ആലുവ ജില്ല ആശുപത്രി സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് രൂപരേഖക്ക് അംഗീകാരം
text_fieldsആലുവ: ജില്ല ആശുപത്രിയിൽ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് നിർമിക്കാനുള്ള രൂപരേഖക്ക് ആരോഗ്യ മന്ത്രിയുടെ അംഗീകാരം. ജില്ല ആശുപത്രിയുടെ മാസ്റ്റർ പ്ലാൻ, നിലവിലെ സ്റ്റാഫ് പാറ്റേൺ എന്നിവയെക്കുറിച്ച് വിശദമായി ചർച്ച ചെയ്യാൻ അൻവർ സാദത്ത് എം.എൽ.എയുടെ ആവശ്യപ്രകാരം ആരോഗ്യ മന്ത്രി വീണ ജോർജിന്റെ ഓഫിസിൽ കൂടിയ യോഗത്തിലാണ് സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിന്റെ രൂപരേഖക്ക് അംഗീകാരം നൽകിയത്.
സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് ഗ്രൗണ്ട്ഫ്ലോർ ഉൾപ്പെടെ ഏഴുനിലകളിലായി 1,05,000 ചതുരശ്ര അടിയിലാണ് വിഭാവനം ചെയ്തത്. ബേസ്മെന്റിൽ ലോബി, റിസപ്ഷൻ, സ്കാനിങ്, ലബോറട്ടറി, പുരുഷന്മാർ, സ്ത്രീകൾ എന്നിവർക്ക് പ്രത്യേകം ടോയ്ലറ്റുകൾ, ഗ്രൗണ്ട് ഫ്ലോറിൽ കാഷ്വൽറ്റി, ഇ.സി.ജി റൂം, മൈനർ ഓപറേഷൻ തിയറ്റർ, അഡ്മിനിസ്ട്രേഷൻ ഓഫിസുകൾ, എക്സ്റേ റൂം, പൊലീസ് എയ്ഡ് പോസ്റ്റ് എന്നിവയുണ്ട്.
ഒന്നാം നിലയിൽ ലോബി, കാർഡിയാക് ഓപറേഷൻ തിയറ്റർ, കാർഡിയാക് ഐ.സി.യു, കാത്ത് ലാബ് എന്നിവയും രണ്ടാം നിലയിൽ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കുള്ള വാർഡുകളും ടോയ്ലറ്റുകളും മൂന്നാം നിലയിൽ മെഡിക്കൽ, സർജിക്കൽ വാർഡുകളും ട്രീറ്റ്മെന്റ് റൂം, ടോയ്ലറ്റുകൾ എന്നിവയും നാലും അഞ്ചും നിലകളിൽ സിംഗിൾ റൂമുകൾ, ട്രീറ്റ് മെന്റ് റൂം, ഡോർമിറ്ററി, നഴ്സിങ് ബേ എന്നിവയും ആറാം നിലയിൽ ഡബിൾ റൂമുകൾ, ഡോർമിറ്ററി, കോൺഫറൻസ് ഹാൾ എന്നിവയുമാണുണ്ടാകുക. സർക്കാർ സഹായത്തോടെ നബാർഡിൽനിന്നുള്ള ഫണ്ടും സി.എസ്.ആർ ഫണ്ടുകളും സ്വീകരിച്ച് ജില്ല ആശുപത്രിയുടെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും എം.എൽ.എ പറഞ്ഞു.
ജീവനക്കാരെ നിയമിക്കാൻ നടപടി
ആലുവ: പുതിയ ജീവനക്കാരെ നിയമിച്ച് ജില്ല ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി യോഗത്തിൽ അറിയിച്ചു. ജില്ല ആശുപ്രത്രിയായി ഉയർത്തിയെങ്കിലും ആശുപത്രിക്കാവശ്യമായ സ്റ്റാഫ് പാറ്റേൺ അനുസരിച്ച് നിയമനം നടത്തിയിട്ടില്ലെന്നും അതിനാവശ്യമായ അടിയന്തര നടപടികൾ വേണമെന്നും എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു. നിലവിൽ ജില്ല ആശുപത്രിയിൽ പുതുതായി എം.ഐ.സി.യു തുടങ്ങാനാവശ്യമായ എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്.ആവശ്യമായ 20 ഡോക്ടർമാർ, 12 സ്റ്റാഫ് നഴ്സുമാർ, ആറ് നഴ്സിങ് അസിസ്റ്റന്റുമാർ, ആറ് അറ്റൻഡർമാർ എന്നിവരെ നിയമിച്ചാൽ എം.ഐ.സി.യുവിന്റെ പ്രവർത്തനം ആരംഭിക്കാം.
പുതുതായി നിയമിക്കുന്ന സ്റ്റാഫിന്റെ ശമ്പളത്തിനാവശ്യമായ സാമ്പത്തികം ജില്ല പഞ്ചായത്ത് ഏറ്റെടുക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ഇതിന് ആവശ്യമായ പ്രോജക്ട് തയാറാക്കി നൽകിയിട്ടുണ്ട്. ഇതിന് സ്റ്റേറ്റ് കോഓഡിനേഷൻ കമ്മിറ്റി അംഗീകാരം ലഭിക്കേണ്ടതുണ്ടെന്നും എം.എൽ.എ പറഞ്ഞു.സ്റ്റേറ്റ് കോഓഡിനേഷൻ കമിറ്റി അനുമതി ലഭ്യമാക്കാമെന്ന് മന്ത്രി യോഗത്തിൽ ഉറപ്പുനൽകിയതായി എം.എൽ.എ അറിയിച്ചു.
നിർമാണ പുരോഗതി വിലയിരുത്തി
ആലുവ: നിലവിൽ ജില്ല ആശുപത്രിയിൽ നടന്നുവരുന്ന സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഐസൊലേഷൻ വാർഡ് എന്നിവയുടെ നിർമാണം ലേബർ റൂം, എമർജൻസി ഓപറേഷൻ തിയറ്റർ എന്നിവയുടെ പുനരുദ്ധാരണം, സി.സി ടി.വി, എൻ.വി.ആർ സ്ഥാപിക്കൽ എന്നീ പ്രവൃത്തിയുടെ പുരോഗതി യോഗത്തിൽ വിലയിരുത്തി. ആരോഗ്യ സെക്രട്ടറി മുഹമ്മദ് ഹനീഷ്, നഗരസഭ ചെയർമാൻ എം.ഒ. ജോൺ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം, ജില്ല പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എം.ജെ. ജോമി, ഡോ. ജുനൈദ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സവിത, ഡി.പി.എം ഡോ. രോഹിണി, അഡീഷനൽ ഡി.എച്ച്.എസുമാരായ ഡോ. ഷിനു, ഡോ. വിവേക്, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. സ്മിജി ജോർജ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.