അപകടം പതിയിരിക്കുന്നു പതിയാട്ട് കവലയിൽ
text_fieldsആലുവ: ആലുവ-മൂന്നാർ ദേശസാത്കൃത റോഡിൽ ചാലക്കൽ പതിയാട്ട് കവലയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ചൊവ്വാഴ്ച രാവിലെ ചാലയ്ക്കൽ പതിയാട്ട് കവലയിൽ റോഡിലെ കുഴിയിൽ സ്കൂട്ടർ വീണ് യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു.
കുട്ടമശ്ശേരി സ്വദേശിനികളായ രണ്ട് സ്ത്രീകൾക്കാണ് പരിക്കേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ച തുടരെ മൂന്ന് അപകടങ്ങൾ ഇവിടെ നടന്നിരുന്നു.
തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയുണ്ടായി. രാവിലെ വീണ്ടും അപകടം നടന്നതോടെ ചൊവ്വാഴ്ച വൈകീട്ടാണ് ഈ ഭാഗത്തെ കുഴികൾ അടച്ചത്.
തുടർച്ചയായി മഴ പെയ്ത സാഹചര്യത്തിൽ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. നാട്ടുകാർ പൊതുമരാമത്ത് അസി. എക്സിക്യൂട്ടിവ് എൻജിനീയറെ ബന്ധപ്പെട്ടപ്പോൾ ഇപ്പോഴുള്ള കുഴികൾ അടക്കാനുള്ള നടപടികൾ നടന്നുവരികയാണെന്നും ജല അതോറിറ്റിയുടെ പൈപ്പിടൽ ജോലികൾ കഴിഞ്ഞശേഷം മാത്രമേ പൂർണമായി ടാറിങ് നടക്കൂവെന്നുമാണ് മറുപടി ലഭിച്ചത്.
കഴിഞ്ഞ ഏപ്രിലിൽ ടാറിങ് ജോലികൾ ആരംഭിക്കാൻ തയാറായിരുന്നെന്നും ജല അതോറിറ്റിയുടെ പൈപ്പിടൽ ജോലികൾ നടക്കാത്തതിനാലാണ് വൈകുന്നതെന്നും അസി. എൻജിനീയർ പറഞ്ഞു.
അപകടം തുടരുന്ന സാഹചര്യത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. കഴിഞ്ഞവർഷം ആലുവ കുന്നത്തുകര സ്വദേശി മരിച്ചത് ചാലക്കൽ പതിയാട്ട് ഭാഗത്തുതന്നെയുള്ള കുഴിയിൽ വീണാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.