ഒന്നിച്ച് ജീവിതത്തോട് പൊരുതിയ സുഹൃത്തുക്കൾക്ക് ഒരുമിച്ച് അന്ത്യയാത്ര
text_fieldsവെള്ളിയാഴ്ച്ച എറണാകുളത്ത് ദേശീയപാതയിലുണ്ടായ അപകടത്തിൽ തകർന്ന ബൈക്കും ബസും
ആലുവ: ചൂർണിക്കര പഞ്ചായത്തിന് ദു:ഖവെള്ളിയാഴ്ച്ചയായി യുവാക്കളുടെ അപകട മരണം. ജീവിത പ്രാരാബ്ധങ്ങൾ മറികടക്കാനുള്ള നെട്ടോട്ടത്തിനിടയിലാണ് സുഹൃത്തുക്കൾ ഒരുമിച്ച് അന്ത്യയാത്രയായത്.
ദേശീയപാതയിൽ എറണാകുളം ചക്കരപറമ്പിലുണ്ടായ വാഹനാപകടത്തിൽ ചൂർണിക്കര കുന്നത്തേരി കിടക്കേങ്ങേത്ത് സിറാജിന്റെ മകൻ മുഹമ്മദ് സജാദ് (22), മുട്ടം തായിക്കാട്ടുകര പരുത്തിക്കാട് പുത്തൻചിറ വീട്ടിൽ പീറ്ററിൻറെ മകൻ റോബിൻ പീറ്റർ (30) എന്നിവരാണ് മരിച്ചത്. എളംകുളം പെട്രോൾ പമ്പിലെ ജീവനക്കാരായ ഇരുവരും പുലർച്ചെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടയിലായിരുന്നു അപകടം. എല്ലാ ദിവസവും വീട്ടിൽ നിന്ന് അതിരാവിലെ 5.30ന് ഇരുവരും ജോലിക്കായി ബൈക്കിൽ പോകാറാണ് പതിവ്. ഒരു വർഷത്തോളമായി ഈ യാത്ര തുടങ്ങിയിട്ട്. സാമ്പത്തിക പ്രയാസങ്ങളുള്ള കുടുംബങ്ങളിലെ അത്താണികളായിരുന്നു ഇരുവരും.
പ്ലസ് ടു കഴിഞ്ഞതിന് ശേഷം തുടർന്ന് പഠനം നടത്തി വീട്ടിനൊരു കൈത്താങ്ങാവണമെന്നായിരുന്നു സജാദിന്റെ ആഗ്രഹം. പക്ഷേ, കുടുംബത്തിലെ കടബാധ്യതയും പ്രാരാബ്ദവും സജാദിന്റെ ആഗ്രഹങ്ങൾക്ക് തടസമായി. പുതിയതായി നിർമിച്ച വീടിന്റെ ബാധ്യതയും കൂടിയായപ്പോൾ ഡ്രൈവർ ജോലി ചെയ്യുന്ന പിതാവിന് ഒറ്റക്ക് താങ്ങാൻ കഴിയാതെയായി. ഇതേതുടർന്നാണ് കുടുംബത്തിന് സഹായമാവാൻ മുഹമ്മദ് സജാദ് ജോലിക്ക് ഇറങ്ങിയത്. അച്ഛനും അമ്മയും ഭാര്യയും രണ്ടു കുഞ്ഞുങ്ങളും ഉള്ള കുടുംബത്തെ മുന്നോട്ടുകൊണ്ടുപോനുള്ള ഓട്ടത്തിലായിരുന്നു റോബിൻ പീറ്റർ. വാഹനങ്ങൾ എത്തിപ്പെടാത്ത ഒറ്റപ്പെട്ട പ്രദേശത്തെ ചെറിയ വീട്ടിലായിരുന്നു താമസം. വർഷങ്ങൾക്കു മുമ്പ് ബാധിച്ച പക്ഷാഘാതത്തിൽ നിന്ന് പിതാവ് മുക്തനായി തുടങ്ങിയിട്ടേയുള്ളു. നാട്ടിൽ കൂടുതലാരുമായി വലിയ കൂട്ടില്ലാത്ത റോബിൻ, സജാദുമായി വലിയ ചങ്ങാത്തത്തിലായിരുന്നു. കുടുംബത്തിന് അത്താണിയാകാനുള്ള യാത്രക്കാണ് വെള്ളിയാഴ്ച്ച അതിരാവിലെ അന്ത്യമായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.