ടാറിങ്ങ് വൈകുമെന്ന് മന്ത്രി; ആലുവ - മൂന്നാർ റോഡിലെ ദുരിതയാത്ര തുടരും
text_fieldsആലുവ: ആലുവ - മൂന്നാർ റോഡിലെ ദുരിതയാത്ര അവസാനിക്കാൻ ഇനിയും കാലമെടുക്കും. റോഡിൽ ടാറിങ്ങ് വൈകുമെന്ന സൂചനയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി നൽകിയിട്ടുള്ളത്. ജൽ ജീവൻ പണികൾ വൈകുന്നതിനെ കുറിച്ചും റോഡിൻ്റെ തകർച്ചയെ കുറിച്ചും നിയമസഭയിൽ അൻവർ സാദത്ത് എം.എൽ.എ ഉന്നയിച്ച സബ്‌മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. ജൽ ജീവൻ പദ്ധതിക്കായി പൈപ്പിട്ട് പ്രഷർ ടെസ്റ്റ് ചെയ്ത റോഡുകളിൽ മാത്രമേ ടാറിടാൻ സാധിക്കുകയുള്ളുവെന്ന് മന്ത്രി പറഞ്ഞു.
ഇതുമൂലം സാങ്കേതികമായ കാലതാമസം അനിവാര്യമാണെന്നും മന്ത്രി സഭയിൽ സബ് മിഷനു മറുപടി നൽകി. ജലജീവൻ മിഷൻ പദ്ധതിയിൽ കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്നതിന് പി.ഡബ്ല്യൂ.ഡി റോഡുകളും, പഞ്ചായത്തു റോഡുകളും വാട്ടർ അതോറിറ്റിക്ക് കൈമാറിയിരുന്നു. ജലജീവൻ പദ്ധതിയിൽ പൈപ്പിടൽ സമയബന്ധിതമായി പൂർത്തിയാക്കി റോഡുകൾ പി.ഡബ്ല്യൂ.ഡിക്കും, പഞ്ചായത്തിനും യഥാസമയം കൈ മാറണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, മൂന്നാർ റോഡിൽ ജലജീവൻ പദ്ധതിയിലെ പൈപ്പിടുന്നതിന് കുഴിയെടുത്തതോടുകൂടി ടാർ ചെയ്യാത്തതുമൂലം വാഹന ഗതാഗതത്തിനും, കാൽ നടക്കാർക്കും സുഗമമായി സഞ്ചരിക്കുവാൻ സാധിക്കാതെ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
വാഹനാപകടങ്ങൾ സംഭവിച്ച് യാത്രക്കാർക്ക് ഗുരുതരമായ പരിക്കുപറ്റുന്നത് നിത്യ സംഭവമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ എത്രയും വേഗം വാട്ടർ അതോറിറ്റി പൈപ്പിടൽ പൂർത്തിയാക്കി ഈ റോഡുകൾ പി.ഡബ്ല്യൂ.ഡിക്കും പഞ്ചായത്തിനും കൈമാറി ടാർ ചെയ്തു അടിയന്തിരമായി സഞ്ചാരയോഗ്യമാക്കേണ്ടതുണ്ട്. ഇക്കാര്യമാണ്അൻവർ സാദത്ത് എം.എൽ.എ നിയമസഭയിൽ സബ് മിഷൻ അവതരിപ്പിച്ച് ആവശ്യപ്പെട്ടത്. പൈപ്പിടൽ അനന്തമായി നീട്ടുന്നതിലുള്ള തൻറെ പ്രതിഷേധം എം.എൽ.എ നിയമസഭയിലും മന്ത്രിയെ നേരിട്ട് കണ്ടും പറയുകയും ചെയ്തു.
കരാറുകാർക്ക് യഥാസമയം ബില്ലുകൾ പാസ്സാക്കി പണം ലഭിക്കാത്തതും ജലജീവൻ പദ്ധതി താമസിക്കുന്നതിന് ഒരു കാരണമായിട്ടുണ്ട്. സാമ്പത്തിക ഞെരുക്കമുള്ള സാഹചര്യത്തിൽ ഇത്തരം പദ്ധതികൾ ഏറ്റെടുത്തു നടപ്പാക്കണമായിരുന്നോ എന്നും എം.എൽ.എ സഭയിൽ മന്ത്രിയോട് ആക്ഷേപവുമുന്നയിച്ചു. തകർന്ന് കിടക്കുന്ന ആലുവ - മൂന്നാർ റോഡിൻറെ കാര്യം പ്രത്യേകം പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.