എണ്ണപ്പന തൈകള്‍ നട്ട് പിടിപ്പിക്കുന്നതില്‍ ക്രമക്കേടെന്ന് ആരോപണം
text_fieldsഅയ്യമ്പുഴ: കാലടി പ്ലാന്റേഷന് എണ്ണപ്പന തോട്ടത്തില്‍ ഗ്യാപ്പ് ഫില്ലിങ്ങിനായി എണ്ണപ്പന തൈകള്‍ നട്ടുപിടിപ്പിക്കുന്നതില്‍ ക്രമക്കേട് നടക്കുന്നതായി ആരോപണം. കാട്ടാനകളുടെ ആക്രമണത്തില്‍ നശിച്ച എണ്ണപ്പനകള്‍ നിന്നിരുന്ന സ്ഥലങ്ങളിലാണ് റീപ്ലാന്റിങ്ങിനായി വീണ്ടും തൈകള്‍ നടുന്നത്. അത്യുൽപാദന ശേഷിയുള്ള വിത്തുകള്‍ ഉപയോഗിച്ച് ഉൽപാദിപ്പിക്കുന്ന തൈകള്‍ നടണമെന്നാണ് നിർദേശം. ഇത്തരത്തില്‍ നടുന്നതിനായി പ്രത്യേക രീതിയില്‍ പ്ലാന്റേഷന് നഴ്സറിയില്‍ നട്ടുവളര്‍ത്തിയ രണ്ടായിരത്തോളം തൈകള്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം നശിച്ചുപോയതായി വിവിധ തൊഴിലാളി സംഘടനകള്‍ പറയുന്നു.
തൈകളുടെ സ്റ്റോക്ക് എടുക്കാതെ എണ്ണപ്പന നട്ട സ്ഥലങ്ങളില്‍ തൈ നടാനുള്ള ടെന്‍ഡര്‍ വിളിക്കുകയും സ്വകാര്യ കമ്പനി ടെന്‍ഡര്‍ ഏറ്റെടുക്കുകയും ചെയ്തു. ഏകദേശം 1300ഓളം തൈകള്‍ വെക്കാനുള്ള കുഴികളാണ് ഈ പ്രദേശങ്ങളില്‍ കുഴിച്ചത്. എന്നാല്‍, ഈ കുഴികളില്‍ വെക്കാന്‍ ഏകദേശം 500ഓളം തൈകള്‍ മാത്രമേ പ്ലാന്റേഷന് നഴ്സറിയില്‍ ഉണ്ടായിരുന്നുള്ളൂ. ഈ ഡിവിഷനിലെ ഉദ്യോഗസ്ഥന്റെ സഹായത്തോടെ തോടുകളുടെ വശങ്ങളിലും, പുഴയോരത്തുമുള്ള എണ്ണപ്പന കായകള്‍ വീണ് തനിയെ വളര്‍ന്ന 800ഓളം തൈകള്‍ പറിച്ച് നടുകയായിരുന്നു.
തൊഴിലാളികളും നാട്ടുകാരും പ്ലാന്റേഷന് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഒരു നടപടിയും സ്വീകരിക്കാന്‍ തയ്യാറായില്ലന്നാണ് പ്രധാന ആരോപണം. ഇത്തരം തൈകള്‍ വളരുമെങ്കിലും അതില്‍ നിന്നും കായ്ഫലമുണ്ടാവില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. സംഭവം ചൂണ്ടിക്കാണിച്ച തൊഴിലാളികളെ സ്ഥലംമാറ്റുമെന്ന് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നു. അത്യുൽപാദനശേഷിയുള്ള തൈകളാണ് വെച്ചിരിക്കുന്നതെന്നും മറിച്ചുളള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണന്നുമാണ് അധികൃതര്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.