ആലുവയിലും അങ്കമാലിയിലും 331 ബൂത്തുകൾ; പ്രശ്നബാധിതമില്ല
text_fieldsആലുവ: ആലുവ, അങ്കമാലി നിയോജക മണ്ഡലങ്ങളിലായി 331 ബൂത്തുകൾ. ആലുവയിൽ 176 ബൂത്തുകളും അങ്കമാലിയിൽ 155 ബൂത്തുമാണുള്ളത്. ഇതിൽ പ്രശ്ന ബാധിത ബൂത്തുകൾ ഇല്ലെന്ന് തഹസിൽദാർ വ്യക്തമാക്കി. പൊലീസ് അടക്കം 2500ഓളം ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ളത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും പ്രശ്നസാധ്യത ബൂത്തുകൾ ഉണ്ടായിരുന്നില്ല. എന്നാൽ, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ആലുവ മേഖലയിൽ 24 പ്രശ്നബാധിത ബൂത്തുകൾ ഉണ്ടായിരുന്നു.
സ്പെഷൽ പൊലീസടക്കം 4500 ഉദ്യോഗസ്ഥർ
ആലുവ: സുഗമവും സുരക്ഷിതവുമായ തെരഞ്ഞെടുപ്പിന് റൂറൽ ജില്ല പൊലീസ് സജ്ജം. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ സ്പെഷൽ പൊലീസടക്കം 4500ഓളം ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്.
1510 സ്പെഷൽ പൊലീസ് ഓഫിസർമാരെയും നിയോഗിച്ചിട്ടുണ്ട്. സി.ആർ.പി.എഫിൽനിന്ന് 41 ഉദ്യോഗസ്ഥരുണ്ട്. മറ്റ് വകുപ്പുകളിൽനിന്ന് 102 പേർ സുരക്ഷ സംവിധാനത്തിന്റെ ഭാഗമാകും. 102 ഗ്രൂപ് പട്രോളിങ് സംഘങ്ങളും 64 ലോ ആൻഡ് ഓർഡർ പട്രോളിങ് സംഘങ്ങളും റോന്തുചുറ്റും.
ബൂത്തുകളും പരിസരങ്ങളും പൊലീസ് വിഡിയോയിൽ ചിത്രീകരിക്കും. ഇതിന് 102 കാമറകളാണ് ഒരുക്കിയിട്ടുള്ളത്. റൂറൽ ജില്ലയിൽ ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, പുത്തൻകുരിശ്, മുനമ്പം, കുന്നത്തുനാട് എന്നീ ആറ് സബ് ഡിവിഷനുകളിലായി 1538 ബൂത്തുകളാണുള്ളത്.
പോളിങ് സാമഗ്രികൾ വിതരണം ചെയ്തു
ആലുവ: ആലുവ, അങ്കമാലി നിയോജകമണ്ഡലങ്ങളിലെ പോളിങ് സമഗ്രികൾ ആലുവ യു.സി കോളജിൽ വിതരണം ചെയ്തു. ഓരോ ബൂത്തിലെയും ഉദ്യോഗസ്ഥർ തങ്ങൾക്ക് ലഭിച്ച സാമഗ്രികൾ കൃത്യമാണെന്ന് ഉറപ്പാക്കിയ ശേഷമാണ് പോളിങ് സ്റ്റേഷനുകളിലേക്ക് പോയത്. ചാലക്കുടി ലോക്സഭ മണ്ഡലത്തിന്റെ വോട്ടെണ്ണൽ നടക്കുന്നത് യു.സി കോളജിലാണ്.
ജുമുഅ സമയം ക്രമീകരിച്ചു
കീഴ്മാട്: തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് കുട്ടമശ്ശേരി- ചാലക്കൽ മഹല്ലിലെ ജുമാമസ്ജിദുകളിലെ ഖുതുബയും നമസ്കാരവും താഴെ പറയും പ്രകാരം ക്രമീകരിച്ചതായി സെക്രട്ടറി റസാഖ് കുന്നപ്പിള്ളി അറിയിച്ചു. കുട്ടമശ്ശേരി ചാലക്കൽ മഹല്ല് ജുമാമസ്ജിദിൽ ഖുതുബ 12.45നും നമസ്കാരം ഒരുമണിക്കും നടക്കും. മസ്ജിദുനൂർ ജുമാമസ്ജിദിൽ 1.10നും 1.25നും കുട്ടമശ്ശേരി സലഫി മസ്ജിദിൽ 12.45നും 1.15നും മോസ്കോ സൗത്ത് ചാലക്കൽ ജുമാമസ്ജിദിൽ ഒരുമണിക്കും 1.15നും കുന്നുംപുറം മസ്ജിദുൽ ഇലാഹിയയിൽ 1.10നും 1.25നും ചാലക്കൽ മസ്ജിദുറഹ്മയിൽ 1.15നും 1.30നും പെരിയാർ പോട്ടറീസ് മജ്മഅഃ സുന്നി ജുമാമസ്ജിദിൽ ഒരുമണിക്കും 1.15നുമായിരിക്കും ഖുതുബയും നമസ്കാരവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.