മാർക്കറ്റ് മേൽപ്പാലത്തിനടിയിലെ പാർക്കിങ് ഏരിയയിൽ ഓട്ടോറിക്ഷ - ലോറി ഡ്രൈവർമാരുടെ കൈയ്യേറ്റം
text_fieldsആലുവ: മാർക്കറ്റ് മേൽപ്പാലത്തിനടിയിലെ പാർക്കിങ് ഏരിയയിൽ ഓട്ടോറിക്ഷ - ലോറി ഡ്രൈവർമാരുടെ കൈയ്യേറ്റം. പാർക്കിങ് ഏരിയകൾ അനധികൃതമായി കൈയ്യടക്കിയതോടെ സാധാരണക്കാരന് വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാതായി. നേരത്തെ ലോറികൾ വ്യാപകമായി രാപകൽ പാർക്ക് ചെയ്തിരുന്ന വടക്കുഭാഗത്തെ പ്രദേശങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ പേ ആൻറ് പാർക്ക് ആക്കി മാറ്റിയിരിക്കുകയാണ്. ഇതും അനധികൃതമാണെന്ന് ആക്ഷേപമുണ്ട്.
ദേശീയപാതയിലെ മേൽപ്പാലങ്ങൾക്ക് കീഴെ മറ്റൊരിടത്തും ഇല്ലാത്ത പിരിവിനാണ് ആലുവയിൽ ഇതിലൂടെ തുടക്കമിട്ടത്. മെട്രോ സർവീസ് ആരംഭിച്ചതോടെയാണ് ബൈപ്പാസ് കവല, മാർക്കറ്റ്, സീമാസ് ഭാഗങ്ങളിലെ ഓട്ടോറിക്ഷകൾ മേൽപ്പാലത്തിനടിയിലെ വിവിധ ഭാഗങ്ങൾ കൈയ്യടക്കിയത്. മാർക്കറ്റിന് മുൻശത്തെ ഭാഗം ഗുഡ്സ് - മിനി ലോറികളും കൈവശപ്പെടുത്തി. എതിർപ്പ് ഉയരാതിരുന്നതിനാൽ മേൽപ്പാലത്തിനടിയിലേക്ക് വാഹനങ്ങൾ പ്രവേശിക്കാൻ ഇരുവശത്തുമായി ഉണ്ടായിരുന്ന വഴികളിൽ ഒന്ന് വീതം ഇരുമ്പ് ചങ്ങലയിട്ട് പൂട്ടി. 25ൽ താഴെ ഓട്ടോറിക്ഷകളുള്ള രണ്ട് സ്റ്റാൻഡുകളാണുള്ളത്. രണ്ടിടത്തും 100ഓളം ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യാം. ഒരേസമയം രണ്ടിടത്തും 10ൽ കൂടുതൽ ഓട്ടോറിക്ഷകൾ ഉണ്ടാകാറില്ല. എന്നിട്ടും ഇത്രയേറെ സ്‌ഥലം കൈവശപ്പെടുത്തിയിരിക്കുന്നത് യൂനിയൻ - രാഷ്ട്രീയ നേതൃത്വങ്ങളുടെ പിന്തുണയോടെയാണ്. മെട്രോ സ്‌റ്റേഷനോട് ചേർന്നുള്ള ഭാഗത്തെ ആദ്യ പാർക്കിങ് കേന്ദ്രത്തിൽ നേരത്തെ ഒരു നിര ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു. പാർക്കിങ് ഫീസ് പിരിക്കാൻ കരാർ നൽകിയതോടെ, കരാറുകാരൻറെ താത്പര്യപ്രകാരം ഇവിടെ ഓട്ടോറിക്ഷ ഡ്രൈവർമാർ ചേർന്ന് ഇരുചക്ര വാഹന പാർക്കിങ് തടഞ്ഞു. ഇതിനായി കരാറുകാരൻറെ നേതൃത്വത്തിൽ ഇരുമ്പ് ചങ്ങലയും സ്ഥാപിച്ച് കൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.