മദ്യ സൽക്കാരത്തിനിടയിൽ 12 കാരിയെക്കൊണ്ട് ഭക്ഷണം വിളമ്പിച്ചതായി പരാതി
text_fieldsആലുവ: മദ്യ സൽക്കാരത്തിനിടയിൽ 12 കാരിയെക്കൊണ്ട് ഭക്ഷണം വിളമ്പിച്ചതായി പരാതി. ആലുവ തോട്ടക്കാട്ടുകര ആൽത്തറ ജി.സി.ഡി.എ റോഡിൽ സമ്മർനെസ്‌റ്റ് അപ്പാർട്ട്മെൻറ് ഫ്ലാറ്റ് നമ്പർ മൂന്ന് ബിയിലെ താമസക്കാരനായ കെ.കെ.ഷഫീഖ് അഹമ്മദാണ് ഇത് സംബന്ധമായി എക്സൈസ് വകുപ്പ്, ശിശുക്ഷേമ വകുപ്പ് മന്ത്രിമാർക്ക് പരാതി നൽകിയത്.
2020 ഡിസംബർ 14 ന് ഇതേ അപ്പാർട്ട്മെൻറിൽ താമസിക്കുന്ന ജലീൽ വാഴപ്പള്ളിയുടെ മകനായ ആദിലിൻറെ വിവാഹ സൽക്കാരത്തിനിടയിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നതത്രെ. ഫ്ലാറ്റിൻറെ റിക്രിയേഷൽ ഹാളിലാണ് വിവാഹത്തോടനുബന്ധിച്ചുള്ള സൽക്കാരം നടന്നത്. വിവാഹ സൽക്കാരത്തിന് ഫ്ലാറ്റിലുള്ള താമസക്കാരെയും വിളിച്ചിരുന്നു . ഇതിൻറെ ഭാഗമായി ഷഫീഖിൻറെ വീട്ടിൽ നിന്ന് ഭാര്യയും കുട്ടികളും പോയിരുന്നു. ഇതിനിടയിൽ ഏറ്റവും മുകളിൽ ടെറസിൽ മദ്യ സൽക്കാരം നടന്നിരുന്നതായി പരാതിയിൽ ആരോപിക്കുന്നു. ഈ മദ്യ സദസിലേക്ക് പ്രായ പൂർത്തിയാകാത്ത ഷഫീഖിൻറെ മകളെകൊണ്ട് അവിടെ മദ്യം സേവിച്ചുകൊണ്ടിരുന്ന വ്യക്തികൾക്ക് ഭക്ഷണം കൊടുപ്പിക്കുകയായിരുന്നെന്നാണ് പരാതി.
ഈ സംഭവം കഴിഞ്ഞ ദിവസം മകൾ ഷെഫീഖിൻറെ ഭാര്യയോട് പറയുകയും ഭാര്യ അത് ഷെഫീഖിനെ അറിയിക്കുകയുമായിരുന്നു. ഫ്ലാറ്റുടമകളായ വർഗ്ഗീസ് മേനാച്ചേരി, ഇ.എഫ്.ജോസഫ് എന്ന സന്തോഷ്, കൃഷ്ണകുമാർ, ജയകൃഷ്ണൻ വാടകക്ക് താമസിക്കുന്ന എബി, സുരേഷ് എന്നിവർ സംഘം ചേർന്നാണ് റിക്രിയേഷൻ ഹാളിൻറെ ടറസിൽ സംഘം ചേർന്ന് മദ്യപിച്ചിരുന്നതെന്ന് പരാതിയിൽ പറയുന്നു. ഇതിൽ സന്തോഷാണ് മദ്യപാനത്തിന് ആവശ്യമായ ഭക്ഷണ പദാർത്ഥങ്ങൾ പരിപാടി നടക്കുന്ന റിക്രിയേഷൻ ഹാളിൽ നിന്ന് എടുത്ത് കൊണ്ടുവരുവാൻ ഷഫീഖിൻറെ മകളോട് പറഞ്ഞതത്രെ. മദ്യപിച്ചിരിക്കുന്ന ഒരു കൂട്ടം പുരുഷന്മാരുടെ സദസിലേക് പ്രായ പൂർത്തിയാകാത്ത തൻറെ മകളെ പറഞ്ഞുവിടുകയും അവിടെ മദ്യപിക്കുന്നവർക്ക് ഭക്ഷണവും സ്നാക്സും വിളമ്പിച്ചതും അത്യന്തം ഗൗരവം നിറഞ്ഞ കാര്യമാണെന്ന് ഷഫീഖ് ആരോപിക്കുന്നു.
ഇത് കുട്ടി എന്ന നിലയിൽ മകളെ വല്ലാതെ അലോസരപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അവരുടെ മക്കളെയെല്ലാം സുരക്ഷിത സ്‌ഥാനത്തിരുത്തിയാണ് തൻറെ മകളെകൊണ്ട് ഈ ക്രൂര കൃത്യം ചെയ്യിച്ചത്. വിവാഹ സൽക്കാരം നടത്തിയത് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടും സംസ്‌ഥാനത്ത എവിടെയും ബാറുകൾ തുറക്കാത്ത സഹാചര്യത്തിൽ പോലും മദ്യ സൽക്കാരം നടത്തിയത് അനുമതിയില്ലാതെയുമാണ്. ഇത് നിയമ വിരുദ്ധമാണ് . ഇതിനിടയിൽ മദ്യം സേവിക്കുന്നവർക്ക് ഭക്ഷണം വിളമ്പേണ്ടി വന്നത് മകൾക്ക് വിഷമവും കടുത്ത മാനസിക സംഘർഷമുണ്ടാക്കിയതായി താൻ പിന്നീടാണ് മനസിലാക്കിയതെന്നും ഷഫീഖ് ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.