മോഷ്ടാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിട്ടും കേസെടുക്കാതെ പറഞ്ഞുവിട്ടതായി ആക്ഷേപം
text_fieldsആലുവ: മോഷ്ടാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിട്ടും കേസെടുക്കാതെ പറഞ്ഞുവിട്ടതായി ആക്ഷേപം. 35,000 രൂയുടെ സൈക്കിൾ മോഷ്ടിച്ച് വിറ്റയാളെ ഉടമ പിടികൂടി പൊലീസിന് കൈമാറിയിട്ടും കേസെടുക്കാതെ പറഞ്ഞുവിട്ടതാണ് വിവാദമായിരിക്കുന്നത്. ആലുവ സീനത്ത് തീയറ്ററിന് സമീപം കെ.എസ്.ടി പ്രൈഡ് ഫ്ളാറ്റിൽ താമസിക്കുന്ന ആദിൽ ബഷീറാണ് തന്‍റെ സൈക്കിൾ മോഷ്ടിച്ചയാളെ ആലുവ ഈസ്റ്റ് പൊലീസിനെ ഏൽപ്പിച്ചത്. എന്നിട്ടും പ്രതിയെ വിട്ടയച്ച പൊലീസിന്‍റെ നടപടിക്കെതിരെ സൈക്കിൾ ഉടമ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി.
തൊണ്ടിമുതൽ കിട്ടിയില്ലെന്ന പേരിൽ പരാതിക്കാരനെ പോലും അറിയിക്കാതെയും കേസെടുക്കാതെയുമാണ് പ്രതിയെ പറഞ്ഞു വിട്ടതത്രെ. കഴിഞ്ഞ നാലാം തീയതിയാണ് മോഷണം നടന്നത്. രാത്രി ഫ്ളാറ്റിലെ മുറിക്കകത്ത് സൂക്ഷിച്ചിരുന്ന സൈക്കിൾ രാവിലെ 8.15ഓടെയാണ് ആദിൽ പുറത്തെ വരാന്തയിലേക്ക് ഇറക്കിവച്ചത്. എട്ടരയോടെ ജീൻസും ഷർട്ടും ധരിച്ച് പുറത്ത് ബാഗും തൂക്കിയെത്തിയ യുവാവ് മുകളിലെ നിലവരെ നടന്നുകയറിയ ശേഷം തിരികെ സൈക്കിളുമായി ഇറങ്ങുന്ന സി.സി ടി.വി ദൃശ്യം സഹിതം അന്ന് തന്നെ ആദിൽ ആലുവ പൊലീസിൽ പരാതി നൽകിയിരുന്നു.
ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാനുള്ള നീക്കം പൊലീസ് തടഞ്ഞു. ഒരാളെ സംശയമുണ്ടെന്നും ഇന്ന് ചിത്രം പ്രചരിച്ചാൽ സംശയിക്കുന്നയാൾ മുങ്ങുമെന്നും പറഞ്ഞാണ് തടഞ്ഞതെന്ന് ആദിൽ പറയുന്നു. തൊട്ടടുത്ത ദിവസം ആദിൽ സോഷ്യൽ മീഡിയയിൽ മോഷ്ടാവി െന്‍റ സി.സി ടി.വി ദൃശ്യം സഹിതം പോസ്റ്റ് ചെയ്തതിനെ തുടർന്ന് മുടിക്കൽ ഭാഗത്തെ ഒരു ആക്രികച്ചവടക്കാൻ മോഷ്ടാവിനെ തിരിച്ചറിഞ്ഞു.
12,500 രൂപക്ക് പുതിയ സൈക്കിൾ നൽകാമെന്ന് പറഞ്ഞെത്തിയെങ്കിലും ആക്രികടക്കാരൻ എടുത്തിരുന്നില്ല. അടുത്ത ദിവസം ആക്രി സാധനങ്ങളുമായി ഇയാൾ വീണ്ടുമെത്തിയപ്പോൾ കടയുടമ ആദിലിനെ വിവരമറിയിച്ചു. തുടർന്ന് ആലുവ പൊലീസുമായെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പിന്നീട് ആദിലിന്‍റെ വാഹനത്തിൽ പ്രതിയുടെ വീട്ടിൽ ഉൾപ്പെടെ പൊലീസ് തെളിവെടുപ്പ് നടത്തിയെങ്കിലും സൈക്കിൾ കണ്ടെടുക്കാനായില്ല.
മൂവാറ്റുപുഴയിലെ ബാറിന് സമീപത്ത് വച്ച് ഒരാൾക്ക് വിറ്റുവെന്നായിരുന്നു ഇയാളുടെ മൊഴി. കേസെടുത്താൽ സൈക്കിൾ തുരുമ്പിച്ച ശേഷമെ മടക്കി ലഭിക്കൂവെന്ന് പറഞ്ഞ് കേസ് രജിസ്റ്റർ ചെയ്യാതെ വൈകിപ്പിച്ച പൊലീസ് തൊണ്ടി കിട്ടാതിരുന്നിട്ടും കേസ് രജിസ്റ്റർ ചെയ്യാതെ പറഞ്ഞുവിടുകയായിരുന്നുവത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.