ആലുവ ജില്ല ആശുപത്രി: ഇൻഡോർ ഹൈഡ്രോ അക്വാട്ടിക് പൂൾ ഉടൻ തുറക്കും
text_fieldsആലുവ: ജില്ല ആശുപത്രിയിലെ ഇൻഡോർ ഹൈഡ്രോ അക്വാട്ടിക് പൂളിന് ശാപമോക്ഷമാകുന്നു. ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവർഷം പിന്നിട്ടിട്ടും തുറക്കാത്ത പൂളിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചിട്ടുണ്ട്.ഈ മാസം 30നകം അറ്റകുറ്റപ്പണി പൂർത്തീകരിച്ച് പൂൾ തുറന്നുകൊടുക്കുമെന്നാണ് അറിയുന്നത്.ആശുപത്രിയിൽ പ്രവർത്തിക്കുന്ന, സംസ്ഥാനത്തെ പൊതുമേഖലയിലെ ആദ്യ ഹീമോഫീലിയ സെന്ററിനോട് അനുബന്ധിച്ചാണ് ഇൻഡോർ ഹൈഡ്രോ അക്വാട്ടിക് പൂൾ നിർമിച്ചത്.
ഹീമോഫീലിയ രോഗികൾക്ക് ‘ജലചികിത്സ’ നടത്താനാണിത്. 11തരം വ്യായാമങ്ങൾ ഇതിൽ ചെയ്യാനാകും. 48ലക്ഷം രൂപ ചെലവഴിച്ചാണ് പൂൾ നിർമിച്ചത്. സംസ്ഥാനത്തെ ആദ്യ ഇൻഡോർ ഹൈഡ്രോ അക്വാട്ടിക് പൂളാണിത്. അൻവർ സാദത്ത് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 28 ലക്ഷവും ജില്ല പഞ്ചായത്ത് അനുവദിച്ച 20 ലക്ഷവും ചെലവഴിച്ചായിരുന്നു നിർമാണം. പൂൾ 2021 ഫെബ്രുവരി 15നാണ് ഉദ്ഘാടനം ചെയ്തത്.
എന്നാൽ, നിർമാണത്തിലെ തകരാർ മൂലം ഇതുവരെ ഇൻഡോർ പൂൾ പ്രവർത്തനം ആരംഭിച്ചിട്ടില്ല. രണ്ടുലക്ഷത്തോളം രൂപയാണ് അറ്റകുറ്റപ്പണിക്കായി ചെലവ് പ്രതീക്ഷിക്കുന്നത്.
പൂളിന്റെ നാലുവശവും രണ്ട് അടിയോളം വീതിയിലും ആറ് ആടിയോളം ആഴത്തിലും മണ്ണ് നീക്കിയശേഷമാണ് പൂളിന്റെ ചോർച്ച കണ്ടെത്തിയത്. ഇവിടെ ചോർച്ച തടയുന്നതിനാവശ്യമായ പ്രവർത്തനം നടത്തി. തുടർന്ന് പൂളിൽ വെള്ളം നിർത്തിയശേഷം ചോർച്ച ഇല്ലെന്ന് ഉറപ്പാക്കിയിട്ട് മണ്ണിട്ട് തോട് മൂടും. തുടർന്ന് ഇളക്കിയ ഭാഗത്തെല്ലാം വീണ്ടും ടൈൽ വിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.