സ്വകാര്യ ബസ്സ്റ്റാൻഡിൽ മിനി ഷോപ്പിങ് കോംപ്ലക്സ് പദ്ധതിയുമായി ആലുവ നഗരസഭ
text_fieldsആലുവ: സ്വകാര്യ ബസ് സ്റ്റാൻഡിൽ മിനി ഷോപ്പിങ് കോംപ്ലക്സ് പദ്ധതിയുമായി നഗരസഭ. നഗരസഭയുടെ വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ കെട്ടിടം പണിയുന്നത്. ഇതിലൂടെ സ്റ്റാൻഡിൽ വെറുതെ കിടക്കുന്ന സ്ഥലങ്ങളും ഉപകാരപ്പെടുത്താനാവും. ആറ് മാസത്തിനകം നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശം. തുടർന്ന് മുറികൾ ലേലം ഉറപ്പിച്ചവർക്ക് കൈമാറും.
സിവിൽ വർക്കുകൾക്ക് 85 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഇലട്രിക്കൽ, പ്ലംബിങ് ജോലികൾക്കായി 15 ലക്ഷം വേണ്ടിവന്നാലും സമയബന്ധിതമായി കെട്ടിടം പൂർത്തിയാക്കിയാൽ ഡെപ്പോസിറ്റ് തുകയിൽ അര കോടിയിലേറെ നഗരസഭക്ക് നീക്കിയിരിപ്പുണ്ടാകും. മെട്രോ സ്റ്റേഷനിൽനിന്നും മാർക്കറ്റിൽനിന്നും ആളുകൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നിടത്താണ് നിർദ്ദിഷ്ട കടമുറികൾ പണിയുന്നത്.
ഇതിനിടെ കോംപ്ലക്സിലെ മുറികളുടെ ലേലവും ആരംഭിച്ചു. കഴിഞ്ഞ ദിവസം നടന്ന ലേലത്തിൽ ആകെയുള്ള 40 മുറികളിൽ 14 എണ്ണത്തിന്റെ ലേലം ഉറപ്പിച്ചു. അവശേഷിക്കുന്ന മുറികൾക്കായുള്ള പുനർലേലം ഉടൻ നടക്കും.
അഞ്ച്,15, 25, 35 നമ്പർ മുറികൾ പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിനാണ്. 80 ചതുരശ്ര അടി വിസ്തീർണമുള്ള കോൺക്രീറ്റ് മുറികൾ നഗരസഭ നിർമിക്കും. ഒന്നര മീറ്റർ വീതിയിൽ വരാന്തയുണ്ടാകും. നാല് ലക്ഷം രൂപ റീഫണ്ടബിൾ ഡെപ്പോസിറ്റും പ്രതിമാസം 6,000 രൂപ വാടകയുമാണ്. എസ്.സി, എസ്.ടി വിഭാഗത്തിന് മൂന്ന് മാസത്തെ വാടകയാണ് ഡെപ്പോസിറ്റ്.
ലേലത്തിൽ പങ്കെടുക്കുന്നതിന് മുമ്പായി ഒരു ലക്ഷം രൂപ നഗരസഭയിൽ അടച്ച് രസീത് ഹാജരാക്കണം. ലേലം ഉറപ്പിച്ചാൽ ഡെപ്പോസിറ്റ് തുകയുടെ മൂന്നിൽ ഒരു ഭാഗത്തിന്റെ അവശേഷിക്കുന്ന തുകയായ 35,000 രൂപ കൂടി ലേല ദിവസം തന്നെ അടക്കണം.
അവശേഷിക്കുന്ന ഡെപ്പോസിറ്റ് തുക നഗരസഭ കെട്ടിടം നിർമിച്ച് കൈമാറുന്നതിന് മുമ്പായി അടക്കണം. എസ്.സി, എസ്.ടിക്കാർക്കായി സംവരണം ചെയ്ത മുറികൾ അപേക്ഷകരുടെ പേരുകൾ നറുക്കിട്ടായിരിക്കും തെരഞ്ഞെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.