ആലുവ മെട്രോ സ്റ്റേഷനിൽ ഓട്ടോ ഡ്രൈവർമാരുടെ അഴിഞ്ഞാട്ടം; ഉബർ ഡ്രൈവർക്ക് മർദനം
text_fieldsആലുവ: മെട്രോ സ്റ്റേഷന് മുന്നിൽ ഓട്ടോ ഡ്രൈവർമാരുടെ അഴിഞ്ഞാട്ടം. യാത്രക്കാരെ കയറ്റാനെത്തിയ ഉബർ ഓട്ടോ ഡ്രൈവറെ ഓട്ടോറിക്ഷക്കാർ സംഘം ചേർന്ന് മർദിച്ചു. ഗുരുതര പരിക്കേറ്റ ഉബർ ഡ്രൈവർ കുന്നത്തേരി സ്വദേശി ഷാജഹാൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇയാളുടെ സഹോദരി ജാസ്മി ആലുവ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് മർദിച്ച മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ ഒളിവിലാണെന്നാണ് അറിയുന്നത്.
രണ്ടുദിവസം മുമ്പുണ്ടായ സംഭവത്തിന്റെ വിഡിയോ പ്രചരിച്ചിരുന്നെങ്കിലും പൊലീസിൽ പരാതിയൊന്നും ലഭിച്ചിരുന്നില്ല. എങ്കിലും പൊലീസ് സ്വമേധയാ അന്വേഷണം ആരംഭിച്ചിരുന്നു. വീണ്ടും ആക്രമിക്കപ്പെടുമെന്ന ഭയത്താലാണ് ഷാജഹാൻ ഇക്കാര്യം ആരോടും പറയാതിരുന്നത്. എന്നാൽ, പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും രക്തം ഛർദിക്കുകയും ചെയ്തതോടെയാണ് ബന്ധുക്കൾ വിവരം അറിഞ്ഞതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും.
നഗരസഭയുടെയോ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെയോ അംഗീകാരങ്ങളൊന്നുമില്ലാതെ ചില അനധികൃത ഓട്ടോറിക്ഷക്കാരാണ് ഇവിടെ ഓടുന്നത്. സർവിസ് റോഡിലെ സുഗമമായ ഗതാഗതത്തിന് തടസ്സം വരുത്തുന്ന രീതിയിൽ തോന്നിയപോലെ റോഡിന്റെ ഇരുവശത്തും ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നുണ്ട്.
മെട്രോ സ്റ്റേഷനിൽ യാത്രക്കാരുമായി വരുന്നതും യാത്രക്കാരെ തിരികെ കൊണ്ടുപോകാനുള്ളതുമായ വാഹനങ്ങൾക്കും ഇവർ തലവേദനയാണ്. ചില യൂനിയൻ ഒത്താശയോടെ നടക്കുന്ന അനധികൃത ഓട്ടോ സ്റ്റാൻഡിന് അധികാരികൾ ഒത്താശ ചെയ്യുന്നതായി നേരത്തേ ആക്ഷേപമുണ്ട്. ഈ ബലത്തിലാണ് ഡ്രൈവർമാർ ഗുണ്ടായിസം നടത്തുന്നത്.
യൂനിയൻ നേതാക്കളുടെ സഹകരണത്തോടെ മെട്രോ സ്റ്റേഷൻ തുടങ്ങിയ സമയത്ത് വിവിധ നാടുകളിൽനിന്ന് നിരവധി ഓട്ടോറിക്ഷകൾ സ്റ്റേഷന് മുന്നിൽ നിരത്തിയിട്ട് ഓടിയിരുന്നു. എന്നാൽ, ഇത് ഗതാഗത തടസ്സമുണ്ടാക്കുകയും വർഷങ്ങളായി സ്റ്റേഷന് സമീപത്ത് വിവിധ സ്റ്റാൻഡുകളിലായി ഓട്ടോ ഓടിക്കുന്നവരുടെ എതിർപ്പിനിടയാക്കുകയും ചെയ്തിരുന്നു.
നഗരത്തിൽനിന്ന് ദേശീയപാതയിലേക്കുള്ള വാഹനങ്ങളെല്ലാം മെട്രോ സ്റ്റേഷന് മുന്നിലുള്ള സർവിസ് റോഡിലൂടെയാണ് പോകുന്നത്. സ്റ്റേഷനിലെത്തുന്ന ബസ് അടക്കമുള്ള വലിയ വാഹനങ്ങളും ഇവിടെയുണ്ടാകും. ഓട്ടോകൾ പാർക്ക് ചെയ്യുന്നതിനാൽ വലിയ വാഹനങ്ങൾ നടുറോഡിൽ നിർത്തിയാണ് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. ഇത് മെട്രോ യാത്രക്കാർക്ക് ദുരിതമാകുന്നു. റോഡിൽ ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.