കെട്ടിടനിർമാണത്തിന് എയർപോർട്ട് അതോറിറ്റിയുടെ അനുമതി; ചട്ടങ്ങളിൽ ഇളവ് വേണമെന്ന ആവശ്യം ശക്തമാവുന്നു
text_fieldsചെങ്ങമനാട്: ചെറുകിട പാർപ്പിട പദ്ധതികൾപോലും എയർപോർട്ട് അതോറിറ്റിയുടെ അനുമതിയുടെ പേരിൽ മുടങ്ങുന്നത് വ്യാപകമായതോടെ ചട്ടങ്ങളിൽ ഇളവ് വരുത്തണമെന്ന ആവശ്യം ശക്തമാകുന്നു.നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിന് 20 കി.മീ. ചുറ്റളവിൽ റെഡ്, യെല്ലോ, ഗ്രീൻ എന്നീ സോണുകളായി തിരിക്കുകയും പരിധിയിൽ നിർമാണപ്രവർത്തനങ്ങൾക്ക് അതോറിറ്റിയുടെ അനുമതി ബാധകമാക്കുകയും ചെയ്തിരിക്കുകയാണ്. ലൈഫ് ഭവൻ, ആവാസ് യോജന തുടങ്ങിയ പദ്ധതികളിലെ ഗുണഭോക്താക്കളുടെ എണ്ണം വർധിക്കുകയും പദ്ധതികൾ അധികവും തുടക്കത്തിൽതന്നെ എയർപോർട്ട് അതോറിറ്റിയുടെ അനുമതിയുടെ പേരിൽ മുടങ്ങുകയുമാണ്. പ്രശ്നം സംബന്ധിച്ച് കഴിഞ്ഞ ദിവസം 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
14ന് മുഖ്യമന്ത്രിയെ നേരിൽകണ്ട് പ്രശ്നത്തിെൻറ ഗൗരവം ബോധ്യപ്പെടുത്തുമെന്ന് അൻവർ സാദത്ത് എം.എൽ.എ 'മാധ്യമ'ത്തോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായും പ്രശ്നം ചർച്ച ചെയ്ത് ആവശ്യമായ നടപടി കൈക്കൊള്ളാൻ ശ്രമം നടത്തുമെന്നും എം.എൽ.എ അറിയിച്ചു.
ഗ്രാമപഞ്ചായത്ത് പരാതി നൽകി
ചെങ്ങമനാട്: എയർപോർട്ട് അതോറിറ്റിയുടെ പരിധിയിലെ ഭവനനിർമാണം അടക്കമുള്ള പദ്ധതികൾ അനുമതിയുടെ പേരിൽ അവതാളത്തിലായതിനാൽ പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം ആവശ്യപ്പെട്ട് അൻവർ സാദത്ത് എം.എൽ.എക്കും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നിവേദനം സമർപ്പിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സെബ മുഹമ്മദലി അറിയിച്ചു. പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സിയാൽ അധികൃതരെ നേരിൽകണ്ട് പരാതി നൽകുകയും ചെയ്തു. പഞ്ചായത്തിലെ തുരുത്ത് വാർഡുകളിൽ ഏതാനും ഭാഗങ്ങൾ ഒഴികെ അതോറിറ്റിയുടെ അനുമതിയുടെ പേരിൽ നിർമാണം മുടങ്ങിക്കിടക്കുകയാണെന്നും അടിയന്തര പരിഹാരം കാണണമെന്നുമാണ് പരാതിയിൽ ബോധിപ്പിച്ചിട്ടുള്ളത്.
സി.പി.എം മുഖ്യമന്ത്രിക്ക് നിവേദനം നൽകി
ചെങ്ങമനാട്: നെടുമ്പാശ്ശേരി വിമാനത്താവളത്തിെൻറ 20 കി.മീ. ദൂരപരിധിയിൽ വീട് നിർമിക്കാൻപോലും സാധിക്കാതെ ജനം വലയുകയാണെന്നും പ്രശ്നത്തിന് പരിഹാരം കാണണമെന്നുമാവശ്യപ്പെട്ട് സി.പി.എം ചെങ്ങമനാട് ലോക്കൽ സെക്രട്ടറി പി.ആർ. രാജേഷ് മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു.
ചെറിയ നിർമാണ പ്രവർത്തനം നടത്തുന്നവർക്കും ബഹുനില കെട്ടിടം നിർമിക്കുന്നവർക്കും ഒരേ ചട്ടമാണ്. ഭവനരഹിതർക്ക് ലൈഫ് മിഷൻ വഴി നിർമിക്കുന്നവർക്കും എസ്.സി കുടുംബങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് വഴി നൽകുന്ന വീടുകൾ നിർമിക്കുന്നതിലും അതോറിറ്റി അനുമതി ചട്ടങ്ങൾ കീറാമുട്ടിയായി. നാലുലക്ഷത്തിൽ നിർമിക്കേണ്ട വീടുകൾക്ക് 6000 രൂപ മുതൽ 10,000 രൂപ വരെ അനുമതി നടപടികൾക്ക് ചെലവഴിക്കേണ്ടത് പാവപ്പെട്ടവരെ ദുരിതത്തിലാക്കുകയാണ്. സാധാരണക്കാരുടെ അവസ്ഥ കണക്കിലെടുത്ത് 1500 ചതുരശ്രയടി വിസ്തൃതിയിൽ രണ്ട് നിലകളിലായി നിർമിക്കുന്ന വീടുകളെ പൂർണമായും ഒഴിവാക്കണം. മറ്റ് അനുമതി ആവശ്യമുള്ള നിർമാണങ്ങളിൽ വരുന്ന കാലതാമസം ഒഴിവാക്കണമെന്നുമാണ് മുഖ്യമന്ത്രി നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുള്ളതെന്ന് രാജേഷ് അറിയിച്ചു.
കോൺഗ്രസ് എയർപോർട്ട് അതോറിറ്റിക്ക് സന്ദേശം അയച്ചു
ചെങ്ങമനാട്: മേഖലയിൽ കെട്ടിട നിർമാണങ്ങൾക്ക് എയർപോർട്ട് അതോറിറ്റി നിഷ്കർഷിച്ച ചട്ടങ്ങളിൽ റെഡ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ ഇളവ് വരുത്തണമെന്നാവശ്യപ്പെട്ട് ചെങ്ങമനാട് മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് പി.എം.എ. ഷരീഫ് എയർപോർട്ട് അതോറിറ്റിക്ക് ഓൺലൈൻ സന്ദേശം അയച്ചു.ചട്ടങ്ങളിൽ ഇളവ് വരുത്തുന്നത് പാവപ്പെട്ടവർക്ക് ഏറെ സഹായകമാകുമെന്നാണ് സന്ദേശത്തിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.