2023; കുരുന്നുകളുടെ കണ്ണീർ വീണ് ആലുവ...
text_fieldsആലുവ: ആലുവക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ദുരന്തങ്ങൾ സമ്മാനിച്ചാണ് 2023 കടന്നുപോകുന്നത്. രണ്ട് കുരുന്നുകളുടെ കണ്ണീർ ആലുവയെ ചുട്ടുചാമ്പലാക്കിയതിന്റെ നടുക്കം വിട്ടുമാറിയിട്ടില്ല.
കേരളത്തിന് പുറത്തുനിന്ന് വന്ന് ഇവിടെ അധ്വാനിച്ച് ജീവിച്ചുകൊണ്ടിരുന്ന രണ്ട് കുടുംബങ്ങളെയാണ് തീരാവേദനയിലേക്ക് ക്രിമിനലുകൾ തള്ളിയിട്ടത്. ആ കുടുംബങ്ങളിലെ അഞ്ചും എട്ടും വയസ്സുള്ള രണ്ട് പെൺകുട്ടികളാണ് ക്രൂരപീഡനത്തിന് ഇരയായത്.
അഞ്ചു വയസ്സുകാരി അതിക്രൂരമായി കൊല്ലപ്പെട്ടപ്പോൾ എട്ടു വയസ്സുകാരി ജീവിക്കുന്ന രക്തസാക്ഷിയായി.
ജൂലൈ 28ന് വൈകീട്ടാണ് ചൂർണിക്കര പഞ്ചായത്തിലെ ഗാരേജിന് സമീപം വാടകക്ക് താമസിക്കുന്ന ബിഹാർ സ്വദേശികളുടെ അഞ്ചു വയസ്സുകാരിയായ മകളെ അസ്ഫാഖ് ആലമെന്നയാൾ തട്ടിക്കൊണ്ടുപോയി പിച്ചിച്ചീന്തിയത്. തുടർന്നുള്ള വ്യാപക തിരച്ചിലിലാണ് പെരിയാറിന്റെ തീരത്ത് മൃതദേഹം കണ്ടെത്തിയത്.
മാലിന്യക്കൂമ്പാരത്തിനുള്ളിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. പൊലീസിന്റെ മികച്ച രീതിയിലുള്ള അന്വേഷണത്തെ തുടർന്ന് പ്രതിക്ക് കോടതി വധശിക്ഷയും വിധിച്ചു.
സെപ്റ്റംബർ ഏഴിന് അർധരാത്രിയാണ് ആലുവ എടയപ്പുറത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന എട്ടു വയസ്സുകാരിയായ അന്തർ സംസ്ഥാനക്കാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. നെയ്യാറ്റിൻകര ചെങ്കൽ വഞ്ചിക്കുഴി കമ്പാരക്കൽ വീട്ടിൽ ക്രിസ്റ്റൽ രാജാണ് കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു.
ബിഹാറിലെ വെസ്റ്റ് ചമ്പാരൻ സ്വദേശികളുടെ മകളാണ് പീഡനത്തിന് ഇരയായത്. പെരിയാർ തീരത്ത് ആലുവ മാർത്താണ്ഡവർമ പാലത്തിനടിയിൽ ഒളിച്ചിരുന്ന പ്രതിയെ തിരിച്ചറിഞ്ഞവർ പൊലീസിന് വിവരം നൽകി. പൊലീസ് വളഞ്ഞതോടെ പെരിയാറ്റിലേക്ക് ചാടിയ പ്രതിയെ ചുമട്ടുതൊഴിലാളികളുടെ സഹായത്തോടെയാണ് കസ്റ്റഡിയിലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.