യാചകരുടെയും നാടോടികളുടെയും മറവിൽ ആലുവയിൽ കുറ്റവാളികൾ നിറയുന്നു
text_fieldsആലുവ: ടൗണിലും സമീപ പ്രദേശങ്ങളിലും കുറ്റവാളികൾ നിറയുന്നു. യാചകരുടെയും നാടോടികളുടെയും മറവിലാണ് കുറ്റവാളികൾ ചേക്കേറുന്നത്. ബൈപാസ് മേൽപാലത്തിന് കീഴിൽ അധിവസിക്കുന്ന സാമൂഹികദ്രോഹികളാണ് പലപ്പോഴും അക്രമകാരികളായി മാറുന്നത്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ കുറ്റവാളികൾ പിടിച്ചുപറിയും മോഷണങ്ങളും നടത്തുന്നുണ്ട്. എന്നാൽ, ഇവരെ കണ്ടെത്തുന്നതിനോ തുരത്തുന്നതിനോ പൊലീസിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല.
ഒരു മാസം മുമ്പ് അന്തർസംസ്ഥാന തൊഴിലാളിയുടെ മകളെ മാർക്കറ്റിൽ കൊണ്ടുവന്ന് പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതി അസ്ഫാഖ് ആലം മാർക്കറ്റ് പ്രദേശത്ത് തമ്പടിച്ചിരുന്നയാളാണ്. പോക്സോ ആക്ട് അടക്കം കേസുകളുള്ള ഇയാൾ ജാമ്യത്തിലിറങ്ങി മുങ്ങിയാണ് ഇവിടെ സ്വതന്ത്രമായി കഴിഞ്ഞിരുന്നത്.
ബസ്സ്റ്റാൻഡ് കേന്ദ്രീകരിച്ചും അക്രമികൾ താവളമുറപ്പിച്ചിട്ടുണ്ട്. സ്റ്റാൻഡ് സാമൂഹികവിരുദ്ധരുടെയും ലഹരിസംഘങ്ങളുടെയും ഗുണ്ടകളുടെയും നിയന്ത്രണത്തിലായിട്ട് കാലങ്ങളായി. സന്ധ്യയായാൽ ഇവിടേക്ക് കടന്നുചെല്ലാനാവാത്ത അവസ്ഥയാണ്. പകൽ സമയങ്ങളിൽപോലും ലഹരി ഉപയോഗിച്ച് സ്റ്റാൻഡിലടക്കം അത്തരം യാചകരും നാടോടികളും പരാക്രമങ്ങൾ കാണിക്കാറുണ്ട്. സ്ത്രീകളടക്കം ഈ സംഘത്തിലുണ്ട്.
മദ്യ, മയക്കുമരുന്ന്, ഭിക്ഷാടന, ക്വട്ടേഷൻ മാഫിയ മേൽപാലത്തിന്റെ അടിവശവും ബസ് സ്റ്റാൻഡും താവളമാക്കുന്നത് അറിയാമെങ്കിലും നടപടിയെടുക്കാൻ അധികാരികൾ തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. മാർക്കറ്റ് പരിസരം, അടിപ്പാത, ബസ്സ്റ്റാൻഡ് തുടങ്ങിയ പ്രദേശങ്ങളിൽ കവർച്ചയും മോഷണവും പതിവാണ്. റെയിൽവേ സ്റ്റേഷൻ, ജില്ല ആശുപത്രി കവല, കെ.എസ്.ആർ.ടി.സി പരിസരം, റെയിൽവേ ഗുഡ്സ് ഷെഡ് പരിസരം, എം.ജി ടൗൺ ഹാൾ പരിസരം തുടങ്ങിയ പ്രദേശങ്ങളിലും ഇത്തരം സംഘങ്ങൾ വിളയാടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.