നിർമാണ അപാകത: ജില്ലയിൽ ഫിറ്റ്നസ് ലഭിക്കാതെ 50 സ്‌കൂൾ കെട്ടിടങ്ങൾ
text_fieldsആലുവ: പുതിയ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ലഭിക്കാത്തത് സർക്കാർ സ്‌കൂളുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. നിർമാണ വീഴ്ചകളാണ് കെട്ടിടങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പിന്‍റെ ഫിറ്റ്നസ് ലഭിക്കാത്തതിന് കാരണമെന്നാണ് ആക്ഷേപം.
സ്‌കൂൾ കെട്ടിടങ്ങൾക്ക് 3.7 മീറ്റർ ഉയരമാണ് വേണ്ടത്. എന്നാൽ, പുതിയ കെട്ടിടങ്ങളിൽ പലതിനും അത്രയും ഉയരമില്ലത്രേ. ഫിറ്റ്നസ് ലഭിക്കാത്ത 50 ഓളം സ്കൂളുകളാണ് ജില്ലയിലുള്ളത്. ഇതുമൂലം പുതിയ ഡിവിഷനുകൾ തുടങ്ങാൻ കഴിയാതെ നിരവധി കുട്ടികളുടെ വിദ്യാഭ്യാസം അനിശ്ചിതത്വത്തിലാണ്. ജില്ലയിൽ 50ഓളം സ്കൂളുകളാണ് നിലവിൽ ഈ ബുദ്ധിമുട്ടനുഭവിക്കുന്നത്. സർക്കാർ സ്‌കൂളുകളിൽ വിദ്യാർഥികൾ കൂടുതലായി എത്തുന്നുണ്ട്. എന്നാൽ, ഇവരെ ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയാണുള്ളത്. കുട്ടികൾ കൂടുതലുള്ളതിനാൽ താൽക്കാലികമായി സ്‌കൂൾ അധികൃതർ പുതിയ ഡിവിഷൻ തിരിച്ചിട്ടുണ്ട്. നിലവിലെ അധ്യാപകർക്ക് എല്ലാ ക്ലാസുകളിലും ഓടിയെത്താനാവുന്നില്ല. ഇത്തരം സ്കൂൾ കെട്ടിടങ്ങളിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ള അധ്യാപകർക്കും വേതനം നൽകാനാവില്ല എന്ന നിലപാടിലാണ് ജില്ല വിദ്യാഭ്യാസ വകുപ്പ് മേധാവികൾ. കെട്ടിടം പണിത വകുപ്പിലെയും വിദ്യാഭ്യാസ വകുപ്പിലെയും ഉദ്യോഗസ്ഥരുടെ ഏകോപനമില്ലായ്മയാണ് അപാകതക്ക് കാരണം.
പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എൻ.സി.പി ആലുവ ബ്ലോക്ക് കമ്മിറ്റി ജില്ല വിദ്യാഭ്യാസ ഓഫിസ് മേധാവിക്ക് നിവേദനം നൽകി. ദേശീയ സമിതി അംഗം അഫ്സൽ കുഞ്ഞുമോൻ, ബ്ലോക്ക് പ്രസിഡന്‍റ് അനൂബ് നൊച്ചിമ, എൻ.വൈ.സി ജില്ല സെക്രട്ടറി അബ്ദുൽ ജബ്ബാർ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.