ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്: നിർമാണം ഇഴയുന്നു; ഉദ്ഘാടനം വൈകും
text_fieldsആലുവ: നവീകരണം ഇഴഞ്ഞുനീങ്ങിയതോടെ ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടനം വീണ്ടും വൈകും. മുൻ നിശ്ചയിച്ചിരുന്ന സമയത്തിനും രണ്ട് മാസം വൈകിയായിരിക്കും ഉദ്ഘാടനം നടക്കുക.
നിർമാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന് അൻവർ സാദത്ത് എം.എൽ.എയുടെ സാന്നിധ്യത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് ഉദ്ഘാടനം വീണ്ടും നീളുമെന്ന തീരുമാനമുണ്ടായത്. ജനപ്രതിനിധികൾ, കെ.എസ്.ആർ.ടി.സി, പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥർ, കരാറുകാരൻ എന്നിവരുടെ സംയുക്ത യോഗമാണ് കൂടിയത്. ജൂൺ 14 ന് ചേർന്ന യോഗത്തിൽ ഡിസംബർ ആദ്യവാരത്തിൽ ഉദ്ഘാടനം നടത്താമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകിയിരുന്നു.
എന്നാൽ, ജോലികൾ ഈ സമയത്ത് തീരുകയില്ലെന്ന് മനസിലാക്കിയ സാഹചര്യത്തിലാണ് എം.എൽ.എ വീണ്ടും യോഗം വിളിച്ചത്. വീഴ്ച വരുത്തിയ കെ.എസ്.ആർ.ടി.സി, പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥർ, കരാറുകാരൻ എന്നിവരെ എം.എൽ.എ യോഗത്തിൽ വിമർശിച്ചു. സ്റ്റാൻഡിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം നീക്കമെന്ന വാഗ്ദാനം കെ.എസ്.ആർ.ടി.സി ഒന്നരമാസം താമസിപ്പിച്ചത് പണി തീർക്കുന്നതിന് തടസമായെന്ന് യോഗം വിലയിരുത്തി.
അപ്രതീക്ഷിതമായി പെയ്ത കനത്ത മഴ സമയ നഷ്ടമുണ്ടാക്കിയതായി പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥരും കരാറുകാരനും യോഗത്തിൽ അറിയിച്ചു. ഈ പ്രത്യേക സാഹചര്യത്തിൽ ബാക്കിയുള്ള നിർമ്മാണ ജോലികൾ തീർക്കുന്നതിന് രണ്ട് മാസത്തെ സമയം കൂടിവേണമെന്നും 2024 ജനുവരി 30 ന് ജോലികൾ തീർക്കാമെന്നും പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥരും കരാറുകാരനും ഉറപ്പു നൽകി.
ഈ ആവശ്യം യോഗം ചർച്ച ചെയ്ത് ജനുവരി 30 വരെ സമയം നീട്ടി നൽകാൻ ഐക്യകണ്ഠേന തീരുമാനിക്കുകയായിരുന്നു. 15 ദിവസം കൂടുമ്പോൾ ഉദ്യോഗസ്ഥ തലത്തിലും ഒരുമാസം കഴിയുമ്പോൾ എം.എൽ.എയുടെ സാന്നിധ്യത്തിൽ ജനപ്രതിനിധികളുൾപ്പെടെയുള്ളവരെ ഉൾക്കൊള്ളിച്ചും യോഗം ചേർന്ന് പുരോഗതി വിലയിരുത്തും.
ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ, വാർഡ് കൗൺസിലർ പി.പി. ജയിംസ്, പി.ഡബ്ല്യൂ.ഡി ചീഫ് എഞ്ചിനീയർ എൽ. ബീന, സൂപ്രണ്ടിങ്ങ് എഞ്ചിനീയർ ശ്രീമാല, എക്സി. എഞ്ചിനീയർ ജെസ്സി ജോഷ്വ, അസി. എക്സി എഞ്ചിനീയർ കെ.ആർ.ബിനു, അസി. എഞ്ചിനീയർ എ. അസീം, കെ.എസ്.ആർ.ടി.സി സോണൽ ഓഫിസർ കെ.പി. സെബി, ക്ലസ്റ്റർ ഓഫിസർ റോയ് ജേക്കബ്, എ.ടി.ഒ കെ.ജി.ജയകുമാർ, യൂനിയൻ നേതാക്കളായ ആർ. പ്രദീപ് കുമാർ, എ.വി. വിപിൻ, പി.വി. അനിൽ കുമാർ, ജി. മുരളീകൃഷ്ണൻ, കെ.സി.സോജൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.