ആലുവ മാർക്കറ്റ് നവീകരണം: വ്യാപാരികളിൽനിന്ന് പിരിച്ച ലക്ഷങ്ങൾ എവിടെ?
text_fieldsആലുവ: ആലുവ മാർക്കറ്റ് നവീകരണത്തിനായി നഗരസഭ സമാഹരിച്ച പണം സംബന്ധിച്ച ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യമുയരുന്നു. മാർക്കറ്റിലെ കെട്ടിടങ്ങൾ പൊളിച്ച് പുതിയത് പണിയാൻ 2014 ആഗസ്റ്റ് 29നാണ് കല്ലിട്ടത്. പുതിയ കെട്ടിടത്തിൽ ഇടം നൽകാമെന്ന വാഗ്ദാനത്തോടെ വ്യാപാരികളിൽനിന്ന് മൂന്നുലക്ഷം രൂപ മുതൽ സമാഹരിച്ചിരുന്നു. ഒമ്പതു വർഷമായിട്ടും പദ്ധതി പ്രഖ്യാപനത്തിൽ ഒതുങ്ങിയിരിക്കുകയാണ്. അതിനിടെ പദ്ധതിയുടെ രൂപരേഖയടക്കം കാര്യങ്ങൾക്ക് വലിയ തുക പലപ്പോഴായി ചെലവായിട്ടുമുണ്ട്.
എന്നാൽ, വ്യാപാരികളിപ്പോഴും പെരുവഴിയിലാണ്. അതിനിടെ വ്യാപാരികളിൽനിന്ന് സമാഹരിച്ച പണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകനായ ഖാലിദ് മുണ്ടപ്പിള്ളി കലക്ടർ, എറണാകുളം സെൻട്രൽ സോൺ വിജിലൻസ് സൂപ്രണ്ട്, ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ എന്നിവർക്ക് പരാതി സമർപ്പിച്ചു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ മാർക്കറ്റ് നിർമാണത്തിന് ഒരു കോടി രൂപ അൻവർ സാദത്ത് എം.എൽ.എ അനുവദിച്ചതായി നഗരസഭ ചെയർമാൻ എം.ഒ. ജോൺ പ്രഖ്യാപിച്ചെന്ന് പരാതിയിൽ ആരോപിക്കുന്നു. ആ ഒരു കോടിരൂപയും പിന്നെ തരുന്ന തുകയും കൂട്ടി ഈ ആലുവ മാർക്കറ്റ് താൻ പണിയുമെന്നും എം.ഒ. ജോൺ പ്രഖ്യാപിച്ചു. ഇതിന്റെ വിഡിയോ ക്ലിപ്പ് പരാതിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. രണ്ട് വർഷം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചിട്ടില്ല.
ഇപ്പോഴത്തെ നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഈ പണത്തെ പറ്റി ഒന്നും മിണ്ടുന്നില്ല. എം.എൽ.എ അനുവദിച്ച ഒരു കോടി രൂപയുടെ വിശദവിവരങ്ങൾ സർക്കാർ സുതാര്യമായ ഒരു അന്വേഷണം നടത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നു. കച്ചവടക്കാരിൽനിന്ന് 90 ലക്ഷം പിരിച്ചുവെന്നാണ് അറിയുന്നത്. എന്നാൽ, ഒമ്പതുകൊല്ലമായി തങ്ങളുടെ ജീവിത മാർഗം നഷ്ടപ്പെട്ട് ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്ന കച്ചവടക്കാരുടെ പ്രശ്നങ്ങൾക്ക് നഗരസഭ ഇതേവരെ ഒരു പരിഹാരവും ഉണ്ടായിട്ടില്ല. സർക്കാർ ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.