പോളിയോ ബാധിച്ച് അരക്കുതാഴെ തളർന്ന യുവാവിന്‍റെ സാഹസിക നീന്തൽ ഇന്ന്
text_fieldsആലുവ: പോളിയോ ബാധിച്ച് അരക്കുതാഴെ തളർന്ന 39കാരൻ പെരിയാർ നീന്തിക്കയറാൻ ഒരുങ്ങുന്നു. ആലങ്ങാട് കോട്ടപ്പുറം സ്വദേശി രതീഷാണ് പെരിയാറിലെ സാഹസിക നീന്തൽ ചരിത്രത്തിൽ പുതിയ വിസ്മയം തീർക്കാൻ ഒരുങ്ങുന്നത്. വ്യാഴാഴ്ച രാവിലെ 7.30നാണ് നീന്തൽ. മൂന്നാഴ്ച മാത്രം നടത്തിയ പരിശീലനത്തെത്തുടർന്നാണ് പെരിയാറിന് കുറുകെ ഒന്നര കി.മീ. ദൂരം നീന്തുന്നത്.
രണ്ടര വയസ്സിൽ പോളിയോ ബാധിച്ചാണ് അരക്കുതാഴേക്ക് തളർന്നത്. ജീവിതത്തിന്‍റെ താളം തെറ്റിയ രതീഷിന് തുണയായത് തന്‍റെ കലയാണ്. ചിത്രകാരനായ അദ്ദേഹം ആരുടെയും ചിത്രങ്ങൾ വരക്കുന്നതിൽ വിദഗ്ധനാണ്. ഏറെ വൈകല്യങ്ങളുള്ള ആസിം വെളിമണ്ണ പെരിയാർ നീന്തിക്കടന്ന് ചരിത്രം കുറിച്ചതാണ് ഇത്തരമൊരു സാഹസികതക്ക് പ്രചോദനമായത്. രതീഷിന്‍റെ ആഗ്രഹത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത സാഹസിക നീന്തൽ പരിശീലകൻ സജി വാളാശ്ശേരി മാർച്ച് 24 നാണ് പരിശീലനം ആരംഭിച്ചത്. ജനിച്ചിട്ട് അന്നാണ് ആദ്യമായി പുഴയിലിറങ്ങുന്നതെന്ന് രതീഷ് പറഞ്ഞു. പരിശീലനം ആരംഭിച്ച് 14 ാം ദിവസം രതീഷിന് വീതി കുറഞ്ഞ ഭാഗത്ത് പെരിയാറിന് കുറുകെ നീന്തിക്കയറാനായി.
സാഹസിക നീന്തലിൽ ആശ്രമം കടവുമുതൽ മണപ്പുറം ദേശം കടവുവരെ ഒന്നര കി.മീ. ദൂരമാണ് നീന്തിക്കടക്കുക. രാവിലെ 7.30 ന് ആശ്രമം കടവിൽ ബെന്നി ബഹനാൻ എം.പി നീന്തൽ ഫ്ലാഗ് ഓഫ് ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.