സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല; ആലുവയിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം
text_fieldsആലുവ: ടൗണിൽ രാപ്പകൽ വ്യത്യാസമില്ലാതെ സാമൂഹികവിരുദ്ധരുടെയും മദ്യപാനികളുടെയും വിളയാട്ടം. ഇവരുടെ ശല്യംമൂലം യാത്രക്കാരായ സ്ത്രീകൾക്കും വിദ്യാർഥികൾക്കും സുരക്ഷിതത്വമില്ലാതായി. ബസ് കാത്തുനിൽക്കുന്നവരടക്കമുള്ള സ്ത്രീകൾക്കുനേരെ മദ്യലഹരിയിൽ അസഭ്യം പറയുന്നതടക്കം പതിവായിട്ടുണ്ട്. കഴിഞ്ഞ രാത്രി ഇത്തരത്തിൽ അന്തർസംസ്ഥാന തൊഴിലാളി സ്ത്രീയെ അസഭ്യം പറഞ്ഞിരുന്നു.
സാമൂഹികവിരുദ്ധരെ നിയന്ത്രിക്കാൻ നടപടിയുണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി രൂപംനൽകിയ പിങ്ക് പൊലീസ് നോക്കുകുത്തിയായതായാണ് നാട്ടുകാർ ആരോപിക്കുന്നത്.സ്വകാര്യ ബസ് സ്റ്റാൻഡ്, സിവിൽ സ്റ്റേഷൻ റോഡ്, എസ്.എൻ.ഡി.പി സ്കൂൾ, റെയിൽവേ ലെയിൻ പരിസരം, റെയിൽവേ സ്റ്റേഷൻ മുതൽ ജില്ല ആശുപത്രി, റെയിൽവേ ഓവർ ബ്രിഡ്ജ്, ഗാന്ധി സ്ക്വയർ, മണപ്പുറം നടപ്പാലം എന്നിവിടങ്ങൾ സാമൂഹികവിരുദ്ധരുടെ കേന്ദ്രമായി മാറി. ഇവിടങ്ങളിൽ ഗുണ്ടകളും പിടിച്ചുപറിക്കാരും വിലസുന്നുണ്ട്.
ഇവരുടെയെല്ലാം പിന്നിൽ മയക്കുമരുന്ന് മാഫിയകളാണ്. ബിവറേജസ് ഷോപ്പിൽനിന്ന് മദ്യം വാങ്ങുന്ന സംഘങ്ങൾ സമീപത്തെ വഴികളിലും മറ്റുമിരുന്നാണ് മദ്യം കഴിക്കുന്നത്. ജനവാസ കേന്ദ്രത്തിലാണ് ബിവറേജസ് ഷോപ് പ്രവർത്തിക്കുന്നത്. ഇതിനെതിരെ പരിസരവാസികൾ പലതവണ പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.