ജ്വല്ലറിയിൽ വീണ്ടും മോഷണശ്രമം; 25 വർഷത്തിനിടെ ഏഴാം തവണ
text_fieldsചെങ്ങമനാട്: ജ്വല്ലറിയിൽ മാരകായുധങ്ങളുമായെത്തി മൂന്നംഗ സംഘത്തിന്റെ മോഷണശ്രമം. ഒരുമണിക്കൂറിലേറെ ശ്രമിച്ചിട്ടും ജ്വല്ലറിക്ക് അകത്ത് കയറാനോ മോഷണം നടത്താനോ കഴിഞ്ഞില്ല. ചെങ്ങമനാട് മഹിമ ജ്വല്ലറിയുടെ പിൻഭാഗത്തെ ഷട്ടർ കുത്തിത്തുറന്നാണ് മോഷണശ്രമം നടന്നത്. കഴിഞ്ഞ 25 വർഷത്തിനിടെ ഏഴാം തവണയാണ് ഈ ജ്വല്ലറിയിൽ മോഷണശ്രമം നടക്കുന്നത്. ചൊവ്വാഴ്ച രാത്രി 12.45ഓടെയാണ് ഒടുവിലത്തെ സംഭവം.
കാലടി പിരാരൂർ സ്വദേശി ജോണിയുടെ ഉടമസ്ഥതയിൽ 1997ലാണ് ജ്വല്ലറി പ്രവർത്തനമാരംഭിച്ചത്. തുടങ്ങി രണ്ട് വർഷമായപ്പോഴായിരുന്നു ആദ്യ മോഷണശ്രമം. അന്നും പിൻഭാഗത്തെ ഷട്ടർ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. ജനറേറ്ററിന്റെ ബാറ്ററിയും പഴയ വെള്ളി ആഭരണങ്ങളും കുറച്ച് പണവുമാണ് നഷ്ടപ്പെട്ടത്. തുടർന്നാണ് ഭിത്തി കോൺക്രീറ്റ് ചെയ്തത്. ഇരുവശത്തും സി.സി ടി.വി കാമറയും ബൾബും സ്ഥാപിച്ചു. പിന്നീട് നടന്ന ആറ് മോഷണശ്രമങ്ങളിലും സംഘത്തിന് ജ്വല്ലറിയുടെ അകത്ത് കയറാൻ കഴിഞ്ഞില്ല. പിൻഭാഗത്ത് സ്വർണപ്പണിക്കാരന്റെ ചെറിയ മുറിയുടെ ഷട്ടർ കുത്തിത്തുറന്നാണ് എല്ലാ തവണയും മോഷണശ്രമം. മോഷ്ടാക്കളുടെ ദൃശ്യം സി.സി ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. ടവൽകൊണ്ട് മുഖംമറച്ച മോഷ്ടാവാണ് ആദ്യം ഷട്ടറിനടുത്തെത്തുന്നത്.
ബൾബ് പ്രകാശിക്കുന്നതിനാൽ സഹായിയെ കൂട്ടാൻ മടങ്ങി. തുടർന്ന് മുഖം മറച്ച മറ്റൊരാളും കൂടിയെത്തി ബൾബ് നീക്കി. അപ്പോഴാണ് കാമറ ശ്രദ്ധയിൽപെടുന്നത്. അതോടെ മൂന്നാമനും എത്തി കത്തിയും മറ്റും ഉപയോഗിച്ച് ഇരുവശത്തെയും കാമറകൾ തിരിച്ചുവെച്ചു. ഷട്ടർ കുത്തിത്തുറന്നെങ്കിലും സ്വർണപ്പണിക്കാരന്റെ മുറിയിൽ കടക്കാനേ കഴിഞ്ഞുള്ളൂ. ഒടുവിൽ മോഷണശ്രമം ഉപേക്ഷിച്ച് സംഘം മടങ്ങുകയായിരുന്നു. 15 വർഷമായി ജ്വല്ലറിയിൽ ജോലി ചെയ്യുന്ന കുമ്പിടി സ്വദേശി രാജേഷ് ബുധനാഴ്ച രാവിലെ 9.30ഓടെ പിൻഭാഗത്തെ മുറിയിലെത്തിയപ്പോഴാണ് മോഷണശ്രമം ശ്രദ്ധയിൽപെടുന്നത്. ഉടൻ ഉടമയെയും മകനെയും അറിയിച്ചു.
ചെങ്ങമനാട് ഇൻസ്പെക്ടർ സോണി മത്തായിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാക്കൾ ഉപേക്ഷിച്ചതായി സംശയിക്കുന്ന കമ്പിപ്പാരയും പിക്കാസും കുറ്റിക്കാട്ടിൽനിന്ന് കണ്ടെടുത്തു. രാത്രി പൊലീസ് പട്രോളിങ് കാര്യക്ഷമമാക്കണമെന്ന് ചെങ്ങമനാട് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.എസ്. മുരളി, സെക്രട്ടറി ടി.ഡി. സുബ്രഹ്മണ്യൻ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.