കുളം പുതിയറോഡിൽ പെരിയാർവാലി കനാലിന് സമീപമുള്ള കൊച്ചുപറമ്പിൽ നൗഷാദിന്റെ വീട്ടിലിരുന്ന സൈക്കിളുമായാണ് കടന്നുകളഞ്ഞത്. വ്യാഴാഴ്ച രാവിലെ 11ഓടെയാണ് സംഭവം. നൗഷാദിന്റെ മകൾക്കായി അഞ്ചുമാസം മുമ്പാണ് സൈക്കിൾ വാങ്ങിയത്.
സംഭവം സമീപത്തെ വീട്ടമ്മ കണ്ട് ചോദിച്ചെങ്കിലും ഇയാൾ അവ്യക്തമായ മറുപടി പറഞ്ഞ് സൈക്കിളിൽ നീങ്ങി. വൃത്തിയായി വസ്ത്രം ധരിച്ചതിനാൽ ഇയാൾ വീട്ടുകാരുടെ പരിചയക്കാരായ ആരെങ്കിലുമായിരിക്കുമെന്ന് കരുതി. സൈക്കിൾ കാണാതായതിനെത്തുടർന്ന് അന്വേഷണം നടത്തിയപ്പോഴാണ് നേരത്തേ സൈക്കിൾ ചവിട്ടി വയോധികൻ പോയ വിവരം വീട്ടുകാർ അറിഞ്ഞത്. ഇവർ സമീപത്തെ ബന്ധുവിനെയും ഇവരുടെ നീറിക്കോടുള്ള സഹോദരനെയും വിവരം അറിയിച്ചു.
നീറിക്കോട് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ ഇദ്ദേഹം റോഡിലിറങ്ങി വീക്ഷിക്കുന്നതിനിടെ സൈക്കിളുമായി വയോധികൻ വരുന്നതുകണ്ട് ചോദ്യംചെയ്തതിൽനിന്നാണ് കവർച്ച നടത്തിയ സൈക്കിളാണെന്ന് ബോധ്യമായത്. നാട്ടുകാർ ചേർന്ന് പിടികൂടി സൈക്കിൾ വാങ്ങിവെച്ചു. വയോധികൻ മാനസികനില തെറ്റിയ ആളാണെന്ന് മനസ്സിലായതോടെ നാട്ടുകാർ താക്കീത് നൽകി വിട്ടയച്ചു. 67 വയസ്സ്തോന്നിക്കുന്ന ഇയാൾ ചെറായി സ്വദേശിയാണെന്നും പേര് ലത്തീഫ് എന്നാണെന്നും ചോദ്യംചെയ്യലിൽ സമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.